കേപ് ടൗണില്‍ അടിച്ചുപൊളിച്ച് കോഹ്ലിയും അനുഷ്‌കയും; ശിഖര്‍ ധവാന്റെ നൃത്തച്ചുവടുകളോട് മത്സരിക്കാന്‍ കഷ്ടപ്പെടുന്ന അനുഷ്‌കയുടെ വീഡിയോ വൈറല്‍; ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളും സൂപ്പര്‍ഹിറ്റ്

Date : January 5th, 2018

വിവാഹത്തിനുശേഷം അവസരം കിട്ടുമ്പോഴൊന്നും ആഘോഷങ്ങള്‍ മാറ്റി വയ്ക്കാറില്ല അനുഷ്‌കയും കോഹ്ലിയും. ദക്ഷിണാഫ്രിക്കയില്‍ എത്തിയിട്ടും ദമ്പതികള്‍ ടീമംഗങ്ങള്‍ക്കൊപ്പം സായന്തനങ്ങള്‍ തെരുവുകളില്‍ തിമിര്‍ക്കുകയാണ്. കേപ് ടൗണില്‍ സഹതാരം ശിഖര്‍ ധവാനൊപ്പമുള്ള ചിത്രങ്ങള്‍ കോഹ്ലി പങ്കു വച്ചെങ്കില്‍ അനുഷ്‌കയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും കേപ്ടൗണിലെ തെരുവില്‍ നൃത്തം ചെയ്യുന്ന വീഡിയോ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോഹ്‌ലിയോടൊപ്പം ദക്ഷിണാഫ്രിക്കയിലെത്തിയ ഭാര്യയും ബോളിവുഡ് സുന്ദരിയുമായ അനുഷ്‌ക ശര്‍മ്മയുടെ ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

അനുഷ്‌കയുമായുള്ള വിവാഹശേഷം കോഹ്‌ലി പങ്കെടുക്കുന്ന ആദ്യത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം. ഒന്നാം ടെസ്റ്റിനു മുമ്പ് അവധിക്കാലം ശരിക്കും അടിച്ചുപൊളിക്കുകയാണ് ഈ താര ദമ്പതികള്‍. മൂന്നു ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്നു ടി20 കളുമടങ്ങുന്നതാണ് ജനുവരി അഞ്ചു മുതല്‍ കേപ് ടൗണില്‍ ആരംഭിക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം.