ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകിട്ട് 3.30 ന്, മൃതദേഹം പ്രത്യേക വിമാനത്തില്‍ രാത്രിയോടെ ദുബായില്‍ നിന്നും മുംബൈയിലെത്തിക്കും, പൊതുദര്‍ശനത്തിനു വയ്ക്കുന്ന സ്ഥലത്തു മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

Date : February 27th, 2018

മുംബൈ: ബുധനാഴ്ച വൈകിട്ട് 3.30ന് മുംബൈയിന്‍ അന്തരിച്ച നടി ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിയിലെ ശ്രീദേവിയുടെ വസതിയായ ലോഖണ്ഡവാല കോംപ്ലക്സിന് സമീപമുള്ള സെലിബ്രേഷന്‍സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്ന് രണ്ടു മണിയോടെ മൃതദേഹം വിലാപയാത്രയായി പവന്‍ ഹാന്‍സിലെ വിലെ പാര്‍ലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകും. മൂന്നരയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും.

ശ്രീദേവിയുടെ മരണം സംബന്ധിച്ച് കപൂര്‍ കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്ന സ്ഥലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ക്യാമറകളും മറ്റും പുറത്ത് വച്ചതിനുശേഷം മാധ്യമ പ്രവര്‍ക്കും ശ്രീദേവിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. കര്‍മ്മങ്ങള്‍ നടക്കുന്ന വേദികളിലൊരിടത്തും ക്യാമറ അനുവദിച്ചിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അവ്യക്തത നില നിന്നിരുന്നതിനാല്‍ വിശദമായ ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് മൃതദേഹം വഹിച്ച് പ്രത്യേക വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്. വ്യവസായി അനില്‍ അംബാനിയുടെ പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ രാത്രിയോടെ മൃതദേഹം മുംബൈയിലെത്തിക്കും.

ശ്രീദേവിയുടേത് മുങ്ങിമരണമാണെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മരണ സംബന്ധമായ കേസ് അവസാനിപ്പിച്ചതായി ദുബായ് പോലീസ് അറിയിച്ചിരുന്നു.