ശാസ്ത്ര സത്യങ്ങളുടെ മുന്നില്‍ ദൈവമെന്നത് അസംബന്ധമെന്നു പറഞ്ഞ ശാസ്ത്രകാരന്‍; രണ്ടു വര്‍ഷം ആയുസ് വിധിച്ചിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പ്; പ്രപഞ്ച യാഥാര്‍ഥ്യങ്ങളിലേക്ക് വാതില്‍ തുറന്ന സ്റ്റീഫന്‍ ഹോക്കിങ് എന്ന മഹാശാസ്ത്രജ്ഞന്റെ ജീവിതം ഇങ്ങനെ

Date : March 14th, 2018

ശാസ്ത്രത്തെ അമ്പരപ്പിച്ച് ഏഴുദശാബ്ദങ്ങള്‍ ലോകത്തേ ശാസ്ത്രപാതയില്‍ അടുപ്പിച്ചു നിര്‍ത്തിയ സ്റ്റീഫന്‍ ഹോക്കിങ്‌സ് മരണംവരെ നിരീശ്വരവാദി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ളവയില്‍ ലോകം മുന്നേറുമ്പോള്‍ അതിനെതിരേ കടുത്ത മുന്നറിയിപ്പുകള്‍ നല്‍കിയിട്ടാണ് ഹോക്കിങ്‌സിന്റെ മടക്കമെന്നതും ഏറെ ശ്രദ്ധേയമാണ്. ഹോക്കിങ്‌സും അലന്‍ ടൂറിങ്ങും അടക്കമുള്ള ശാസ്ത്ര ബുദ്ധി ജീവികള്‍ ഒരിക്കലും ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല.

 

ദൈവമില്ലെന്ന വാദവുമായി നിരവധി തവണ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാദപ്രതിവാദം നടത്തി. ഈ പ്രപഞ്ചം എങ്ങനെ നിര്‍മിക്കപ്പെട്ടു, നിലനില്‍ക്കുന്നു എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശാസ്ത്രലോകത്തിന് ഒരുപാട് തെളിവുകളുണ്ട്. ഇതിനിടയില്‍ ദൈവം എന്ന വാക്കിന് യാതൊരു പ്രാധാന്യവുമില്ലെന്നായിരുന്നു ഹോക്കിങ്‌സ് തെളിയിച്ചത്.

 

 

ഇന്ന് ജനങ്ങള്‍ പിന്തുടരുന്ന ദൈവ ശാസ്ത്രം മനുഷ്യര്‍ക്കിടയില്‍ അറിവിന്റെ അസമത്വം സൃഷ്ടിക്കാന്‍ മാത്രമാണ് സഹായിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദൈവ ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം മനുഷ്യന്റെ ഭാവി എന്ന വിഷയത്തെപ്പറ്റിയും അദ്ദേഹം സംസാരിക്കുമായിരുന്നു. ഭാവിയില്‍ ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വികസിക്കുന്നതോടെ അതുവച്ച് രൂപീകരിക്കപ്പെടുന്ന യന്ത്രങ്ങള്‍ മനുഷ്യനെ 100 കൊല്ലത്തിനുള്ളില്‍ കീഴടക്കിയേക്കും. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സിന്റെ കാര്യത്തില്‍ ഇപ്പോഴേ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലോകം ആ വഴിയില്‍ ഒരുപാടു മുന്നേറിയെന്ന് അടുത്തിടെ സോഫിയ എന്ന ‘ഹ്യൂമനോയ്ഡ്’ തെളിയിച്ചു. മനുഷ്യന്‍ നിര്‍മിക്കുന്ന യന്ത്രത്തേക്കാള്‍ മഹത്തരമായിരിക്കും ഈ ‘ഹ്യൂമനോയ്ഡു’കള്‍ നിര്‍മിക്കുന്ന യന്ത്രങ്ങള്‍ എന്നതാണ് ഇതിലെ പതിയിരിക്കുന്ന അപകടം.

 

stephen-hawking ശാസ്ത്ര സത്യങ്ങളുടെ മുന്നില്‍ ദൈവമെന്നത് അസംബന്ധമെന്നു പറഞ്ഞ ശാസ്ത്രകാരന്‍; രണ്ടു വര്‍ഷം ആയുസ് വിധിച്ചിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പ്; പ്രപഞ്ച യാഥാര്‍ഥ്യങ്ങളിലേക്ക് വാതില്‍ തുറന്ന സ്റ്റീഫന്‍ ഹോക്കിങ് എന്ന മഹാശാസ്ത്രജ്ഞന്റെ ജീവിതം ഇങ്ങനെ

 

