സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടി കോടികളുടെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തിന് ദുബായ് കമ്പനി; ഇന്‍ഫോ പാര്‍ക്ക് കൈക്കലാക്കാനുള്ള നീക്കം പൊളിഞ്ഞതോടെ പദ്ധതി ദുബായില്‍ മാത്രം; കേരളത്തിനു നഷ്ടം ഒരുലക്ഷം തൊഴിലവസരങ്ങള്‍

Date : February 21st, 2018

കാക്കനാട്: സംസ്ഥാന സര്‍ക്കാരിനു ലക്ഷക്കണക്കിനു കോടിരൂപയുടെ ബാധ്യതകള്‍ ബാക്കി വച്ച് സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടുന്നെന്നു റിപ്പോര്‍ട്ട്. ഐടി ഹബിന്റെ മറവില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനിസിനു സര്‍ക്കാര്‍ വിലങ്ങിട്ടതോടെ ദുബായ് ഒഴികെ മറ്റൊരിടത്തും പദ്ധതി തുടങ്ങേണ്ടതില്ലെന്നു സംരംഭകരായ ദുബായ് ഹോള്‍ഡിങ് കമ്പനിയുടെ തീരുമാനം. ഒരുലക്ഷത്തോളം തൊഴിലവസരങ്ങളും 90 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളും സംസ്ഥാനത്തിനു നഷ്ടമാകും. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ദുബായ് ഹോള്‍ഡിങ്‌സിന്റെ മാനേജ്‌മെന്റ് മാറി, പുതിയ നേതൃത്വം ചുമതലയേറ്റതോടെയാണു കൊച്ചി സ്മാര്‍ട് സിറ്റിയടക്കം ദുബായിക്കു പുറത്തുള്ള എല്ലാ പദ്ധതികളും ഉപേക്ഷിക്കാന്‍ തീരുമാനമായത്. കൊച്ചി സ്മാര്‍ട് സിറ്റി ദുബായ് ഓഫീസിന്റെ പ്രവര്‍ത്തനം 2017 പകുതിയോടെ നിലച്ചിരുന്നു. ദുബായ് ഹോള്‍ഡിങ്‌സ് സൗദി അറേബ്യയില്‍ തുടങ്ങിവച്ച സ്മാര്‍ട് സിറ്റി പദ്ധതിയും ഉപേക്ഷിക്കുകയാണ്.

 

2004ലാണ് ദുബായ് ഹോള്‍ഡിങ്‌സ് തങ്ങളുടെ രാജ്യത്തിനു പുറത്തും പുതിയ പദ്ധതികള്‍ കൊണ്ടുവരാനുള്ള ആശയത്തിനു രൂപം കൊടുത്തത്. ഡോ. ഒമര്‍ ബിന്‍ സുലൈമാന്‍ നടപ്പാക്കിയ ഗോയിങ് ഗ്ലോബല്‍ പദ്ധതിക്കു സ്ഥലം കണ്ടെത്താന്‍ രൂപീകരിച്ച മൂന്നംഗ കോര്‍ ടീമാണ് ഐ ടി പദ്ധതിക്ക് അനുയോജ്യമായ സ്ഥലം തേടി ദുബായിക്കു പുറത്ത് അന്വേഷണം തുടങ്ങിയത്. മാള്‍ട്ട, ഇറാന്‍, ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളിലും സ്ഥലം നോക്കി. ഇന്ത്യയില്‍ ഗുര്‍ഗാവ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളില്‍ എവിടെയെങ്കിലും പദ്ധതി തുടങ്ങാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, ഹൈദരാബാദിലെ വാലന്‍ബര്‍ഗ് ഐ ടി കമ്പനി വിലയ്ക്കു വാങ്ങാനുള്ള തീരുമാനം വേണ്ടെന്നുവച്ചതോടെ കേരളത്തിനു സാധ്യത തെളിഞ്ഞു.

