ജയസൂര്യയില്‍ മേരിക്കുട്ടിയുടെ ബാധകൂടിയെന്ന് രഞ്ജിത്ത് ശങ്കര്‍; ‘ലുക്കിന് വേണ്ടിവന്നത് മൂന്നുമാസം; വാക്‌സിങ്ങിന്റെയും ത്രെഡിങ്ങിന്റെയും വേദന അനുഭവിച്ചാണ് ജയന്‍ കഥാപാത്രമാകുന്നത്’; കഥയ്ക്കു പിന്നിലെ കഥപറഞ്ഞ് സംവിധായകന്‍

Date : March 12th, 2018

ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലെത്തുന്ന ഞാന്‍ മേരിക്കുട്ടിയെന്ന ചിത്രത്തിന്റെ ടീസര്‍ കണ്ട് നടുങ്ങിയിരിക്കുന്നവരാണ് ഏവരും. കഥാപാത്രത്തിനായി ഏതറ്റംവരെയും പോകുന്ന ജയസൂര്യ, പുണ്യാളന്‍ രണ്ടാം ഭാഗത്തിനു ശേഷമാണ് രഞ്ജിത് ശങ്കറുമായി ഒന്നിക്കുന്നത്. രണ്ടുമൂന്നു മാസത്തെ പരിശ്രമത്തിന്റെ ഫലമാണ് മേരിക്കുട്ടിയുടെ ലുക്കെന്നു സംവിധായകന്‍ പറഞ്ഞു. മേക്കപ്പ്മാന്‍ റോണെക്‌സാണ് ഏറെ കഷ്ടപ്പെട്ടത്. ഒരുപാടു തവണ മാറ്റിപ്പരീക്ഷിച്ചശേഷമാണ് അവസാനത്തേതു തെരഞ്ഞെടുത്തത്. മുടി അധികം വേണ്ടെന്നും കണ്‍പീലി, പുരികം ത്രെഡിങ് എന്നിവയുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ടായിരുന്നു. എങ്കിലും ടീം വര്‍ക്കായി ആലോചിച്ചപ്പോള്‍ പരിഹാരമായി. ജയസൂര്യയുടെ ഭാര്യ സരിതയാണ് വസ്ത്രാലങ്കാരം.

ranjith-sankar ജയസൂര്യയില്‍ മേരിക്കുട്ടിയുടെ ബാധകൂടിയെന്ന് രഞ്ജിത്ത് ശങ്കര്‍; 'ലുക്കിന് വേണ്ടിവന്നത് മൂന്നുമാസം; വാക്‌സിങ്ങിന്റെയും ത്രെഡിങ്ങിന്റെയും വേദന അനുഭവിച്ചാണ് ജയന്‍ കഥാപാത്രമാകുന്നത്'; കഥയ്ക്കു പിന്നിലെ കഥപറഞ്ഞ് സംവിധായകന്‍

 

 

സിനിമയുടെ കാര്യത്തില്‍ വിമര്‍ശനങ്ങളെ ഭയക്കുന്നില്ല. സത്യസന്ധമായിട്ടു കഥപറയും. സു..സു സുധി.. എന്ന സിനിമയുടെ സമയത്തു വിക്കുള്ളവരെ കളിയാക്കുന്നു എന്ന വിമര്‍ശനമുണ്ടായി. എന്നാല്‍, സിനിമ ഇറങ്ങിയപ്പോള്‍ മറിച്ചായി കാര്യങ്ങള്‍. മേരിക്കുട്ടിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ഈ സിനിമ ചെയ്യേണ്ട സമയം ഇതാണെന്ന് തോന്നി. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരോടുമെല്ലാം നന്നായി സംസാരിച്ചും അടുത്ത് ഇടപഴകിയുമൊക്കെയാണ് മേരിക്കുട്ടിയെക്കുറിച്ചൊരു രൂപം ഉണ്ടാകുന്നത്.

