ഏഷ്യാനെറ്റ് ന്യൂസ് ഉടമ ഇനി ബിജെപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍; ഔദ്യോഗികമായി പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി; ഇനിയുള്ള തന്റെ എല്ലാ പ്രവര്‍ത്തനം പാര്‍ട്ടിയുടെ വിജയത്തിനെന്ന് രാജീവ് ചന്ദ്രശേഖര്‍

Date : March 14th, 2018

ഏഷ്യാനെറ്റ് ന്യൂസ് റിപ്പബ്ലിക്ക് ടിവി എന്നീ ചാനലുകളുടെ ഉടമ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ ഇനി ബിജെപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍. ബിജെപിയുടെ സ്വതന്ത്ര നോമിനേറ്റഡ് രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖകള്‍ ഇന്നലെയാണ് ഔദ്യോഗികമായി പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തത്.

കര്‍ണാടകയില്‍ നിന്ന് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. ബംഗളൂരിവില്‍ നടന്ന ചടങ്ങില്‍ ബിജെപി മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന പ്രസിഡന്റുമായ ബിഎസ് യെദ്യൂരപ്പ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

ബിജെപി നേതാക്കള്‍ നടത്തിയ മെഡിക്കല്‍ കോളജ് കോഴ അഴിമതി കത്തികയറുന്നതിനിടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പിന്തുണയുമായി ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ പരസ്യമായി നേരത്തെ രംഗത്ത് എത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന വാര്‍ത്തയുടെ ആധികാരികത പോലും സംശയിക്കുന്ന രീതിയിലാണ് ചെയര്‍മാന്റെ പ്രതികരണം. റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അന്നു മുതല്‍ കുമ്മനത്തെ പ്രതികൂട്ടില്‍ നിര്‍ത്താനാണ് ഏഷ്യാനെറ്റ് ന്യൂസും അതിന്റെ മാധ്യമപ്രവര്‍ത്തകരും ശ്രമിച്ചത്. എന്നാല്‍ കോഴ സംബന്ധിച്ച് ഒരു ദിവസം മാത്രമാണ് ചര്‍ച്ച നടന്നതെന്നും രണ്ടാം ദിനം ആയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് വാര്‍ത്ത പിന്‍വലിക്കുകയായിരുന്നുവെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

ഏതാനും വ്യക്തികളില്‍ അധിഷ്ഠിതമായി കേരള ബി ജെ പി ഘടകത്തില്‍ അടുത്തിടെ ഉരുത്തിരിഞ്ഞ സംഭവവികാസങ്ങള്‍ ലക്ഷക്കണക്കിന് വരുന്ന പാര്‍ട്ടി അംഗങ്ങളെയും എന്‍ ഡി എ പ്രവര്‍ത്തകരെയും തെല്ലു സ്തബ്ധരാക്കി എന്നാണ് രാജീവ് ചന്ദ്രശേഖര്‍ അന്നു പറഞ്ഞത്.

പ്രധാനമന്ത്രിയുടെ പോലും ഖ്യാതിയ്ക്കു കളങ്കമുണ്ടാക്കാവുന്ന ഇത്തരം ചീഞ്ഞളിഞ്ഞ വ്യക്തികള്‍ ബി ജെ പി യുടെയും എന്‍ ഡി എ യുടെയും ഭാഗമായിരിക്കില്ല എന്നത് തീര്‍ച്ചയായും ഉറപ്പു വരുത്തേണ്ടതുണ്ട്. തികഞ്ഞ ആഭിജാത്യത്തിനുടമയായ കുമ്മനം രാജശേഖരന്‍ ജനസ്പന്ദനം തിരിച്ചറിയുന്ന വ്യക്തിയാണ്. അധികാര രാഷ്ട്രീയത്തിന്റെ സകലമാന പ്രലോഭനങ്ങളില്‍ നിന്നും അകന്നു മാറി സംശുദ്ധമായ വ്യക്തിത്വം കാത്തു സൂക്ഷിച്ചു പോരുന്ന ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. നിലയ്ക്കല്‍ മുതല്‍ ആറന്മുള വരെയുള്ള വിഷയങ്ങളില്‍ സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊണ്ടു കൊണ്ട് കുമ്മനം സ്വീകരിച്ച നിലപാടുകള്‍ മാത്രം മതിയാകും അദ്ദേഹത്തിന്റെ വ്യക്തി വൈശിഷ്ട്യം തിരിച്ചറിയുന്നതിനു.
അഴിമതിയ്ക്കു എതിരായ പോരാട്ടത്തില്‍ ഞാന്‍ കുമ്മനത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നാണ് അഴിമതി വാര്‍ത്ത തള്ളി അന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. കര്‍ണാടകയില്‍ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാന്‍ പ്രവര്‍ത്തിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.