ബംഗളുരുവിന് എതിരാളിയാര്? ഇന്നറിയാം: മത്സരം സമനിലയില്‍ വന്നാല്‍ ടിക്കറ്റ് കിട്ടുക ചെന്നൈയ്ക്ക്; കളി കടുപ്പിക്കാന്‍ ഗോവ

Date : March 13th, 2018

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ നാലിന്റെ ഫൈനലില്‍ ബംഗളുരു സിറ്റിയെ ആര് നേരിടുമെന്ന് ഇന്നറിയാം. ചെന്നൈയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ചെന്നൈയിന്‍ എഫ്.സിയും എഫ്.സി. ഗോവയും തമ്മിലുള്ള രണ്ടാംപാദ സെമി ഫൈനല്‍ വൈകിട്ട് എട്ട് മുതലാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2/ എച്ച്.ഡി., ഏഷ്യാനെറ്റ് മൂവീസ്/ എച്ച്.ഡി. എന്നീ ചാനലുകളിലും ഹോട്ട്‌സ്റ്റാര്‍, ജിയോ ടിവി തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകളിലും മത്സരം തത്മയം കാണാം. ഗോവയില്‍ നടന്ന ഒന്നാംപാദ സെമി 1-1 നു സമനിലയായിരുന്നു. എവേ ഗോളിന്റെ ആനുകൂല്യവുമായാണു ചെന്നൈയിന്‍ ഇന്നിറങ്ങുക.

 

ഗോവ ഗോളടിക്കാതെ വരുകയും മത്സരം സമനിലയില്‍ തുടരുകയുമാണെങ്കില്‍ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ചെന്നൈയിനു ഫൈനല്‍ ടിക്കറ്റ് കിട്ടും. ഇരുടീമുകളും ഗോളടിച്ചു സമനില നേടുകയാണെങ്കില്‍ അധിക സമയവും അവിടെ തീര്‍ന്നില്ലെങ്കില്‍ പെനാല്‍റ്റി ഷൂട്ടൗട്ടും വേണ്ടിവരും. എവേ ഗോളിന്റെ ആനുകൂല്യം നിലനിര്‍ത്താന്‍ ക്ലീന്‍ ഷീറ്റ് ഉറപ്പാക്കുകയാണു ലക്ഷ്യമെന്നു ചെന്നൈയിന്‍ കോച്ച് ജോണ്‍ ഗ്രിഗറി വ്യക്തമാക്കി. പറയുന്നത് സൂപ്പര്‍ മച്ചാന്‍സിന്റെ കോച്ചായതിനാല്‍ തള്ളിക്കളയാനാകില്ല. ഇംണ്ട്, ഇസ്രയേല്‍, കസഖ്‌സ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ 29 ക്ലബുകളെ പരിശീലിപ്പിച്ച ഗ്രിഗറിക്ക് 46 വര്‍ഷത്തെ അനുഭവ സമ്പത്തുണ്ട്.

 

ഗ്രിഗറിയുടെ ശിഷ്യന്‍മാര്‍ക്കു പന്ത് കൈവശം വച്ചു കളിക്കാന്‍ താല്‍പര്യപ്പെടുന്ന ഗോവക്കാരെ പിടിച്ചു നിര്‍ത്താന്‍ വിയര്‍ക്കേണ്ടി വരും. സീസണില്‍ 42 ഗോളുകളാണ് ഗോവക്കാര്‍ അടിച്ചത്. ചെന്നൈയിന്‍ 24 തവണയാണു പന്ത് വലയിലാക്കിയത്. 3-2 നു തങ്ങള്‍ ജയിക്കുമെന്നാണു ഗോവയുടെ കോച്ച് സെര്‍ജിയോ ലോബ്രയുടെ പ്രവചനം. നവംബര്‍ 19 നു ചെന്നൈയിനെതിരേ നടന്ന മത്സരത്തില്‍ ഗോവ ഫെറാന്‍ കോറോമിനാസ്, മാനുവല്‍ ലാന്‍സാറോട്ടെ എന്നിവരിലൂടെ മൂന്നു ഗോളടിച്ചിരുന്നു.

 

ഇനിഗോ കാല്‍ഡെറോണ്‍, മന്ദാര്‍ റാവു ദേശായ്, ഹെന്റിക് സെറേനോ, മെയ്ല്‍സണ്‍ ആല്‍വ്‌സ്, ജെറി ലാല്‍റിന്‍സുല എന്നിവരുടെ പ്രതിരോധ നിരയാണു ചെന്നൈയിന്റെ കരുത്ത്. കരണ്‍ജീത് സിങ്ങിനെ ഗോള്‍ വലയത്തില്‍നിന്നു മാറ്റിയുള്ള പരീക്ഷണത്തിനു ചെന്നൈയിന്‍ ഒരുങ്ങാനിടയില്ല. ബിക്രംജീത്, ധന്‍പാല്‍ എന്നിവര്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുടെ റോളിലുണ്ടാകും. ജെജെ ലാല്‍പെഖുലയെ മുന്‍നിര്‍ത്തിയുള്ള ആക്രമണ നിരയില്‍ നെല്‍സണ്‍, റാഫേല്‍ അഗസ്‌റ്റോ, ഫ്രാന്‍സിസ് എന്നിവരും കളിക്കും.

 

കോറോമിനാസിനെ മുന്‍നിര്‍ത്തുന്ന ഗോവക്കാര്‍ പിന്തുണയ്ക്കായി മന്ദാര്‍, ബൗമൗസ്, ലാന്‍സറോട്ടെ എന്നിവരെയും കളിപ്പിക്കും. ഒന്നാംപാദത്തില്‍ ഗോവ ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമാണിയുടെ മികവും മുന്നേറ്റക്കാരുടെ ഫിനിഷിങ്ങിലെ പോരായ്മയും ചെന്നൈയിനു തിരിച്ചടിയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ പാഴാക്കിയെങ്കിലും ജെജെയാണു ഗോവയുടെ തുറപ്പുചീട്ട്. രണ്ടാംപാദ സെമിയില്‍ പുനെ സിറ്റി എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണു ബംഗളുരു സിറ്റി ഫൈനലില്‍ കടന്നത്.

 

നായകന്‍ സുനില്‍ ഛെത്രിയുടെ ഹാട്രിക്കാണു ബംഗളുരുവിനെ ഫൈനലില്‍ കടത്തിയത്. ജെനാഥന്‍ ലൂക്കയാണു പുനെയ്ക്കു വേണ്ടി ഒരു ഗോള്‍ മടക്കിയത്. കളി തീരാന്‍ ഒരു മിനിട്ട് ശേഷിക്കേയാണു ഛെത്രി ഹാട്രിക്കടിച്ചത്. 17 നു ബംഗളുരുവിന്റെ സ്വന്തം തട്ടകമായ ശ്രീ കണ്ഡീരവ സ്‌റ്റേഡിയത്തിലാണു ഫൈനല്‍. പുനെയിലെ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ഒന്നാംപാദ സെമി ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്.