ഫഹദ് ഫാസിലിന്റെ അരങ്ങേറ്റ ചിത്രം ചാപ്പാ കുരിശ് കോപ്പിയടി? ആരോപണവുമായി യുട്യൂബ് നിരൂപകന്‍ കോറി ഹിന്‍സ്‌ചെന്‍; തെക്കന്‍ കൊറിയന്‍ ചിത്രം ഹാന്‍ഡ്‌ഫോണിന്റെ തനിപ്പകര്‍പ്പ്; ഇന്‍സ്പിരേഷന്‍ എന്ന വാക്കിന്റെ അര്‍ഥം സംവിധായകര്‍ പഠിക്കണമെന്നും പരിഹാസം (വീഡിയോ)

Date : January 30th, 2018

മലയാളത്തിലെ ‘ന്യൂ ജനറേഷന്‍’ സിനിമകളില്‍ ആദ്യത്തേതെന്നു വിശേഷിപ്പിക്കുന്ന, ഫഹദ് ഫാസിലും വിനീത് ശ്രീനിവാസനും മുഖ്യ വേഷത്തിലെത്തിയ ചാപ്പാ കുരിശ് കോപ്പിയടിയോ? ലോക സിനികളില്‍ ആറാടുന്ന മലയാളികളല്ല ഈ ആരോപണം ഉന്നയിച്ചതെന്നതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. യ്യൂട്യുബില്‍ ഏഷ്യന്‍ സിനിമകളുടെ റിവ്യൂ നടത്തുന്ന കോറി ഹിന്‍സ്‌ചെനാണ് ഇന്ത്യന്‍ സംവിധായകന്‍ ഒരു നാണവുമില്ലാതെ നടത്തുന്ന അടിച്ചുമാറ്റലിനെതിരേ രംഗത്തു വന്നിരിക്കുന്നത്.

 

മറ്റു രാജ്യങ്ങളിലെ ചിത്രങ്ങളില്‍നിന്നും ആവേശം ഉള്‍ക്കൊണ്ടു നിര്‍മിക്കുന്നതിനു പകരം അതേപടി അടിച്ചു മാറ്റുന്നതിനെയാണു കോറി വിമര്‍ശിക്കുന്നത്. ഇതില്‍ ഏറ്റവും ശക്തമായി ഉയര്‍ത്തിക്കാട്ടുന്നതാകട്ടെ നവതരംഗങ്ങളില്‍ ശ്രദ്ധേയ ചിത്രമായ ചാപ്പാ കുരിശിനെയും. ഈ വീഡിയോ മലയാളം സിനിമയായ ചാപ്പാ കുരിശിനെക്കുറിച്ചാണെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണു റിവ്യൂ നടത്തുന്നതെന്നും ചൂണ്ടിക്കാട്ടിയാണു കോറി തുടങ്ങുന്നത്.

 

chappa-kurish ഫഹദ് ഫാസിലിന്റെ അരങ്ങേറ്റ ചിത്രം ചാപ്പാ കുരിശ് കോപ്പിയടി? ആരോപണവുമായി യുട്യൂബ് നിരൂപകന്‍ കോറി ഹിന്‍സ്‌ചെന്‍; തെക്കന്‍ കൊറിയന്‍ ചിത്രം ഹാന്‍ഡ്‌ഫോണിന്റെ തനിപ്പകര്‍പ്പ്; ഇന്‍സ്പിരേഷന്‍ എന്ന വാക്കിന്റെ അര്‍ഥം സംവിധായകര്‍ പഠിക്കണമെന്നും പരിഹാസം (വീഡിയോ)

 

എന്നാലിതു മറ്റൊരു സിനിമയുടെ പകര്‍പ്പാണെന്നും പ്രേക്ഷകര്‍ കബളിപ്പിക്കപ്പെടുകയായിരുന്നെന്നുമാണ് കോറി വ്യക്തമാക്കുന്നത്. സമീര്‍ താഹിര്‍ 2011ല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദും രമ്യ നമ്പീശനും വിനീത് ശ്രീനിവാസനുമാണ് മുഖ്യ വേഷത്തില്‍. സൗത്ത് കൊറിയന്‍ ചിത്രമായ ഹാന്‍ഡ്‌ഫോണിന്റെ കോപ്പിയടിയാണെന്ന് അദ്ദേഹം ഉറപ്പിക്കുന്നു. എന്തിനാണ് ഇന്ത്യന്‍ സംവിധായകര്‍ ഈ പണി ചെയ്യുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

 

 

ഫ്രഞ്ച് ഡയറക്ടറായ ജെറോം സാല്ലേയുടെ ഹെയര്‍ അപ്പാരന്റ് ലാര്‍ഗോ വിഞ്ച് (2008) എന്ന സിനിമ കോപ്പിയടിച്ചാണു തെലുങ്ക് സംവിധായകന്‍ പവന്‍ കല്യാണിനെ നായകനാക്കി അഗ്ത്യതവാസിയെന്ന ചിത്രം എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ഇന്‍സ്പിരേഷന്‍’ എന്ന പദത്തിനു പിന്നില്‍ മറഞ്ഞുനിന്നുകൊണ്ട് ഇന്ത്യന്‍ സംവിധായകന്‍ വ്യാപകമായി ഈ രീതി അവലംബിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ വാക്കിന്റെ യഥാര്‍ഥ അര്‍ഥം നിഘണ്ടു നോക്കി പഠിക്കണമെന്നും കോറി പരിഹസിക്കുന്നു.

 

അതേസമയം, ജോണ്‍ ഏബ്രഹാമിനെപ്പോലെയുള്ളവരെ മാതൃകയാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സൗത്ത് കൊറിയന്‍ ചിത്രമായ റോക്കി ഹാന്‍ഡ്‌സമിന്റെ പകര്‍പ്പവകാശം വാങ്ങിയ ശേഷമാണ് അദ്ദേഹം സിനിമ നിര്‍മിച്ചത്. അദ്ദേഹം എഴുത്തുകാരന് എല്ലാ ക്രെഡിറ്റും കൊടുക്കാനും മറന്നില്ല.

 

എന്നാല്‍, മറിച്ചുള്ള പരിപാടികള്‍ അവസാനിപ്പിക്കണമെന്നും ഇത്തരക്കാര്‍ പ്രേക്ഷകരെ കബളിപ്പിക്കുകയാണെന്നും കോറി പറയുന്നു. ചാപ്പാ കുരിശ് കോപ്പിയടിയുടെ പേരില്‍ ആരോപണ വിധേയമാകുന്ന ആദ്യ ചിത്രമോ അവസാന ചിത്രമോ ആകില്ല. എന്നാല്‍, ഭാവിയില്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടുവന്ന് ഇതേക്കുറിച്ചു സംസാരിക്കുമ്പോള്‍ വീണ്ടും വീഡിയോ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.