നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി ദിലീപും പള്‍സര്‍ സുനിയും കോടതിയില്‍; വനിതാ ജഡ്ജിക്കായി നടി; പ്രത്യേക കോടതിക്കു വേണ്ടിയും ഹര്‍ജി നല്‍കും

Date : March 14th, 2018

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങുന്നു. ദിലീപും പള്‍സര്‍ സുനിയും അടക്കമുളള പ്രതികള്‍ കോടതിയി‌ലെത്തി. അതേസമയം വിചാരണയ്ക്കായി പ്രത്യേകകോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹര്‍ജി നല്‍കും. രഹസ്യവിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും.

 

നടിയെ ആക്രമിച്ച കേസില്‍ പ്രാരംഭ വാദത്തിനും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനും തീയതി നിശ്ചയിക്കുക എന്ന നടപടിക്രമമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഉണ്ടാകുക. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം ആറുപ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. എട്ടാം പ്രതിയായ ദിലീപടക്കം അഞ്ചു പ്രതികള്‍ ജാമ്യത്തിലാണ്. രണ്ടു പേര്‍ മാപ്പുസാക്ഷികളായിരുന്നു.

 

കേസില്‍ ദിലീപിനെ പ്രതിചേര്‍ത്ത ശേഷം ഇരുവരും ഇതുവരെ ഒരുമിച്ചു കാണുന്ന സാഹചര്യമുണ്ടായിട്ടില്ല. കേസില്‍ അറസ്റ്റിലായപ്പോള്‍ തന്നെ പള്‍സര്‍ സുനിക്കൊപ്പം ഒരേ ജയിലില്‍ പാര്‍പ്പിക്കരുതെന്ന് ദിലീപ് കോടതിയോട് അപേക്ഷിക്കുകയും കോടതി ഇത് അനുവദിക്കുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങടക്കം ചില തെളിവുകള്‍ ലഭിച്ചില്ലെന്ന ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. തെളിവുകള്‍ കിട്ടുംവരെ വിചാരണ മാറ്റിവയ്ക്കണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി നിരസിക്കുകയും ചെയ്തിരുന്നു.