സമയത്തിന്റെ ഹ്രസ്വചരിത്രം എഴുതിയ സ്റ്റീഫന്‍ ഹോക്കിങ്‌സ് അന്തരിച്ചു; മറഞ്ഞത് മരണത്തെ പോലും അമ്പരപ്പിച്ച മഹാപ്രതിഭ

Date : March 14th, 2018

വിഖ്യാത ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. ആധുനിക പ്രപഞ്ചശാസ്ത്രത്തിന് രൂപം നല്‍കുന്നതില്‍ മുഖ്യപങ്കുവഹിച്ച അദ്ദേഹത്തിന്റെ അന്ത്യം എഴുപത്തിയാറാം വയസില്‍ ബ്രിട്ടനിലെ കേംബ്രിഡ്ജിലാണ്. മഹാനായ ഈ ശാസ്ത്രജ്ഞന്‍ നല്‍കിയ സംഭാവനകളും വീക്ഷണങ്ങളും ഏറെക്കാലം സ്മരിക്കപ്പെടുമെന്ന് ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ മരണം സ്ഥിരീകരിച്ച് മാധ്യമങ്ങള്‍ക്കു നല്‍കിയ കുറിപ്പില്‍ പറഞ്ഞു.

 

ഓക്സ്ഫഡ‍ിൽ 1942 ജനുവരി എട്ടിന് ജനിച്ച അദ്ദേഹത്തിന് 1963ല്‍ മോട്ടോർ ന്യൂറോൺ ബാധിച്ചശേഷം വീല്‍ചെയറിലായിരുന്നു ജീവിതം. ഡോക്ടര്‍മാര്‍ രണ്ടുവര്‍ഷം മാത്രം ജീവിക്കുമെന്ന് വിധിയെഴുതിയ അദ്ദേഹം താന്‍ വിശ്വസിച്ച ശാസ്ത്രത്തെ തന്നെ വെല്ലുവിളിച്ച് 56 വര്‍ഷം ജീവിച്ചത് വൈദ്യശാസ്ത്രത്തില്‍ തന്നെ അപൂര്‍വതയാണ്. ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ ആണ് പ്രശസ്ത രചന.

 

‘താങ്കൾക്കു ജീവിതത്തിൽ അവശേഷിക്കുന്നത് ഇനി രണ്ടു വർഷത്തെ സമയം മാത്രം…’ എന്ന് ഇരുപതാം വയസ്സിൽ ഡോക്ടർ ഹോക്കിങ്ങിനോട് പറഞ്ഞു. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് (മോട്ടോർ ന്യൂറോൺ ഡിസീസ്) കടുത്തിരിക്കുന്നു. തന്റെ സമയത്തെക്കുറിച്ചു ലഭിച്ച മുന്നറിയിപ്പ് അയാളുടെ മുന്നിൽ ഒരു വഴിയായി തെളിഞ്ഞു; ഗവേഷണത്തിനു വിഷയം കിട്ടാതെ വിഷമിച്ചിരുന്ന ആ യുവാവ് ‘സമയ’ത്തെക്കുറിച്ചു ഗവേഷണം തുടങ്ങി. മരണത്തെ മുന്നിൽ നിർത്തി പല്ലിളിച്ച രോഗം, ആ യുവാവിന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ കീഴടങ്ങി ഒളിച്ചു.

 

ജനനം, ജീവിതം

യുകെയിലെ ഓക്സ്ഫഡ‍ിൽ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായ‍ി 1942 ജനുവരി എട്ടിനു ജനിച്ച സ്റ്റീഫൻ വില്യം ഹോക്കിങ്ങിന് ഊർജതന്ത്രത്തിലും ഗണിതത്തിലുമായിരുന്നു താൽപര്യം. ഓക്സ്ഫഡ് സർവകലാശാലയിൽ ബിരുദ പഠനത്തിനു ശേഷം കേംബ്രിജിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ 1962 ൽ, പെട്ടെന്ന് ഒരു ദിവസം സ്റ്റീഫൻ ഹോക്കിങ് കുഴഞ്ഞു വീണു. വിശദമായ വൈദ്യപരിശോധനയിൽ മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന മാരക രോഗമാണെന്നു കണ്ടെത്തുകയായിരുന്നു. പരമാവധി രണ്ടു വർഷം ആയുസ്സെന്നു ഡോക്ടർമാർ വിധിയെഴുതി. രോഗം മൂർച്ഛിച്ച്, ക്രമേണ ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട ഹോക്കിങ്ങിന്റെ ജീവിതം വീൽചെയറിലായി. കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസർ വഴിയായി സംസാരം. രോഗം ശരീരം തളർത്തുന്നതിനിടയിലും തളരാത്ത മനസ്സുമായി കേംബ്രിജിലെ ഗവേഷണകാലത്തു മഹാസ്ഫോടന സിദ്ധാന്തത്തെക്കുറിച്ചും തമോഗർത്തങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു.