 

 

എഴുത്ത് കഴിഞ്ഞ് ഷൂട്ടിങ്ങിലേക്ക് കടക്കുന്നതേയുള്ളൂ. ഞാനാണെങ്കിലും മേരിക്കുട്ടിയെ കൂടുതല്‍ മനസിലാക്കി വരുന്നതേയുള്ളൂ. ആ യാത്രയിലെ ഓരോ സ്‌റ്റേജിലും ജയനും ഒപ്പമുണ്ട്. മേരിക്കുട്ടിയായി പതിയെ പതിയെ ജയന്‍ മാറിക്കഴിഞ്ഞു. ഒരു കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ജയസൂര്യ എടുക്കുന്ന പരിശ്രമം എന്നെ അമ്പരപ്പിക്കുന്നുണ്ട്. ഷാജി പാപ്പന്‍ എന്ന മസ്‌കുലിന്‍ കഥാപാത്രത്തിന് ശേഷമാണ് മേരിക്കുട്ടിയായി മാറുന്നത്. ശരീരഭാഷ, ചലനങ്ങള്‍, നോട്ടം എല്ലാം വ്യത്യസ്തമാണ്.

 

 

ആ ഭാവപ്പകര്‍ച്ചയുടെ പരിപൂര്‍ണ്ണതയ്ക്കുവേണ്ടിയാണ് കാതുകുത്തിയത്. വേണമെങ്കില്‍ ഒട്ടിക്കുന്ന കമ്മല്‍ വയ്ക്കാമായിരുന്നു. എന്നാല്‍ അതുവേണ്ട, പെര്‍ഫെക്ടാകണമെങ്കില്‍ കാതുകുത്തുക തന്നെ വേണമെന്നുപറഞ്ഞിട്ടാണ് ജയന്‍ അങ്ങനെ ചെയ്തത്. മേരിക്കുട്ടിക്കുവേണ്ടി കൈയില്‍ ശരിക്കുള്ള നഖം പോലും വളര്‍ത്തി. നഖമുള്ളവരുടെ കൈയുടെ ചലനങ്ങളും അല്ലാത്തവരുടെ വിരലുകളുടെ ചലനവും വ്യത്യാസമാണ്.

 

 

ഭക്ഷണം കഴിക്കുമ്പോള്‍പ്പോലും ഒരു താളം നഖമുള്ളവരുടെ കൈയ്ക്കുണ്ട്. ചെറിയ ചലനംപോലും ഒറിജിനലാകാന്‍വേണ്ടി നഖം വളര്‍ത്തി ഭക്ഷണം കഴിച്ച് ശീലിക്കുകവരെ ചെയ്യുന്നുണ്ട്. വാക്‌സിങ്ങിന്റെയും ത്രഡിങ്ങിന്റെയുമൊക്കെ വേദന അനുഭവിച്ചുതന്നെയാണ് ജയന്‍ മേരിക്കുട്ടിയായി മാറുന്നത്. ഓരോതവണയും മീശകുരുത്തുവരുമ്പോള്‍ അത് ത്രഡ് ചെയ്ത്കളയും. അപ്പോഴൊക്കെയുള്ള വേദനകള്‍ ആവേശമാക്കി മാറ്റുകയാണ് ജയന്‍. വേദനകളൊക്കെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയുടെ ഭാഗമാണല്ലോ. ഓരോ ചെറിയ പരിശ്രമവും കഥാപാത്രത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് അദ്ദേഹത്തെ.

 

 

സിനിമയുടെ ഷൂട്ടിങ്ങ് കഴിയുമ്പോഴേക്കും മേരിക്കുട്ടി എത്രമാത്രം ആവേശിക്കുമെന്ന് എനിക്ക് തന്നെ അറിയില്ല. രാത്രി ഒരു മണിക്കൊക്കെ സുധി വാത്മീകത്തിലെ സുധിയെക്കുറിച്ച് ചോദിക്കാന്‍ വിളിച്ച ആളാണ് ജയന്‍. ആ സ്ഥിതിക്ക് മേരിക്കുട്ടി ഒപ്പം കൂടിക്കഴിയുമ്പോള്‍ എന്തൊക്കെ മാറ്റം വരുമെന്ന് കണ്ടറിയാം.