ഇരുപതാം വയസില്‍ രണ്ടുവര്‍ഷം മാത്രം ആയുസ് വിധിച്ച ഡോക്ടര്‍മാരെ അമ്പരപ്പിച്ചാണ് ഹോക്കിങ്‌സ് ഏഴു പതിറ്റാണ്ട് ശാസ്ത്രലോകത്ത് നിറഞ്ഞു നിന്നത്. നാഡീ കോശങ്ങളെ തളര്‍ത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്) കടുത്തിരിക്കുന്നു. തന്റെ സമയത്തെക്കുറിച്ചു ലഭിച്ച മുന്നറിയിപ്പ് അയാളുടെ മുന്നില്‍ ഒരു വഴിയായി തെളിഞ്ഞു; ഗവേഷണത്തിനു വിഷയം കിട്ടാതെ വിഷമിച്ചിരുന്ന ആ യുവാവ് ‘സമയ’ത്തെക്കുറിച്ചു ഗവേഷണം തുടങ്ങി. മരണത്തെ മുന്നില്‍ നിര്‍ത്തി പല്ലിളിച്ച രോഗം, ആ യുവാവിന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ കീഴടങ്ങി. ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ രണ്ടു വര്‍ഷമെന്ന കടമ്പ കടന്ന ആ മനുഷ്യന്‍, സ്റ്റീഫന്‍ ഹോക്കിങ്, ലോകം കണ്ട ഏറ്റവും മഹാനായ മനുഷ്യ സ്‌നേഹിയും ശാസ്ത്രജ്ഞനുമായി.

 

യുകെയിലെ ഓക്‌സ്ഫഡില്‍ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായ!ി 1942 ജനുവരി എട്ടിനു ജനിച്ച സ്റ്റീഫന്‍ വില്യം ഹോക്കിങ്ങിന് ഊര്‍ജതന്ത്രത്തിലും ഗണിതത്തിലുമായിരുന്നു താല്‍പര്യം. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനു ശേഷം കേംബ്രിജില്‍ ഗവേഷണത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ 1962 ല്‍, പെട്ടെന്ന് ഒരു ദിവസം സ്റ്റീഫന്‍ ഹോക്കിങ് കുഴഞ്ഞു വീണു. വിശദമായ വൈദ്യപരിശോധനയില്‍ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന മാരക രോഗമാണെന്നു കണ്ടെത്തുകയായിരുന്നു. പരമാവധി രണ്ടു വര്‍ഷം ആയുസ്സെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി.

1stephen-hawking ശാസ്ത്ര സത്യങ്ങളുടെ മുന്നില്‍ ദൈവമെന്നത് അസംബന്ധമെന്നു പറഞ്ഞ ശാസ്ത്രകാരന്‍; രണ്ടു വര്‍ഷം ആയുസ് വിധിച്ചിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പ്; പ്രപഞ്ച യാഥാര്‍ഥ്യങ്ങളിലേക്ക് വാതില്‍ തുറന്ന സ്റ്റീഫന്‍ ഹോക്കിങ് എന്ന മഹാശാസ്ത്രജ്ഞന്റെ ജീവിതം ഇങ്ങനെ

 

രോഗം മൂര്‍ച്ഛിച്ച്, ക്രമേണ ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട ഹോക്കിങ്ങിന്റെ ജീവിതം വീല്‍ചെയറിലായി. കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസര്‍ വഴിയായി സംസാരം. രോഗം ശരീരം തളര്‍ത്തുന്നതിനിടയിലും തളരാത്ത മനസ്സുമായി കേംബ്രിജിലെ ഗവേഷണകാലത്തു മഹാസ്‌ഫോടന സിദ്ധാന്തത്തെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു. ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ റോജര്‍ പെന്റോസ് നക്ഷത്ര പരിണാമത്തിലെ അവസ്ഥയായ തമോഗര്‍ത്തങ്ങളെക്കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തങ്ങളായിരുന്നു പ്രചോദനം. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ഹോക്കിങ്ങിന്റെ പ്രശസ്തി ലോകമെങ്ങും പരന്നു. 1966ല്‍ ഡോക്ടറേറ്റ് നേടിയ സ്റ്റീഫന്‍ ഹോക്കിങ് ആ വര്‍ഷം തന്നെ റോജര്‍ പെന്റോസുമായി ചേര്‍ന്ന് ‘സിംഗുലാരിറ്റി ആന്‍ഡ് ദി ജ്യോമെട്രി ഓഫ് സ്‌പേസ് -ടൈം’ എന്ന പ്രബന്ധമെഴുതി ലോക നെറുകയിലെത്തി.

 

 

1974 ല്‍ റോയല്‍ സൊസൈറ്റിയില്‍ അംഗമായി. 1979 മുതല്‍ 30 വര്‍ഷം കേംബ്രിജ് സര്‍വകലാശാലയില്‍ അപ്ലൈഡ് മാത്തമാറ്റിക്‌സ് ആന്‍ഡ് ഫിസിക്‌സ് വിഭാഗത്തില്‍ ല്യൂക്കേഷ്യന്‍ പ്രഫസറായി. ഐസക് ന്യൂട്ടന്‍ വഹിച്ചിരുന്ന പദവിയാണത്. ‘തിയറി ഓഫ് എവരിതിങ്’ എന്ന പേരില്‍ പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെ സംബന്ധിച്ച സമഗ്രമായ സിദ്ധാന്തവും അദ്ദേഹം ആവിഷ്‌കരിച്ചു. 2004 ജൂലൈയില്‍ ഡബ്ലിനില്‍ ചേര്‍ന്ന രാജ്യാന്തര ഗുരുത്വാകര്‍ഷണ- പ്രപഞ്ചശാസ്ത്ര സമ്മേളനത്തില്‍ തമോഗര്‍ത്തങ്ങളെക്കുറിച്ച് അന്നുവരെ താന്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിച്ചിരുന്ന പലധാരണകളെയും തിരുത്തുന്ന പുതിയ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചു.

