ഗള്‍ഫ് രാജകുടുംബവുമായി ബന്ധമുള്ള വ്യവസായിയെ പിണക്കാന്‍ കേന്ദ്ര സര്‍ക്കാരിനും മടി; ജനകോടികളുടെ വിശ്വസ്തന്റെ ജീവിതം ജയിലില്‍തന്നെ അവസാനിച്ചേക്കും; മോചനം മുന്നില്‍കണ്ട് ഉത്സാഹത്തിലായ അറ്റ്‌ലസ് രാമചന്ദ്രന്റെ മാനസിക നിലയും തകര്‍ന്നു

Date : March 9th, 2018

അറ്റ്‌ലസ് രാമചന്ദ്രനു പ്രതീക്ഷകള്‍ മാത്രം നല്‍കി കേന്ദ്ര സര്‍ക്കാര്‍ പാതിയില്‍ എല്ലാ നടപടികളും പിന്‍വലിച്ചെന്നു റിപ്പോര്‍ട്ട്. ജനകോടികളുടെ വിശ്വസ്തനെ കുടുക്കാന്‍ കരുക്കള്‍ നീക്കിയവര്‍തന്നെയാണ് ഇപ്പോള്‍ സുഷമാസ്വരാജ് അടക്കമുള്ളവരെ പിന്തിരിപ്പിച്ചതിനു പിന്നിലും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഒ. രാജഗോപാല്‍ എം.എല്‍.എയും രാമചന്ദ്രന്റെ ജയില്‍വാസത്തിന് അറുതിവരുത്താന്‍ സുഷമാ സ്വരാജിനു സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് യു.എ.ഇ. സര്‍ക്കാരുമായി മോചനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതിയെ ചുമതലപ്പെടുത്തിയിരുന്നു.

 

യു.എ.ഇയിലെ ബി.ജെ.പി. പ്രവാസി സെല്ലും മലയാളി കൂട്ടായ്മയും രാമചന്ദ്രന്റെ മോചനം മാര്‍ച്ച് ആദ്യവാരത്തില്‍ ഉറപ്പാണെന്ന് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ഗള്‍ഫിലെ വിവിധ രാജകുടുംബങ്ങളുമായി അടുത്തബന്ധം പുലര്‍ത്തുന്ന പ്രമുഖ പ്രവാസി വ്യവസായിയെ പിണക്കി രാമചന്ദ്രന്റെ മോചനം നേടുന്നത് തിരിച്ചടിയാകുമെന്ന് പ്രധാനമന്ത്രിയെ ചിലര്‍ ധരിപ്പിച്ചതാണ് മോചനനീക്കങ്ങള്‍ നിലയ്ക്കാനിടയായത്.

 

ഗള്‍ഫിലെയും ഇന്ത്യയിലെയും 21 ബാങ്ക് ശാഖകള്‍വഴി അറ്റ്‌ലസ് രാമചന്ദ്രന്‍ വായ്പയെടുത്ത 1000 കോടിയോളം രൂപയുടെ പലിശ ഗഡുവായി നല്‍കിയ ചെക്കു മടങ്ങിയ അഞ്ചുകേസുകളില്‍ ആദ്യ കേസിലാണ് രാമചന്ദ്രന് മൂന്നുവര്‍ഷത്തെ തടവുശിക്ഷ ദുബായ് കോടതി വിധിച്ചത്. അദ്ദേഹം ജയില്‍ശിക്ഷ അനുഭവിക്കാന്‍ തുടങ്ങിയിട്ട് രണ്ടരവര്‍ഷമാകുന്നു. മറ്റു കേസുകളില്‍ക്കൂടി ശിക്ഷ വിധിക്കപ്പെട്ടാല്‍ ഏകദേശം 40 വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ട സ്ഥിതിയാകും രാമചന്ദ്രന്. സമാനമായ കേസില്‍ അദ്ദേഹത്തിന്റെ മകളും മരുമകനും മാസങ്ങളോളം ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തിരുന്നു.

