കോഹ്ലി- അനുഷ്‌ക ആലിംഗനത്തിനു പിന്നിലെ ഇല്ലാ കഥകളുമായി ദേശീയ മാധ്യമം; ഇന്ത്യാ ടൈംസിനെ ട്വിറ്ററില്‍ പൊളിച്ചടുക്കി അനുഷ്‌ക ശര്‍മ; ‘മുന്‍നിര മാധ്യമത്തിന്റെ നടപടി ഞെട്ടിക്കുന്നത്, ഞങ്ങള്‍ക്കും സ്വകാര്യതയുണ്ട്’

Date : March 9th, 2018

ന്യൂഡല്‍ഹി: കെട്ടിച്ചമച്ച അഭിമുഖ്യ പ്രസിദ്ധീകരിച്ച മുന്‍നിര ദേശീയ മാധ്യമത്തിനെതിരേ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ. ടൈംസ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യാ ടൈംസിലാണ് അഭിമുഖം നല്‍കാത്ത അഭിമുഖം പ്രസിദ്ധീകരിച്ചതെന്നാണ് അനുഷ്‌കയുടെ തുറന്നടിക്കല്‍. സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെ കോഹ്ലി ട്വിറ്ററില്‍ പങ്കുവച്ച, ചിത്രത്തിന്റെ പേരിലാണ് വിവാദം പുകയുന്നത്. ഇരുവരും ആലിംഗനബദ്ധരായി നില്‍ക്കുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.

 

 

 

എന്നാല്‍, മുന്‍നിര മാധ്യമം ഇത്തരം വ്യാജ അഭിമുഖങ്ങള്‍ നല്‍കുന്നത് ഞെട്ടലുണ്ടാക്കുന്നു എന്നാണ് അനുഷ്‌ക ട്വിറ്ററില്‍ പ്രതികരിച്ചത്. തന്റെ അഭിമുഖങ്ങളിലൊന്നും സ്വകാര്യ വിവരങ്ങള്‍ പങ്കുവച്ചിട്ടില്ല. നമ്മുടെ സ്വകാര്യത എത്ര ലാഘവത്തോടെയാണ് ഇവരൊക്കെ കൈകാര്യം ചെയ്യുന്നത് എന്നു ചൂണ്ടിക്കാട്ടാനാണ് ഇപ്പോഴത്തെ കുറിപ്പെന്നും അനുഷ്‌ക വ്യക്തമാക്കുന്നു.

 

 

ഇരുവരും പുണര്‍ന്നുനില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതിനു പിന്നാലെ 34 ദശലക്ഷം ലൈക്കുകളാണ് കിട്ടിയത്. ഇതേക്കുറിച്ചുള്ള ചോദ്യമെന്ന നിലയിലാണ് അഭിമുഖത്തിലെ ഒരു ഭാഗം. ഇരുവരുടെയും വിവാഹത്തിനു മുമ്പും ശേഷവും കരുതലോടെ മാത്രമാണ് മാധ്യമങ്ങളോട് അനുഷ്‌ക സംസാരിച്ചിട്ടുള്ളത്. ഡിസംബറിലെ വിവാഹത്തിനു മാസങ്ങള്‍ക്കുമുമ്പേ മുന്നൊരുക്കം തുടങ്ങിയിട്ടും ആരും അറിഞ്ഞില്ല.

 

A post shared by Virat Kohli (@virat.kohli) on

വിവാഹത്തിനുശേഷവും ഇരുവരും ഒരു മാധ്യമത്തിനും അഭിമുഖം അനുവദിച്ചിട്ടില്ല. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’ എന്ന ടിവി പരിപാടിയിലേക്കു ക്ഷണിച്ചിട്ടുപോലും ഇരുവരും നിരസിക്കുകയാണുണ്ടായത്. അനുഷ്‌കയുടെ സിനിമകളുടെ സംവിധായകന്‍ കൂടിയായിട്ടും ഇതാണ് സ്ഥിതി. അനുഷ്‌ക സത്യാവസ്ഥ തുറന്നടിച്ചിട്ടും വിശദീകരണവുമായി ടൈംസ് ഗ്രൂപ്പ് രംഗത്തു വന്നിട്ടില്ല.