പ്രാണവായു കിട്ടാതെ 290 പിഞ്ചുകുട്ടികള്‍ മരിച്ചത് യോഗിയുടെ മണ്ഡലത്തിലെ അമ്മമാര്‍ മറന്നില്ല; ബിജെപി തോറ്റത് കാല്‍നൂറ്റാണ്ട് കൈവശം വച്ച മണ്ഡലത്തില്‍; യോഗി ജയിച്ചു കയറിയ ഗൊരഖ് പൂരിലെ തോല്‍വിയില്‍ ഞെട്ടി മോഡി

Date : March 14th, 2018

വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ അപ്രമാധിത്യം തകര്‍ത്ത് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍, ഫുല്‍പൂര്‍, ബിഹാറിലെ അറാറിയ എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വന്‍ പരാജയമാണ് സംഭവിച്ചത്. യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം മങ്ങുംമുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിച്ചാണ് ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവന്നത്.

ഗൊരഖ്പൂരില്‍ കാല്‍ നൂറ്റാണ്ടിലേറെയായി കൈവശം വെച്ച സീറ്റാണ് ബിജെപിയ്ക്ക് ഉപതെരെഞ്ഞെടുപ്പില്‍ നഷ്ടമായത് . 27 വര്‍ഷമായി ബിജെപി മാത്രമേ ഇവിടെ ജയിച്ചിട്ടുള്ളൂ. കഴിഞ്ഞ തവണ മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജയിച്ചിടത്താണ് ബിജെപിയുടെ ദയനീയ തോല്‍വി എന്നതും പതനത്തിന്റെ ആഘാതം കൂട്ടുന്നു .

yogi-adityanath-667 പ്രാണവായു കിട്ടാതെ 290 പിഞ്ചുകുട്ടികള്‍  മരിച്ചത് യോഗിയുടെ മണ്ഡലത്തിലെ അമ്മമാര്‍ മറന്നില്ല; ബിജെപി തോറ്റത് കാല്‍നൂറ്റാണ്ട് കൈവശം വച്ച മണ്ഡലത്തില്‍; യോഗി ജയിച്ചു കയറിയ ഗൊരഖ് പൂരിലെ തോല്‍വിയില്‍ ഞെട്ടി മോഡി

21,881 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എസ്പി സ്ഥാനാര്‍ത്ഥി പ്രവീണ്‍കുമാര്‍ നിഷാദ് ബിജെപിയുടെ ഉരുക്കുകോട്ടയില്‍ ജയിച്ചുകയറിയത്. ഉപേന്ദ്രദത്ത് ശുക്ലയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് വന്‍വിജയം നേടി ഒരു കൊല്ലം തികയുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബിജെപി വന്‍തിരിച്ചടിയേല്‍ക്കുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സ്ഥാനാരോഹിതനായപ്പോള്‍ ഒഴിവ് വന്ന സീറ്റാണ് ഗൊരഖ്പൂരിലേത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് 312783 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണിത്. തന്റെ മണ്ഡലമായതിനാലും, സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലും യോഗി മുന്നില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. എന്നാല്‍ യോഗിയുടെ ഭരണത്തിന് ജനങ്ങള്‍ കൃത്യമായി മാര്‍ക്കിട്ടു. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള തിരിച്ചടിയായി മുഖമന്ത്രിയുടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം.

തീവ്ര ഹിന്ദുത്വം ഇളക്കി വിട്ട് മൃഗീയ ഭൂരിപക്ഷം സ്വന്തമാക്കി വിജയിച്ചിരുന്ന മണ്ഡലമാണ് ഗൊരഖ്പൂര്‍ .1989 ശേഷം ഗോര്‍ഖനാഥ് അമ്പലത്തിലെ മുഖ്യകാര്‍മികരായിരുന്നു മണ്ഡലത്തില്‍ ജയിച്ചിരുന്നത്. 89 ല്‍ അവെദ്യ നാഥില്‍ ആരംഭിച്ച് 2014 വരെ യോഗിയിലൂടെ തുടര്‍ന്നിരുന്ന കീഴ്വഴക്കാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.

