മൊബൈല്‍ നമ്പര്‍ 13 അക്കമാകുമെന്നത് കേട്ട് അമ്പരന്നിരിക്കുകയാണോ? സത്യം ഇതാണെന്നു വിദഗ്ധര്‍; എം 2എം എന്നാല്‍ മൊബൈല്‍ ടു മൊബൈല്‍ അല്ല

Date : February 22nd, 2018

മൊബൈല്‍ നമ്പര്‍ പത്തക്കത്തില്‍നിന്നു 13 അക്കമാകുന്നെന്നുള്ള വാര്‍ത്തകള്‍ തള്ളി വിദഗ്ധര്‍. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശത്തിന് അടിസ്ഥാനമില്ലെന്നു ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ നമ്പര്‍ പത്തക്കത്തില്‍നിന്നു 13 അക്കമാകുന്നെന്നു ബിഎസ്എന്‍എല്‍ എജിഎം മഹേന്ദര്‍ സിങ്ങിന്റെ ഉത്തരവിന്റെ പകര്‍പ്പിനൊപ്പമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പൊടിപൊടിക്കുന്നത്.

 

എം ടു എം നമ്പരുകള്‍ ജൂലൈ ഒന്നുമുതല്‍ പതിമൂന്ന് അക്കമാക്കുമെന്ന് ഉത്തരവിന്റെ പകര്‍പ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് തെറ്റിദ്ധരിക്കാന്‍ ഇടയായത്. എം ടു എം എന്നത് മൊബൈല്‍ ടു മൊബൈലാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചതാണ് പ്രശ്‌നമായത്. എന്നാല്‍ എം2എം എന്നത് മെഷീന്‍ ടു മെഷീന്‍ എന്നാണ് ഉദേശിച്ചിരിക്കുന്നത്. മനുഷ്യ സഹായമില്ലാതെ മെഷീനുകള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ളതാണ് എം ടു എം കമ്യൂണിക്കേഷന്‍.

 

ഇന്റര്‍നെറ്റ് മുഖേനയുള്ള ഉപകരണങ്ങളായ റോബോട്ടിക്‌സ്, ട്രാഫിക് കണ്‍ട്രോള്‍, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റെ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇത് ഉപയോഗിക്കുന്നത്. ഇതാണ് കൂടുതല്‍ സുരക്ഷിതത്വത്തിനായി അപ്‌ഡേറ്റ് ചെയ്യുന്നത്. പൊതുജനവുമായി പുതിയ മാറ്റത്തിന് ബന്ധമില്ല.

 

ജൂലൈ ഒന്നു മുതല്‍ മൊബൈല്‍ നന്പറുകള്‍ 13 അക്കമാകുമെന്നും നിലവിലുള്ള പത്തക്ക നന്പറുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 13 അക്കത്തിലേക്ക് മാറുമെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം.നോക്കിയ കമ്പനിക്കു ബിഎസ്എന്‍എല്‍ അയച്ച സര്‍ക്കുലറാണ് സോഷ്യല്‍ മീഡിയവഴി വ്യാപകമായി പ്രചരിച്ചത്. എം ടു എം എന്നത് മെഷീന്‍ ടു മെഷീന്‍ ആണെന്ന് നോക്കിയയും സ്ഥിരീകരിച്ചിട്ടുണ്ട്.