 

കോര്‍ ടീമില്‍ അംഗമായിരുന്ന ഏകമലയാളിയും ദുബായ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് തലവനുമായിരുന്ന ബാജു ജോര്‍ജ് കേരളത്തില്‍ പദ്ധതി തുടങ്ങിയാല്‍ നന്നാവുമെന്ന് അധികൃതരെ ധരിപ്പിച്ചു. 2004ല്‍ ഇതുസംബന്ധിച്ച ആദ്യനിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 62 ഏക്കറിലുള്ള ഇന്‍ഫോപാര്‍ക്ക് വിലയ്ക്കുവാങ്ങാനും ശ്രമം നടന്നു. ഇന്‍ഫോപാര്‍ക്കിന്റെ നികന്ന ഭൂമിയും റോഡ് സൗകര്യവുമാണു സ്മാര്‍ട് സിറ്റി അധികൃതരെ ആകര്‍ഷിച്ചത്. 62 ഏക്കറിനു 300 കോടി രൂപ വില പറഞ്ഞെങ്കിലും ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തില്‍ ഇടതുസര്‍ക്കാര്‍ ഉറച്ചുനിന്നു. സെന്റിന് 27 ലക്ഷം രൂപ എന്ന വാഗ്ദാനവും സര്‍ക്കാര്‍ നിരസിച്ചു. തുടര്‍ന്നു 2004 ഡിസംബറില്‍ ചീഫ് സെക്രട്ടറിയും ദുബായ് ഹോള്‍ഡിങ്‌സും കൊച്ചി സ്മാര്‍ട് സിറ്റിക്കു കരാറൊപ്പിട്ടു.

 

2006ല്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. സ്മാര്‍ട് സിറ്റി പോലുള്ള വമ്പന്‍ വികസനപദ്ധതിക്കു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. കരാര്‍ ഒപ്പിടാന്‍ ഹൈക്കോടതി വിധിയുണ്ടായെങ്കിലും ഒരുദിവസം മാത്രം ശേഷിക്കേ ദുബായ് സംഘത്തിനു കേരളത്തിലെത്താന്‍ കഴിഞ്ഞില്ല. സ്റ്റാമ്പ് ഡ്യൂട്ടി, ഫ്രീഹോള്‍ഡിങ് തുടങ്ങിയ വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ കരാര്‍ വീണ്ടും വൈകി. 2011 ഫെബ്രുവരിയിലാണു സ്മാര്‍ട് സിറ്റി കരാറില്‍ സര്‍ക്കാരും ദുബായ് ഹോള്‍ഡിങ്‌സും ഒപ്പിട്ടത്.

 

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ, സ്മാര്‍ട് സിറ്റിയുടെയും ചുമതലയേറ്റു. 2013 മേയില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി, ജൂണില്‍ നിര്‍മാണമാരംഭിച്ചെങ്കിലും പദ്ധതി വീണ്ടും മന്ദഗതിയിലായി. 2014 ഡിസംബറില്‍ ആറരലക്ഷം ചതുരശ്രയടി കെട്ടിടം പൂര്‍ത്തീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. 2015 ജൂണിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാതിരുന്നതോടെ ഒന്നാംഘട്ടം ഉദ്ഘാടനം യഥാസമയം നടക്കില്ലെന്നു ദുബായ് കമ്പനിക്കു ബോധ്യമായി.

 

സര്‍ക്കാര്‍ നിയോഗിച്ച സി.ഇ.ഒയെ മാറ്റണമെന്ന ആവശ്യത്തേത്തുടര്‍ന്ന് സ്മാര്‍ട് സിറ്റി എം.ഡിയായി ബാജു ജോര്‍ജ് ചുമതലയേറ്റു. 2016ല്‍ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ച്, മാര്‍ച്ചില്‍ ഉദ്ഘാടനവും നടന്നു. രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ട 90,000 ചതുരശ്രയടി കെട്ടിടങ്ങളും 78,000 തൊഴിലവസരങ്ങളുമാണു പദ്ധതി വേണ്ടെന്നുവച്ചതോടെ കേരളത്തിനു നഷ്ടമാകുന്നത്. സ്മാര്‍ട് സിറ്റി രണ്ടാംഘട്ടം നിര്‍മാണമേല്‍നോട്ടത്തിനായി പുതിയ സി.ഇ.ഒയെ ദുബായ് ഹോള്‍ഡിങ്‌സ് നിയമിച്ചെങ്കിലും പദ്ധതിയുടെ ദുബായ് ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. 100 കോടി രൂപ കടമുണ്ടായിരുന്നതില്‍ 40 കോടി പഴയ എം.ഡിയുടെ കാലത്തു മടക്കിനല്‍കി. 10 കോടി രൂപ കാഷ് ബാലന്‍സ് ഉണ്ടെങ്കിലും കൊച്ചി സ്മാര്‍ട് സിറ്റിക്കു പിന്നീടു ദുബായ് കമ്പനി പ്രവര്‍ത്തന ഫണ്ട് കൈമാറിയിട്ടില്ല. കമ്പനിക്കു ഫ്രീ സോണില്‍ ബാക്കിയുള്ളതു 115 ഏക്കറോളം ഭൂമിയാണ്. അതും വില്‍ക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.