 

1991 മുതല്‍ ബിജെപി മാത്രം ജയിച്ചുകയറിയിരുന്ന മണ്ഡലമാണ് ഗൊരഖ്പൂര്‍. ബിജെപി ജയിക്കുന്നതിന് തൊട്ട്മുമ്പ് 1989ല്‍ എച്ച്എംഎസ് സ്ഥാനാര്‍ഥി അവൈദ്യ നാഥ് ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. എന്നാല്‍ 1991 ല്‍ അവൈദ്യനാഥിനെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ച് മത്സരിപ്പിച്ച് വിജയിപ്പിച്ചാണ് മണ്ഡലത്തില്‍ ചുവടുറപ്പിയിക്കുന്നത്. തുടര്‍ന്ന് 96 ല്‍ അവൈദ്യ തന്നെ യായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1999 ലാണ് യോഗി അദിത്യനാഥ് മണ്ഡലത്തില്‍ ആദ്യമായി ജയിക്കുന്നത്. 2004,2009,2014 വര്‍ഷങ്ങളിലും യോഗി തന്നെയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1999 ല്‍ കേവലം 8000 ത്തിനടുത്ത് ഭൂരിപക്ഷം നേടി വിജയിച്ചിരുന്ന യോഗി 2014 ല്‍ തന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷമായി ഉയര്‍ത്തി. ആ തരത്തില്‍ ബിജെപിക്ക് സ്വാധീനമുണ്ടായിരുന്ന മണ്ഡലമായിരുന്നു ഗൊരഖ്പൂര്‍.

എന്നാല്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായിരുന്നിട്ട് പൊലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ പിന്നിലായിരുന്നു. കൂടാതെ ഗൊരഖ്ബൂര്‍ ആശുപത്രിയില്‍ നടന്ന കൂട്ട ശിശുമരണവും യോഗിക്കെതിരെ ഭരണവിരുദ്ധ വികാരം ഉയരാന്‍ കാരണമായി. ഈ സാഹചര്യങ്ങള്‍ തിരിഞ്ഞു കൊത്തിയതാണ് ഉരുക്കുകോട്ടയായിരുന്നിട്ട് പോലും ഗൊരഖ്പൂര്‍ ബിജെപിയെ കൈവിട്ടത്.

modi-new-759 പ്രാണവായു കിട്ടാതെ 290 പിഞ്ചുകുട്ടികള്‍  മരിച്ചത് യോഗിയുടെ മണ്ഡലത്തിലെ അമ്മമാര്‍ മറന്നില്ല; ബിജെപി തോറ്റത് കാല്‍നൂറ്റാണ്ട് കൈവശം വച്ച മണ്ഡലത്തില്‍; യോഗി ജയിച്ചു കയറിയ ഗൊരഖ് പൂരിലെ തോല്‍വിയില്‍ ഞെട്ടി മോഡി

ബിജെപിയെ തകര്‍ക്കാന്‍ 25 വര്‍ഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനില്‍ക്കുന്നെന്ന പ്രത്യേകതയാണു യുപി ഉപതിരഞ്ഞെടുപ്പിനുള്ളത്. ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും കഴിഞ്ഞവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. 2017ലെ തിരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ 325 സീറ്റിന്റെ കൂറ്റന്‍ വിജയമാണു ബിജെപി നേടിയത്.

‘ബി.എസ്.പി. വോട്ടുകള്‍ ഇങ്ങനെ എസ്.പിയിലേക്ക് ഒഴുകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അന്തിമഫലം വന്നശേഷം കാര്യങ്ങള്‍ വിശകലനം ചെയ്യും. ഭാവിയില്‍ എസ്പി,ബിഎസ്പി, കോണ്‍ഗ്രസ് എന്നിവര്‍ ഒന്നിച്ചു വന്നാല്‍ എങ്ങനെ നേരിടണമെന്നതിന് തയ്യാറെടുക്കും. 2019ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നയങ്ങള്‍ രൂപീകരിക്കും’. എന്നാണ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കെ.പി.മൗര്യ പ്രതികരിച്ചത്. ‘ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള അതൃപ്തിയാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായിരിക്കുന്നത്. സര്‍ക്കാര്‍ തങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.’വെന്ന് എസ്പി നേതാവ് രാം ഗോപാല്‍ യാദവും പറഞ്ഞു.