ആമിയെക്കുറിച്ച് അടൂര്‍ ഗോപാല കൃഷ്ണന്‍ സാറിന്റെ അഭിപ്രായം എനിക്കു കിട്ടിയ അവാര്‍ഡാണ്; സിനിമ കണ്ട് അഭിനന്ദിച്ചവരില്‍ വിദ്യാ ബാലന്റെ പിതാവും; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മഞ്ജു ദുബായില്‍; അഭിമുഖം

Date : March 11th, 2018

ദുബായ്: മഞ്ജുവാര്യര്‍ മുഖ്യ വേഷത്തിലെത്തിയ ആമി തിയേറ്ററുകളില്‍ നിറഞ്ഞോടുന്നതിനിടെ ദുബായിലും സിനിമ പ്രദര്‍ശനത്തിനെത്തി. ഗള്‍ഫ് മേഖലയില്‍ ഏറ്റവും പ്രചാരത്തിലുള്ള ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖവും ഇതിനിടെ ശ്രദ്ധ പിടിച്ചുപറ്റി. സിനിമയും അനുബന്ധിച്ചുണ്ടായ വിവാദങ്ങള്‍ക്കും മഞ്ജു മറുപടി നല്‍കി. ഇതുവരെയുള്ള അഭിമുഖങ്ങളില്‍നിന്നും വ്യത്യസ്തമായി മഞ്ജു, ഇംഗ്ലീഷില്‍തന്നെയാണ് സംസാരിച്ചത്.

 

എല്ലാ സ്ത്രീകള്‍ക്കും അവരവരുടെ വഴികളുണ്ടെന്നും ജീവിതത്തിലും കഥകളിലും കമല സുരയ്യ ശക്തയായ സ്ത്രീയായിരുന്നെന്നും മഞ്ജു പറഞ്ഞു. ഏതൊരു നടിയുടെയും സ്വപ്‌നമായിരിക്കും മാധവിക്കുട്ടിയായി അഭിനയിക്കുകയെന്നും അതു സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും മഞ്ജു പറഞ്ഞു. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും പ്രതികരണങ്ങള്‍ ലഭിച്ചു. ചില റിവ്യൂകളില്‍ മാധവിക്കുട്ടിയുടെ ജീവിതത്തില്‍ വെള്ളം ചേര്‍ത്തെന്നാണു പറയുന്നതെങ്കിലും വിമര്‍ശനങ്ങളെ സ്വീകരിക്കുന്നു എന്നും മഞ്ജു പ്രതികരിച്ചു.

 

മാധവിക്കുട്ടി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിക്കുന്നതുവരെ ആളുകള്‍ക്ക് അടുത്തറിയാവുന്ന വ്യക്തിയായിരുന്നു. അവരെക്കുറിച്ചുള്ള വ്യക്തിചിത്രങ്ങള്‍ ആളുകള്‍ക്കുള്ളില്‍ വളരെ ശക്തവുമാണ്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഒരേ അര്‍ഥത്തില്‍ സിനിമയെ സ്വീകരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എങ്കിലും എനിക്കു കിട്ടിയ പ്രതികരണങ്ങളില്‍ വളരെയധികം സന്തോഷമുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനെപ്പോലുള്ളവര്‍ എനിക്കു നല്‍കിയ അഭിനന്ദനം ഏറെ വിലപ്പെട്ടതാണ്. മഞ്ജു ഇതില്‍ അത്ഭുതപ്പെടുത്തിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതില്‍ കൂടുതല്‍ വലിയ അംഗീകാരം കിട്ടാനില്ലെന്നും മഞ്ജു പറഞ്ഞു. ഇതിനുമുമ്പ് ഒരു സിനിമയുടെ പേരിലും തനിക്ക് ഇത്രയധികം പ്രതികരണങ്ങള്‍ കിട്ടിയിട്ടില്ലെന്നും മഞ്ജു കുട്ടിച്ചേര്‍ത്തു.

 

വിദ്യാബാലനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും മഞ്ജു മറുപടി പറഞ്ഞു.

‘അവര്‍ പോയതുകൊണ്ട് എനിക്കു കിട്ടിയെന്നതരത്തിലാണ് പലരും പറയുന്നതെങ്കിലും അവര്‍ നല്‍കിയ പിന്തുണ വലുതായിരുന്നു. ഇക്കാര്യത്തില്‍ താരതമ്യത്തിന്റെ ആവശ്യമില്ല. അവര്‍ ഈ വേഷം ചെയ്തിരുന്നെങ്കില്‍ അഭിനയത്തിന്റെ മറ്റൊരു ഡയമെന്‍ഷന്‍ കാണാമായിരുന്നു. ഒരുപക്ഷേ എന്നേക്കാള്‍ മികച്ചതുമാക്കുമായിരുന്നു. എനിക്ക് അഭിനയിക്കാന്‍ ഭാഗ്യം കിട്ടി എന്നതുമാത്രമാണ് എന്നെ സംബന്ധിച്ചുള്ള സന്തോഷം. സിനിമ റിലീസ് ചെയ്ത ശേഷം ആദ്യം വിളിച്ച് അഭിനന്ദിച്ചവരില്‍ വിദ്യയുടെ പിതാവും ഉണ്ടായിരുന്നു’.

 

‘ഈ സിനിമ എന്നിലേക്ക് എത്തുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു. അതുകൊണ്ടുതന്നെ കാര്യമായ റിസര്‍ച്ചും നടന്നില്ല. അതുകൊണ്ടുതന്നെ എന്നെ ശൂന്യതയില്‍ നിര്‍ത്തിയശേഷം എല്ലാം സംവിധായകന്റെ തോളിലേക്കു നല്‍കുകയാണ് ചെയ്തത്. ഒരു സംവിധായകനു പറ്റുന്ന നടിയായി നില്‍ക്കാനാണ് എന്റെ ആഗ്രഹവും’-മഞ്ജു പറഞ്ഞു.

 

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം