അടിമുടി മാറ്റവുമായി ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് പിഴച്ചില്ല; ഹ്യൂമേട്ടന്റെ ഹാട്രിക്കില്‍ ഡല്‍ഹിയെ ചാരമാക്കി മഞ്ഞപ്പടയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

Date : January 11th, 2018

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ നാലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗംഭീര തിരിച്ചുവരവ്.തന്റെ കാലം കഴിഞ്ഞു; വയസനായി എന്നൊക്കെ വിമര്‍ശിച്ചവര്‍ക്കു മുഖമടച്ചുള്ള പ്രഹരമായിരുന്നു ഇന്നലെ ഇയാന്‍ ഹ്യൂം നല്‍കിയത്. ഒരു തവണയല്ല, എണ്ണം പറഞ്ഞു മൂന്നു തവണ. ആ മൂന്നു ഷോട്ടുകള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉണര്‍ത്തുപാട്ടുമായി. ഇന്നലെ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹ്യൂമിന്റെ മിന്നുന്ന ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഡല്‍ഹിയെ തകര്‍ത്തത്.

മത്സരത്തിന്റെ 12, 78, 83 മിനിറ്റുകളില്‍ വലകുലുക്കി ഹാട്രിക് തികച്ചാണ് ഹ്യൂം ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയനായകനായത്. സീസണില്‍ ഇതാദ്യമായാണ് ഹ്യൂം സ്‌കോര്‍ ചെയ്യുന്നത്. ഐ.എസ്.എല്‍. ചരിത്രത്തിലെ മൂന്നാം ഹാട്രിക്കും. പ്രീതം കോട്ടലാണ് ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ ഒമ്പതു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും അഞ്ചു സമനിലകളുമായി 11 പോയിന്റോടെ ആറാം സ്ഥാനത്തേക്കുയരാനും ബ്ലാസ്‌റ്റേഴ്‌സിനായി.

ബ്ലാസ്‌റ്റേഴ്‌സും ആരാധകരും കൊതിച്ചിരുന്ന ഗോള്‍ പിറന്നത് മത്സരത്തിന്റെ 12-ാം മിനിറ്റില്‍. സീസണില്‍ ആദ്യമായി സ്‌കോര്‍ ചെയ്ത് ഇയാന്‍ ഹ്യൂം ആരാധകരുടെ പ്രതീക്ഷ കാത്തെങ്കിലും ഗോളിന്റെ ക്രെഡിറ്റ് മുഴുവന്‍ ഘാന മധ്യനിര താരം കറേജ് പെക്കൂസണാണ്. ഇടതുവിങ്ങില്‍ക്കൂടി വെടിയുണ്ട കണക്കെ പന്തുമായി ചീറിപ്പാഞ്ഞ് പെക്കൂസണ്‍ നല്‍കിയ പാസ് മൂളുനീള ഡൈവിലൂടെ വലയിലേക്കു ഗതിതിരിച്ചു വിടുക മാത്രമേ ഹ്യൂമിന് ചെയ്യാനുണ്ടായിരുന്നുള്ളു.

സ്വന്തം പകുതിയില്‍ നിന്നാണ് പെക്കൂസണ്‍ പന്തുമായി കുതിപ്പ് തുടങ്ങിയത്. സൈഡ്‌ലൈനിനോടു ചേര്‍ന്ന് മുന്നേറിയ ശേഷം ബോക്‌സിനുള്ളിലേക്കു വെട്ടിത്തിരിഞ്ഞ പെക്കൂസണെ തടയാന്‍ രണ്ടു പ്രതിരോധതാരങ്ങളെത്തി. എന്നാല്‍ ഇരുവര്‍ക്കും അഡ്വാന്‍സ് ചെയ്തു വന്ന ഗോള്‍കീപ്പറിനുമിടയിലൂടെ പെക്കൂസണ്‍ കൃത്യമായി ഹ്യൂമിന് പന്തെത്തിച്ചു. ഗ്രൗണ്ടില്‍ നിരങ്ങി വന്ന ഹ്യൂം പന്തുമായി വലയ്ക്കുള്ളില്‍. സ്‌കോര്‍ ഡല്‍ഹി-0 ബ്ലാസ്‌റ്റേഴ്‌സ് -1.

അടുത്ത രണ്ടു ഗോളുകളുടെയും ക്രെഡിറ്റ് ഹ്യൂം മറ്റാര്‍ക്കും നല്‍കിയില്ല. രണ്ടാം പകുതിയില്‍ ഡല്‍ഹിയുടെ നിരന്തര ആക്രമണങ്ങള്‍ക്കിടെ കളിയുടെ ഗതിക്കു വിപരീതമായിട്ടായിരുന്നു ഹ്യും തന്റെയും ടീമിന്റെയും രണ്ടാം ഗോള്‍ നേടിയത്. ഡല്‍ഹി ഹാഫില്‍ ലഭിച്ച ഒരു ത്രോ ഇന്നില്‍ നിന്നായിരുന്നു ഗോള്‍. കറേജ് പെക്കൂസണ്‍ എറിഞ്ഞ പന്ത് രണ്ടു പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞെത്തിയ ഹ്യൂം കാലില്‍ കുരുക്കി ബോക്‌സിനുള്ളിലേക്ക്. ഇടതുവശത്തു നിന്നു ബോക്‌സിലേക്ക് ഓടിക്കയറിയ ഹ്യൂമിനു മുന്നില്‍ രണ്ടു പ്രതിരോധ താരങ്ങളും ഗോളിയും. എന്നാല്‍ മൂവരെയും കാഴ്ചക്കാരാക്കി ഹ്യൂമിന്റെ വലംകാലന്‍ ഷോട്ട് വലയുടെ വലത്തേ മൂലയില്‍.

