വ്യവസായികള്‍ക്കു തിരിച്ചടി, പി എന്‍ ബി തട്ടിപ്പ് പശ്ചാതലത്തില്‍ റിസര്‍വ് ബാങ്ക് ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിങ്, ലെറ്റേഴ്‌സ് ഓഫ് കംഫര്‍ട്ട് എന്നിവ നിര്‍ത്തലാക്കുന്നു

Date : March 13th, 2018

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പാ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിങ് (എല്‍.ഒ.യു ), ലെറ്റേഴ്‌സ് ഓഫ് കംഫര്‍ട്ട് എന്നിവ നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഹ്രസ്വകാല വന്‍കിട വായ്പകള്‍ക്ക് ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ ഇനി മുതല്‍ ജാമ്യം നില്‍ക്കില്ല. പി.എന്‍.ബി നല്‍കിയ ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിങ് ഉപയോഗിച്ചാണ് നീരവ് മോഡി കോടികള്‍ കൈക്കലാക്കിയ ശേഷം രാജ്യം വിട്ടത്. അതേസമയം നിലവിലെ വ്യവസ്ഥകള്‍ പ്രകാരം ലെറ്റര്‍ ഓഫ് ക്രെഡിറ്റ് സംവിധാനം തുടരാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് വേണ്ടി വ്യാപാര വായ്പകള്‍ക്ക് ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിങ്, ലെറ്റേഴ്‌സ് ഓഫ് കംഫര്‍ട്ട് എന്നിവ നല്‍കേണ്ടന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. റിസര്‍വ് ബാങ്കിന് കീഴിലുള്ള ഓതറൈഡ്‌സ് ഡീലര്‍ കാറ്റഗറി 1 ബാങ്കുകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. തങ്ങളുടെ ഇറക്കുമതിക്കായി ബാങ്കുകളില്‍ നിന്നുള്ള ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിങ് പ്രയോജനപ്പെടുത്തുന്ന നിരവധി വ്യവസായികള്‍ക്ക തിരിച്ചടിയാണ് റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം. പി.എന്‍.ബി തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ചില ബാങ്കുകള്‍ ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിങ് നല്‍കുന്നത് സ്വമേധയാ നിര്‍ത്തലാക്കിയിരുന്നു.