പുനെയ്ക്ക് ആശ്വാസം; റഫറിമാരെ അസഭ്യം പറഞ്ഞ കോച്ചിന്റെ വിലക്കു നീക്കി; സെമിയില്‍ പോപ്പോവിച്ചും ടീമിനൊപ്പം

Date : March 11th, 2018

ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം പാദ സെമി ഫൈനലിൽ ഇന്ന് ബെംഗളൂരു എഫ് സി യെ നേരിടുന്ന എഫ് സി പൂനെ സിറ്റിയ്ക്ക് ആശ്വാസം. റഫറിമാർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി അവരുടെ പരിശീലകൻ റാങ്കോ പോപ്പോവിച്ചിനെതിരെ സ്വീകരിച്ചിരുന്ന സസ്പെൻഷൻ എ ഐ എഫ് എഫ് പിൻ വലിച്ചു. ഇതൊടെ ഇന്ന് നടക്കുന്ന രണ്ടാം പാദ സെമി മത്സരത്തിൽ പോപ്പോവിച്ചും ടീമിനൊപ്പം ഡഗ് ഔട്ടിലുണ്ടാവും.

 

പരിശീലകന്റെ സസ്പെൻഷൻ പിൻ വലിക്കണമെന്നാവശ്യപ്പെട്ട് പൂനെ ടീം നൽകിയ അപേക്ഷയിലാണ് എ ഐ എഫ് എഫിന്റെ പുതിയ നടപടി. ബെംഗളൂരുവിനെതിരായ ആദ്യ പാദ സെമി ഫൈനലിന്‌ ശേഷമായിരുന്നു പോപ്പോവിച്ചിനെതിരെ എ ഐ എഫ് എഫ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. മാർച്ച് 16 ന് നടക്കുന്ന ഹിയറിംഗിന് ശേഷം സസ്പെൻഷന്റെ ഭാവി നടപടികളെക്കുറിച്ച് ആലോചിക്കാം എന്നായിരുന്നു അന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചത്‌.

 

നാലാം സീസണിൽ സമാന കാര്യത്തിന് മൂന്ന് തവണയാണ് പോപ്പോവിച്ചിന് സസ്പെൻഷൻ ലഭിച്ചത്. നിലവിൽ ലഭിച്ച സസ്പെൻഷൻ നിലനിൽക്കുകയായിരുന്നെങ്കിൽ, ഇന്ന് ബെംഗളൂരുവിനെതിരായ നിർണായക സെമി മത്സരത്തിൽ ടീമിന്റെ ഡ്രെസ്സിംഗ് റൂമിൽ കയറാനോ, ഡഗ്ഗ് ഔട്ടിൽ താരങ്ങൾക്കൊപ്പം ഇരിക്കാനോ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.