 

കുടുംബം

ഗവേഷണകാലത്തു പരിചയപ്പെട്ട ജെയിൻ വൈൽഡിനെ സ്റ്റീഫൻ ഹോക്കിങ് പ്രണയിച്ചു. മാരകമായ രോഗം കണ്ടെത്തിയതോടെ ജെയിൻ വൈൽഡിനെ ഒഴിവാക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും വിവരമറിഞ്ഞതോടെ ജെയിൻ സ്റ്റീഫനെ വിവാഹം കഴിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു, പലരുടെയും ഉപദേശത്തെ മറികടന്ന്. ജെയിനുമായുള്ള വിവാഹനിശ്ചയമാണു കൂടുതൽ ജീവിക്കാൻ തനിക്കു പ്രചോദനമായതെന്നു സ്റ്റീഫൻ ഹോക്കിങ് പറഞ്ഞിട്ടുണ്ട്. ഇവർക്കു മൂന്നു മക്കൾ പിറന്ന‍ു – ലൂസി, തിമോത്തി, റോബർട്ട്. ജെയിൻ വൈൽഡുമായുള്ള ബന്ധം പിരിഞ്ഞശേഷം എലെയ്ൻ മേസൺ എന്ന നഴ്സിനെ അദ്ദേഹം വിവാഹം കഴിച്ചു.

 

പ്രധാന രചനകൾ

സ്റ്റീഫൻ ഹോക്കിങ്ങിനെ ലോകപ്രശസ്തനാക്കിയ A Brief History of Time (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം) . നാൽപതോളം ഭാഷകളിലായി കോടിക്കണക്കിനു പതിപ്പുകൾ വിറ്റഴിഞ്ഞ പുസ്തകമാണിത്. The Universe in a Nutshell, മകൾ ലൂസിയുമായി ചേർന്നു കുട്ടികൾക്കായി അദ്ദേഹം എഴുതിയ ‘George’s Secret Key to The Universe, ദ് ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റിജേഴ്സ്, മൈ ബ്രീഫ് ഹിസ്റ്ററി. ജി.എഫ്.ആർ.എല്ലിസുമായി ചേർന്ന് എഴുതിയ ‘ലാർജ് സ്കെയിൽ സ്ട്രക്ചർ ഓഫ് സ്പേസ് ടൈം’, ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ ‘ജനറൽ റിലേറ്റിവിറ്റി’ എന്നിവയാണു മറ്റു പ്രധാന രചനകൾ.

 

 

email സമയത്തിന്റെ ഹ്രസ്വചരിത്രം എഴുതിയ സ്റ്റീഫന്‍ ഹോക്കിങ്‌സ് അന്തരിച്ചു; മറഞ്ഞത് മരണത്തെ പോലും അമ്പരപ്പിച്ച മഹാപ്രതിഭpinterest സമയത്തിന്റെ ഹ്രസ്വചരിത്രം എഴുതിയ സ്റ്റീഫന്‍ ഹോക്കിങ്‌സ് അന്തരിച്ചു; മറഞ്ഞത് മരണത്തെ പോലും അമ്പരപ്പിച്ച മഹാപ്രതിഭ0facebook സമയത്തിന്റെ ഹ്രസ്വചരിത്രം എഴുതിയ സ്റ്റീഫന്‍ ഹോക്കിങ്‌സ് അന്തരിച്ചു; മറഞ്ഞത് മരണത്തെ പോലും അമ്പരപ്പിച്ച മഹാപ്രതിഭ0google സമയത്തിന്റെ ഹ്രസ്വചരിത്രം എഴുതിയ സ്റ്റീഫന്‍ ഹോക്കിങ്‌സ് അന്തരിച്ചു; മറഞ്ഞത് മരണത്തെ പോലും അമ്പരപ്പിച്ച മഹാപ്രതിഭ0twitter സമയത്തിന്റെ ഹ്രസ്വചരിത്രം എഴുതിയ സ്റ്റീഫന്‍ ഹോക്കിങ്‌സ് അന്തരിച്ചു; മറഞ്ഞത് മരണത്തെ പോലും അമ്പരപ്പിച്ച മഹാപ്രതിഭ