‘ബാങ്കില്‍ നിന്ന് എടുത്ത കടം തിരിച്ചടയ്ക്കാതെ നടക്കുന്ന ട്രപ്പീസ് കളിക്കാരനാണ് അദാനി’: സുബ്രഹ്മണ്യം സ്വാമിയുടെ ഒറ്റ ട്വീറ്റില്‍ അദാനിക്ക് പോയത് 9,000 കോടി! ഓഹരി ഇടിഞ്ഞത് എട്ട് ശതമാനം

Date : March 8th, 2018

പൊതുമേഖലാ ബാങ്കുകളിൽനിന്ന് വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുന്നതിൽ വിദഗ്ധനാണ് പ്രമുഖ വ്യവസായി ഗൗതം അദാനിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സമൂഹമാധ്യമമായ ട്വിറ്ററിൽ സ്വാമി നടത്തിയ അഭിപ്രായപ്രകടനത്തിലൂടെ അദാനി ഗ്രൂപ്പിന്റെ കമ്പനികൾക്ക് ഓഹരിവിപണിയിൽ എട്ടു ശതമാനം ഇടിവു രേഖപ്പെടുത്തി. വിപണി മൂല്യം കണക്കിലെടുത്താൽ 9,000 കോടി രൂപയാണ് ഒരൊറ്റ ട്വീറ്റിലൂടെ അദാനി ഗ്രൂപ്പിന് നഷ്ടമായത്.

 

കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന ‘ട്രപ്പീസ് കളിക്കാരനാ’ണ് അദാനിയെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. അദാനിയിൽനിന്ന് കിട്ടാനുള്ള കടത്തിന്റെ കണക്ക് പൊതുതാൽപ്പര്യാർഥം ഇനിയെങ്കിലും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിട്ടാക്കടത്തിന്റെ പേരിൽ ആരും അദാനിയെ ചോദ്യം ചെയ്യുന്നില്ല. കേന്ദ്രവുമായി അടുത്തയാളാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിലൂടെ സർക്കാരിനും അദാനി മാനക്കേടുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയാണ് അദാനിക്കെതിരെ സ്വാമിയുടെ ട്വീറ്റ് വന്നത്.

 

അതിനു പിന്നാലെ ബുധനാഴ്ച ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ അദാനി ട്രാൻസ്മിഷൻ 7.72% ഇടിഞ്ഞ് 179.85ലാണ് ക്ലോസ് ചെയ്തത്. അദാനി എന്റർപ്രൈസസ് 7.24% ഇടിഞ്ഞ് 172.40ൽ ക്ലോസ് ചെയ്തു. അദാനി പോർട്സ് ആൻഡ് എസ്ഇസെഡ് 6.53% ഇടിഞ്ഞ് 377.45ലും അദാനി പവർ 6.6% ഇടിഞ്ഞ് 27.60ലുമാണ് ക്ലോസ് ചെയ്തത്. ആകെ 9300 കോടി രൂപയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് ഉണ്ടായിരിക്കുന്നത്.

 

ആദ്യമായാണ് ബിജെപിയിൽനിന്നൊരാൾ അദാനിയെ വിമർശിച്ചു രംഗത്തെത്തുന്നത്. ഇതിനാൽത്തന്നെ അമ്പരപ്പിലാണ് വ്യവസായലോകം. കൽക്കരി ഇറക്കുമതി, ഓസ്ട്രേലിയയിലെ വ്യവസായം എന്നിവയിലെ വിവാദങ്ങൾ അദാനിയുടെ കമ്പനിയുൾപ്പെടുന്ന കേസുകൾ തുടങ്ങിയവയെക്കുറിച്ചുള്ള സ്ഥിതിവിവര റിപ്പോർട്ട് കേന്ദ്രം തേടണമെന്നും സ്വാമി ആവശ്യപ്പെട്ടു.

 

അതേസമയം, ആരോപണങ്ങൾ അദാനി ഗ്രൂപ്പ് തള്ളിക്കളഞ്ഞു. ലോകത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യ വികസനം വളരെ കുറഞ്ഞ ചെലവിലും സമയത്തിലും കൊണ്ടുവന്ന ചരിത്രമാണ് കമ്പനിക്ക് ഉള്ളതെന്നും ചിലകാര്യങ്ങൾക്കു കടമെടുക്കേണ്ടത് അത്യാവശ്യമാണെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. സ്വകാര്യ, പൊതുമേഖല അടക്കം വിവിധ ബാങ്കുകളിൽനിന്നു കടമെടുത്തിട്ടുണ്ട്. അവ തിരിച്ചടയ്ക്കുന്നുമുണ്ടെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.