 

stephen-hawking1 ശാസ്ത്ര സത്യങ്ങളുടെ മുന്നില്‍ ദൈവമെന്നത് അസംബന്ധമെന്നു പറഞ്ഞ ശാസ്ത്രകാരന്‍; രണ്ടു വര്‍ഷം ആയുസ് വിധിച്ചിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പ്; പ്രപഞ്ച യാഥാര്‍ഥ്യങ്ങളിലേക്ക് വാതില്‍ തുറന്ന സ്റ്റീഫന്‍ ഹോക്കിങ് എന്ന മഹാശാസ്ത്രജ്ഞന്റെ ജീവിതം ഇങ്ങനെ

ദൃശ്യ പ്രപഞ്ചത്തില്‍ നിന്നും ശാഖകളായി പിരിയുന്ന ശിശു പ്രപഞ്ചങ്ങള്‍ എന്ന ആശയവും ഹോക്കിങ് അവതരിപ്പിച്ചു. അടുത്ത കാലത്തു ബ്ലാക് ഹോളുകള്‍ ഇല്ലെന്നും പകരം ഗ്രേ ഹോളുകള്‍ ആണുള്ളതെന്നും ഉള്ള നിഗമനം അവതരിപ്പിച്ച സ്റ്റീഫന്‍ ഹോക്കിങ് വീണ്ടും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. അന്യഗ്രഹ ജീവന്‍ തേടുന്ന വമ്പന്‍ ഗവേഷണപദ്ധതിയായ ബ്രേക്ക് ത്രൂ ഇനിഷ്യേറ്റീവുമായി ഹോക്കിങ് ഈയിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനു ശേഷം ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗല്‍ഭമായ മസ്തിഷ്‌കത്തിന്റെ ഉടമയെന്ന പേരിനര്‍ഹമായി മാറി അദ്ദേഹം (രണ്ടുപേരുടെയും ഐക്യു നിലവാരം 160 ആണെന്നാണ് ഇതേപ്പറ്റി പഠനം നടത്തിയവര്‍ കണ്ടെത്തിയത്).

 

മരണസമീപസ്ഥനായിട്ടും പ്രണയഭരിതന്‍

 

ഗവേഷണകാലത്തു പരിചയപ്പെട്ട ജെയിന്‍ വൈല്‍ഡിനെ സ്റ്റീഫന്‍ ഹോക്കിങ് പ്രണയിച്ചു. മാരകമായ രോഗം കണ്ടെത്തിയതോടെ ജെയിന്‍ വൈല്‍ഡിനെ ഒഴിവാക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും വിവരമറിഞ്ഞതോടെ ജെയിന്‍ സ്റ്റീഫനെ വിവാഹം കഴിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു, പലരുടെയും ഉപദേശത്തെ മറികടന്ന്. ജെയിനുമായുള്ള വിവാഹനിശ്ചയമാണു കൂടുതല്‍ ജീവിക്കാന്‍ തനിക്കു പ്രചോദനമായതെന്നു സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞിട്ടുണ്ട്. ഇവര്‍ക്കു മൂന്നു മക്കള്‍ പിറന്നു. ലൂസി, തിമോത്തി, റോബര്‍ട്ട്. ജെയിന്‍ വൈല്‍ഡുമായുള്ള ബന്ധം പിരിഞ്ഞശേഷം എലെയ്ന്‍ മേസണ്‍ എന്ന നഴ്‌സിനെ അദ്ദേഹം വിവാഹം കഴിച്ചു.

 

 

സ്റ്റീഫന്‍ ഹോക്കിങ്ങുമായുള്ള ബന്ധത്തെക്കുറിച്ചു മുന്‍ ഭാര്യ ജെയിന്‍ വൈല്‍ഡ് എഴുതിയ ‘ട്രാവലിങ് ടു ഇന്‍ഫിനിറ്റി, മൈ ലൈഫ് വിത്ത് സ്റ്റീഫന്‍’ എന്ന പുസ്തകവും അതിനെ ആധാരമാക്കി ജയിംസ് മാര്‍ഷ് സംവിധാനം ചെയ്ത ‘ദ് തിയറി ഓഫ് എവരിതിങ്’ (2014) എന്ന സിനിമയും കൂടുതല്‍ അറിവു നല്‍കും.