ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട് ബാധിക്കില്ലന്ന് മുഖ്യമന്ത്രി, ജാഗ്രതാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു,മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതില്‍ വിലക്ക്‌

Date : March 13th, 2018

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട് ബാധിക്കുമെന്ന് പ്രവചനം തെറ്റന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതും വിലക്കി. തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പതിനഞ്ചാം തിയതി വരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

കേരള തീരത്ത് ശക്തമായ ചുഴലികാറ്റിന് സാധ്യതുളള പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പശ്ചാത്തലത്തില്‍ പതിനഞ്ചാം തിയതി വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനു വിലക്ക്.

അതേസമയം, കേരള തീരപ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് നല്‍കി. കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ്‌ ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യുനമര്‍ദം ശക്തമായി നിലനില്‍ക്കുന്നുവെന്നും ഇത് ശക്തമായ ന്യുനമര്‍ദമാകുനെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഈ ന്യുനമര്‍ദം അടുത്ത 36 മണിക്കൂറില്‍ ശക്തമായ ന്യുനമര്‍ദം ആയി ശക്തിപ്പെടുകയും പടിഞ്ഞാറ്-വടക്ക്പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും തെക്കേ അറേബ്യന്‍ ഉള്‍ക്കടലില്‍ മാലീ ദ്വീപിന് സമീപം ശക്തമായ ന്യുനമര്‍ദം ആകുകയും ചെയ്യും എന്നാണ് നിരീക്ഷണം. കടലിനുള്ളില്‍ കാറ്റിന്‍റെ വേഗം 65 കിലോമീറ്റര്‍ വരെയും, തിരമാല സാധാരണയില്‍ നിന്നും 2.5 – 3.2 മീറ്റര്‍ വരെയും ആകുവാന്‍ സാധ്യതയുണ്ട്.

കാറ്റിനൊപ്പം കടലും പ്രക്ഷുബ്ധമാകാനിടയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം നിലവിലുണ്ട്. കൂടാതെ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശ്രീലങ്കയ്ക്ക് പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അറബിക്കടലിലേക്ക് നീങ്ങുന്നു . ലക്ഷദ്വീപ് വഴി ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ന്യൂനമര്‍ദ്ദം തീരത്ത് അടുക്കുന്നതോടെ കേരളത്തില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ നിരീക്ഷണ വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആലപ്പുഴ,എറണാകുളം എന്നീ ജില്ലകളിലാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്. ആലപ്പുഴയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നു.കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ വിന്യസിച്ചു.