 

atalas-ramachandran-and-wif ഗള്‍ഫ് രാജകുടുംബവുമായി ബന്ധമുള്ള വ്യവസായിയെ പിണക്കാന്‍ കേന്ദ്ര സര്‍ക്കാരിനും മടി; ജനകോടികളുടെ വിശ്വസ്തന്റെ ജീവിതം ജയിലില്‍തന്നെ അവസാനിച്ചേക്കും; മോചനം മുന്നില്‍കണ്ട് ഉത്സാഹത്തിലായ അറ്റ്‌ലസ് രാമചന്ദ്രന്റെ മാനസിക നിലയും തകര്‍ന്നു

മോചനം വൈകാതെ നടപ്പാക്കുമെന്ന വിശ്വാസത്തില്‍ ജയിലിലായ ആറുമാസത്തോളം ഏതാണ്ട് ഉത്സാഹവാനായി കാണപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രന്‍ ഇപ്പോള്‍ വാര്‍ദ്ധക്യവും രോഗങ്ങളും അവശനാക്കി മാനസികമായി ആകെ തകര്‍ന്ന നിലയിലാണ്. ജയിലില്‍ കഴിയുന്നത്. കൈയില്‍ കാശുള്ള തടവുകാര്‍ക്ക് ജയില്‍ഭക്ഷണത്തിനു പുറമെ താത്പര്യമുള്ള ഭക്ഷണം ലഭ്യമാക്കാന്‍ ജയിലധികൃതര്‍ അനുവാദം നല്‍കാറുണ്ടെങ്കിലും മുന്തിയ ഭക്ഷണസാധനങ്ങള്‍ മാത്രം കഴിക്കാന്‍ പ്രത്യേക പാചകക്കാരെ കൊണ്ടുനടന്നിരുന്ന അദ്ദേഹത്തിന് ഇന്ന് ഇഷ്ടഭക്ഷണം സ്വപ്നത്തില്‍ മാത്രം.
ഉടുതുണിക്ക് മറുതുണിപോലുമില്ലാതെ ഏകാന്ത ജീവിതം നയിക്കുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ മാനസികരോഗത്തിനടിമയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. വീല്‍ചെയറില്‍ താങ്ങിയിരുത്തിയാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

 

ദുബായില്‍ മേല്‍ത്തരം വീട്ടില്‍ കഴിഞ്ഞിരുന്ന ഭാര്യ ഇന്ദിര വാടകകൊടുക്കാന്‍ നില്‍വാഹമില്ലാതെ ഏതുനിമിഷവും വീട്ടില്‍ നിന്നിറക്കി തെരുവിലേക്ക് വിടുമെന്ന ഗതികേടിലും കണ്ണീരുമായി കഴിയുന്നു. മൂന്നുവര്‍ഷം മുമ്പുവരെ ഗള്‍ഫിലെ മലയാളി ബിസിനസ് അതികായരില്‍ ഉന്നതന്റെ റോളിലായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥാനം. ഇടയ്ക്കിടയ്ക്ക് കേരളത്തിലെത്തുമ്പോഴും അദ്ദേഹത്തെ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളും കാത്തുനില്‍ക്കുമായിരുന്നു. എല്ലാവര്‍ക്കും വാരിക്കോരി നല്‍കാന്‍ മത്സരിച്ച ഒരുകാലവും അദ്ദേഹത്തിനുണ്ടായിരുന്നു.

 

ramachandran2 ഗള്‍ഫ് രാജകുടുംബവുമായി ബന്ധമുള്ള വ്യവസായിയെ പിണക്കാന്‍ കേന്ദ്ര സര്‍ക്കാരിനും മടി; ജനകോടികളുടെ വിശ്വസ്തന്റെ ജീവിതം ജയിലില്‍തന്നെ അവസാനിച്ചേക്കും; മോചനം മുന്നില്‍കണ്ട് ഉത്സാഹത്തിലായ അറ്റ്‌ലസ് രാമചന്ദ്രന്റെ മാനസിക നിലയും തകര്‍ന്നു

ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി 50 ഓളം ജൂവലറി ഷോറൂമുകളുടെ അമരക്കാരന്‍, കൂട്ടത്തില്‍ സിനിമാ നിര്‍മ്മാതാവ്, നടന്‍, സംവിധായകന്‍ തുടങ്ങിയ പരിവേഷങ്ങളും. കൂട്ടത്തില്‍ സ്വന്തം ശബ്ദത്തിലൂടെ ശ്രദ്ധേയമായ അറ്റ്‌ലസ് ജൂവലറിയുടെ വിശ്വസ്ത സ്ഥാപനമെന്ന പരസ്യവും അദ്ദേഹത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാക്കിയിരുന്നു. എന്നാല്‍ ചിലരുടെ കുടിപ്പകയും വ്യവസായത്തിലെ വഴിപിഴച്ച കണക്കുകളും രാമചന്ദ്രന്‍ എന്ന മനുഷ്യനെ ആരുടെ മനസിലും ദയാലുഭാവം പകരുന്ന രൂപമാക്കി മാറ്റിയിരിക്കുന്നു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രി സുഷമാ സ്വരാജും കൈവിട്ടതോടെ ഇനി രാമചന്ദ്രന്റെ മോചനം മരീചികയായി മാറുകയാണ്.