ബിജെപിയിലേക്കു ചാടിയതിനു പിന്നാലെ ജയാ ബച്ചനെ നാട്യക്കാരിയെന്നു വിളിച്ച് നരേഷ് അഗര്‍വാള്‍; പൊട്ടിത്തെറിച്ച് സുഷമ സ്വരാജ്; വിവാദം കത്തുന്നു

Date : March 13th, 2018

ജയാബച്ചനെതിരെയുള്ള ബി.ജെ.പി നേതാവ് നരേഷ് അഗര്‍വാളിന്‍റെ വിവാദപരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ജയാ ബച്ചനെ നാട്യക്കാരിയെന്ന് വിളിച്ച നരേഷ് അഗര്‍വാള്‍ ഇന്ത്യന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് യു.പി മുന്‍മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ് പ്രതികരിച്ചു. പരാമര്‍ശത്തില്‍ തെറ്റുണ്ടെന്ന് ബി.ജെ.പിക്ക് തോന്നിയാല്‍ നരേഷിനെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തയ്യാറാവണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

 

എസ്.പി വിട്ട് ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് തൊട്ട് ശേഷമായിരുന്നു, തനിക്ക് ലഭിക്കേണ്ട രാജ്യസഭാ സീറ്റ് സമാജ്്വാദി പാര്‍ട്ടി നേതൃത്വം ഒരു നാട്യക്കാരിക്ക് നല്‍കിയെന്ന നരേഷിന്‍റെ വിവാദപരാമര്‍ശം. മുതിര്‍ന്ന ബിജെപി നേതാവ് സുഷമ സ്വരാജ് പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. നരേഷ് അഗര്‍വാളിന് ബിജെപിയിലേക്ക് സ്വാഗതം, പക്ഷേ ജയ ബച്ചനെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശം അംഗീകരിക്കാനാകില്ല–സുഷമ പറഞ്ഞു.

 

തൊട്ടുപിന്നാലെ സ്മൃതി ഇറാനിയും വിമർശനവുമായി രംഗത്തെത്തി. സഞ്ജയ് നിരുപമിനെതിരായ എന്റെ കേസ് കോടതിയിലെത്തിയിട്ട് അഞ്ചുവർഷമായി. എന്നാൽ എന്റെ പോരാട്ടം മറ്റൊരു സ്ത്രീയെ അപമാനിക്കുന്നതിനുള്ള ഒഴിവുകഴിവല്ല. സ്ത്രീകളിലൊരാൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും. രാഷ്ട്രീയം പോലും കണക്കെടുക്കില്ല – സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു. നരേഷ് അഗർവാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് അലയടിക്കുന്നത്.

 

ഏഴുതവണ ഉത്തർപ്രദേശ് നിയമസഭയിൽ എംഎൽഎയും നിലവിൽ സമാജ്‌വാദി പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമാണു നരേഷ് അഗർവാൾ. ഇത്തവണ പക്ഷേ, അഗർവാളിനു വീണ്ടും സീറ്റ് നൽകാതെ ജയ ബച്ചനെയാണു സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയാക്കിയത്.