നഷ്ടത്തിന്റെ ട്രാക്കില്‍ മെട്രോ; ഞെക്കിക്കൊന്നു സര്‍ക്കാര്‍; നിര്‍മാണങ്ങള്‍ക്ക് ചുവപ്പു നാട; മെല്ലെപ്പോക്കില്‍ നഷ്ടം കോടികള്‍; ഹോങ്കോങ് മെട്രോയെ എന്നു മാതൃകയാക്കും?

Date : March 9th, 2018

നഷ്ടത്തിന്റെ ട്രാക്കിലോടുന്ന കൊച്ചി മെട്രോയെ ഞെക്കിഞെരുക്കി സര്‍ക്കാര്‍. നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതിനൊപ്പം ലാഭത്തിലാക്കാനുള്ള നടപടികളും സര്‍ക്കാര്‍ ഭാഗത്തുനിന്നില്ല. കൊച്ചി മെട്രോ ഭീമമായ നഷ്ടത്തിലെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിക്ക് ജീവവായുവാകേണ്ട അനുബന്ധ വികസന പദ്ധതികളെല്ലാം സര്‍ക്കാര്‍ അട്ടിമറിച്ചു . കാക്കനാട്ടെ മെട്രോ വില്ലേജിന് മുന്‍സര്‍ക്കാര്‍ വിട്ടുകൊടുത്ത 17 ഏക്കര്‍ സ്ഥലം പോക്കുവരവു ചെയ്തു നല്‍കാന്‍ ഇനിയും സര്‍ക്കാര്‍ തയാറായിട്ടില്ല.

 

ഹോങ്കോങ് മെട്രോ അല്ലാതെ ലോകത്ത് ഒരുമെട്രോയും ലാഭത്തിലോടുന്നില്ല. കൊച്ചി മെട്രോ ഭീമമായ നഷ്ടത്തിലെന്ന് വിലപിക്കുന്ന മുഖ്യമന്ത്രി ഹോങ്കോങ് മെട്രോയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഒന്നു മനസിരുത്തി പഠിക്കുന്നത് നന്നായിരിക്കും. അങ്ങിനെയൊരു പഠനം നടത്തിയാല്‍ കാക്കനാട്ടെ 17 ഏക്കറിന്റെ പ്രാധാന്യം ബോധ്യപ്പെടും. ഓട്ടത്തിലെ നഷ്ടം കാക്കനാട്ട് നികത്താനായിരുന്നു പദ്ധതി. ബജറ്റ് ഫ്‌ളാറ്റ് ഷോപ്പിങ് മാള്‍ ബിസിനസ് സെന്റര്‍ ഐടി പാര്‍ക്ക് അങ്ങിനെ പലതും അവിടെ പദ്ധതിയിട്ടിരുന്നു.

 

അതിന് ആദ്യം വേണ്ടിയിരുന്നത് ഈ സ്ഥലം സ്വതന്ത്ര വിനിയോഗത്തിന് കെഎംആര്‍എലിന് വിട്ടുകൊടുക്കുകയെന്നായിരുന്നു മെട്രോ നിര്‍മാണം തുടങ്ങിയ കാലത്തു തന്നെ തത്വത്തില്‍ ഈ സ്ഥലം നല്‍കാന്‍ തീരുമാനിച്ചിരുന്നു. അന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഭൂമി കൈമാറാനും തീരുമാനിച്ചതാണ്. അന്ന് കിട്ടിരുന്നെങ്കില്‍ ഇന്ന് ഇവിടൊരു വരുമാനമാര്‍ഗമുണ്ടായേനെ.

 

മെട്രോമാനെ അപമാനിച്ചതിനുപുറമെ കൊച്ചി മെട്രോയ്‌ക്കെതിരെയും സര്‍ക്കാര്‍ തിരിഞ്ഞതിന് തെളിവാകുകയാണ് ഇത്. ദിവസം ആറുലക്ഷം രൂപയുടെ നഷ്ടം കൊച്ചി മെട്രോ സഹിക്കുന്നുണ്ട്. നിര്‍മാണം നടക്കുന്നകാലമായതിനാല്‍ പലപലഫണ്ടില്‍ നിന്നായി നഷ്ടം നികത്താം. ബദല്‍ മാര്‍ഗം സര്‍ക്കാര്‍ കണ്ടില്ലെങ്കില്‍ കൊച്ചി മെട്രോ മറ്റൊരു കെഎസ്ആര്‍ടിസിയാകും എന്നതില്‍ തര്‍ക്കമില്ല.