തട്ടിപ്പിന് കൂട്ടുനില്‍ക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നിരവ് മോഡി നല്‍കിയത് സ്വര്‍ണ നാണയങ്ങളും രത്‌ന ആഭരണങ്ങളും; റെയ്ഡില്‍ പിടിച്ചെടുത്തു; കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

Date : March 4th, 2018

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ പതിനായിരക്കണക്കിനു കോടികളുടെ തട്ടിപ്പു നടത്തിയ നിരവ് മോഡിയില്‍നിന്ന് ബാങ്ക് ഉദ്യോഗസ്ഥന്‍ സ്വര്‍ണവും രത്‌ന ആഭരണങ്ങളും കൈക്കൂലിയായി കൈപ്പറ്റിയെന്നു സിബിഐ. 12,600 കോടിയുടെ തട്ടിപ്പാണ് ബാങ്കില്‍ നിരവ് മോഡി നടത്തിയത്. ജനുവരിയില്‍ ബാങ്കിലെ തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചു സംശയം ഉയര്‍ന്നിരുന്നു.

 

നിരവ് മോഡി, ഇദ്ദേഹത്തിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കും വേണ്ടി ബാങ്ക് ഉദ്യോഗസ്ഥര്‍ രഹസ്യമായി പ്രവര്‍ത്തിച്ചെന്നും ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകളില്‍നിന്നും പണം അടിച്ചുമാറ്റാനുള്ള ശിപാര്‍ശക്കത്തുകള്‍ തയാറാക്കാന്‍ ഇവരുടെ സഹായമുണ്ടായെന്നുമാണ് സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്.

 

14 പേര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. എങ്കിലും നിരവ് മോഡിയില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന റിപ്പോര്‍ട്ട് ആദ്യമാണ്. ബാങ്കിന്റെ മുംബൈ ബ്രാഞ്ചിലെ ഫോറക്‌സ് വകുപ്പില്‍ ജോലി ചെയ്തിരുന്ന യശ്വന്ത് ജോഷിയെന്ന മാനേജരാണ് സ്വര്‍ണവും രത്‌നവും കൈപ്പറ്റിയത്. 60 ഗ്രാം വീതമുള്ള രണ്ട് സ്വര്‍ണ നാണയങ്ങളും രത്‌നങ്ങളുമാണ് സ്വീകരിച്ചത്. സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തില്‍ ഇവ ഇയാളുടെ വീട്ടില്‍നിന്നു കണ്ടെത്തി.

 

ബാങ്കിനെ കബളിപ്പിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നിട്ടുണ്ടെന്ന സംശയം ഉറപ്പിക്കുന്നതാണ് ഇതെന്നു സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജോഷിയെയും മറ്റ് ഉദ്യോഗസ്ഥരെയും കോടതി സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടു.