സനാതന ധര്‍മ്മത്തിലേക്ക് ക്ഷണിക്കാനെത്തിയവര്‍ക്കു മുമ്പില്‍ പോലീസ് സലൂട്ട് അടിച്ചുനിന്നു; വനിത കമ്മീഷനോടു ദുരവസ്ഥ പറഞ്ഞിരുന്നെങ്കിലും അങ്ങനെയുണ്ടോ എന്ന് അന്വേഷിച്ചു തിരിച്ചുപോയി,ജീവിതത്തില്‍ നിന്നും രണ്ടു വര്‍ഷം തുടച്ചു നീക്കപെട്ടു,മറ്റാര്‍ക്കും ഇങ്ങനൊരു വിധി വരാന്‍ പാടില്ല

Date : March 12th, 2018

മലപ്പുറം : വീട്ടു തടങ്കലിലായിരുന്ന കാലയളവില്‍ തന്നെ കാണാന്‍ അനുമതി ലഭിച്ചവരെല്ലാം സാനതന ധര്‍മത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടാണ് വന്നതെന്ന് ഹാദിയ. തനിക്ക് സംരക്ഷണം നല്‍കേണ്ട പോലീസ് അവര്‍ക്ക് മുന്നില്‍ സലൂട്ടടിച്ചു നില്‍ക്കുകയും ഞാന്‍ കാര്യങ്ങള്‍ പറയുമ്പോള്‍ എന്നോട് വെറുപ്പ് കാണിക്കുകയുമാണ് ചെയ്തത്. ദേശീയ വനിതാ കമ്മീഷന്‍ എത്തിയപ്പോള്‍ വീട്ടിലെ ദുരവസ്ഥ അരോട് പറഞ്ഞിരുന്നു. എന്നാല്‍, അവര്‍ മാതാപിതാക്കളോട് അങ്ങിനെയുണ്ടോ എന്ന് അന്വേഷിച്ച് തിരിച്ചുപോവുകയായിരുന്നു. എന്റെ ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റിയെന്ന് പറഞ്ഞ ജാമിദ ടീച്ചര്‍ക്ക് ഞാന്‍ കാലുയര്‍ത്തി കാട്ടിക്കൊടുത്തു.

താന്‍ നിയമപോരാട്ടം ശരിക്കും തുടങ്ങിയിട്ട് രണ്ടു വര്‍ഷമായെന്നും രണ്ടു വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് തനിക്ക് നീതി കിട്ടിയതെന്നും ഹാദിയ പറഞ്ഞു. അതില്‍ എടുത്തുപറയാനുള്ള കാലഘട്ടം വിവാഹം റദ്ദാക്കി എന്നെ മാതാപിതാക്കളുടെ കൂടെ അയച്ച ഹൈക്കോടതി ഉത്തരവ് വന്ന മെയ് 24 മുതലുള്ള ആറു മാസക്കാലയളവാണ്. എല്ലാ കാര്യങ്ങളും താന്‍ സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാലത് വേണ്ടപോലെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നൊരു സംശയമുണ്ട്.

ആരെയും കുറ്റപ്പെടുത്താനോ ആരെയും ബുദ്ധിമുട്ടിലാക്കാനോ ഞാനുദ്ദേശിക്കുന്നില്ല. ഞാനിപ്പോള്‍ ഏകദേശം രക്ഷപ്പെട്ടൊരു അവസ്ഥയിലാണ്. നാളെയിതുപോലൊരു അവസ്ഥ ആര്‍ക്കും ഉണ്ടാവരുതെന്നാണ് ആഗ്രഹിക്കുന്നത്. രണ്ടു വര്‍ഷക്കാലം ഒരാളുടെ ജീവിതത്തില്‍ നിന്ന് ഇല്ലാതാവുക എന്നത് വലിയ കാര്യം തന്നെയല്ലേ? 24 വയസ്സുമുതലുള്ള രണ്ട് വര്‍ഷമാണ് എനിക്ക് നഷ്ടമായത്. പഠിക്കാനുള്ള കാലമാണ് അത്. അത് ഒരാളുടെ ജീവിതത്തില്‍ നിന്ന് നഷ്ടപ്പെടുക എന്നത് വളരെ സങ്കടമുണ്ടാക്കുന്ന കാര്യമാണ്. എങ്കില്‍പ്പോലും ഞാന്‍ സന്തോഷവതിയാണ്. ഇനിയൊരാള്‍ക്കും ആ ഒരു അവസ്ഥയുണ്ടാവരുത്. അല്ലാതെ ആരെയും ബുദ്ധിമുട്ടിലാക്കാനല്ല. മതപരിവര്‍ത്തനവും വിവാഹവുമായി ബന്ധപ്പെട്ടു തന്റെ പേരില്‍ നടന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. ഇനി ഒരു വിവാദം ഉണ്ടാവരുത്.