അഞ്ചു മിനിറ്റിനകം ആരാധകരെ ആവേശത്തിരയിലാറാടിച്ച് ഹ്യൂമിന്റെ ഹാട്രിക്കും പിറന്നു. മാര്‍ക്ക് സിഫ്‌നിയോസ് നീട്ടനല്‍കിയ പന്തുമായി കുതിച്ചു കയറിയ ഹ്യൂം തടയാനെത്തിയ ഡല്‍ഹി ഗോള്‍കീപ്പര്‍ അര്‍ണാബ് ദാസിന്റെ തലയ്ക്കു മുകളിലൂടെ പന്ത് ലോബ് ചെയ്താണ് ഹാട്രിക് പൂര്‍ത്തിയാക്കിയത്. ബ്ലാസ്‌റ്റേഴ്‌സ് വിജയമുറപ്പിച്ച നിമിഷം.

ആദ്യപകുതിയില്‍ ആദ്യ ഗോള്‍ നേടിയ ശേഷം ഡല്‍ഹി ഗോള്‍മുഖത്തേക്ക് കനത്ത ആക്രമണമാണ് ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. ഇടതടവില്ലാത്ത ആക്രമണങ്ങള്‍ക്കിടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് സന്ദര്‍ശനം നടത്താന്‍ പോലും ഡല്‍ഹിക്കായില്ല. ഇതിനിടെ പരുക്കേറ്റ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ദിമിതര്‍ ബെര്‍ബറ്റോവ് പുറത്തുപോയത് ബ്ലാസ്‌റ്റേഴ്‌സ് നീക്കങ്ങള്‍ക്ക് അല്‍പം വേഗതകുറച്ചു. ഇതിനു പിന്നാലെയായിരുന്നു സമനില ഗോള്‍. ബോക്‌സിനു പുറത്ത് ഇടതു വിങ്ങില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഡല്‍ഹി ഒപ്പമെത്തിയത്. റോമിയോ ഫെര്‍ണാണ്ടസ് എടുത്ത് കിക്ക് ഗോള്‍മുഖത്ത് താഴ്ന്നിറങ്ങുമ്പോള്‍ ചാടിയുയര്‍ന്ന് തലവച്ച പ്രീതം കോട്ടലിനു പിഴച്ചില്ല. സ്‌കോര്‍ ഡല്‍ഹി – 1 ബ്ലാസ്‌റ്റേഴ്‌സ് -1.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ പുനെയ്‌ക്കെതിരേ ഇറങ്ങിയ ടീമില്‍ അടിമുടി മാറ്റം വരുത്തിയാണ് ഡേവിഡ് ജയിംസ് ഇന്നലെ ആദ്യ ഇലവന്‍ തെരഞ്ഞെടുത്തത്. പുനെയ്‌ക്കെതിരേ തിളങ്ങിയ കിസിറ്റോ കിസിറോണ്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ഗോള്‍കീപ്പര്‍ പോള്‍ റച്ചൂബ്കയ്ക്കും മാര്‍ക്കോസ് സിഫ്‌നിയോസിനും സ്ഥാനം നഷ്ടമായി. ബള്‍ഗേറിയന്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് ആദ്യമായി സ്‌ട്രൈക്കര്‍ റോളില്‍ ഇറങ്ങി. പരുക്കില്‍ നിന്നു മുക്തനാകാഞ്ഞ മലയാളി താരം സി.കെ. വിനീതിനും ആദ്യ ഇലവനില്‍ അവസരം ലഭിച്ചില്ല.

email അടിമുടി മാറ്റവുമായി ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് പിഴച്ചില്ല; ഹ്യൂമേട്ടന്റെ ഹാട്രിക്കില്‍ ഡല്‍ഹിയെ ചാരമാക്കി മഞ്ഞപ്പടയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്pinterest അടിമുടി മാറ്റവുമായി ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് പിഴച്ചില്ല; ഹ്യൂമേട്ടന്റെ ഹാട്രിക്കില്‍ ഡല്‍ഹിയെ ചാരമാക്കി മഞ്ഞപ്പടയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്0facebook അടിമുടി മാറ്റവുമായി ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് പിഴച്ചില്ല; ഹ്യൂമേട്ടന്റെ ഹാട്രിക്കില്‍ ഡല്‍ഹിയെ ചാരമാക്കി മഞ്ഞപ്പടയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്0google അടിമുടി മാറ്റവുമായി ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് പിഴച്ചില്ല; ഹ്യൂമേട്ടന്റെ ഹാട്രിക്കില്‍ ഡല്‍ഹിയെ ചാരമാക്കി മഞ്ഞപ്പടയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്0twitter അടിമുടി മാറ്റവുമായി ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് പിഴച്ചില്ല; ഹ്യൂമേട്ടന്റെ ഹാട്രിക്കില്‍ ഡല്‍ഹിയെ ചാരമാക്കി മഞ്ഞപ്പടയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്