പിണറായിയെ പുകഴ്ത്തിയതിന് വെള്ളാപ്പള്ളിക്ക് പ്രത്യുപകാരം; 15 കോടിയുടെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസുകള്‍ മരവിപ്പിച്ചു, വിഎസിന്റെ പരാതിയും ചവറ്റുകുട്ടയില്‍ തള്ളി, 27 കേസില്‍ പ്രതിയായ നടേശന്‍ വിശുദ്ധന്‍!

Date : March 14th, 2018

സിദ്ധാര്‍ഥ് കാര്‍ത്തികേയന്‍/ തിരുവനന്തപുരം


ഇടയ്ക്ക് ഇടയ്ക്ക് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും പുകഴ്ത്തുന്നതിന്റെ പ്രത്യുപകാരമായി യോഗത്തിന്റെ കീഴില്‍ നടന്ന കോടികളുടെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസുകള്‍ മരവിപ്പിച്ചു. മൈക്രോഫിനാന്‍സ് വായ്പയുടെ മറവില്‍ വ്യാജരേഖ ചമച്ച് പിന്നോക്ക വിഭാഗ കോര്‍പ്പറേഷനില്‍ നിന്നും കോടികള്‍ തട്ടിയെടുത്തതായ ആരോപണത്തെത്തുടര്‍ന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സും പോലീസും എടുത്ത കേസുകളാണ് തുടര്‍ അന്വേഷണം നടത്താതെ മരവിപ്പിച്ചത്.

 

മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പള്ളിയും സമുദായ നേതൃത്വവും നേരിട്ട് നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് വി.എസ് അച്യുതാനന്ദന്റെ പരാതിയില്‍ അടക്കം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തുടര്‍ നടപടിയില്ലാതെ അനന്തമായി നീട്ടികൊണ്ടു പോകുന്നത്. വെള്ളാപ്പള്ളി നടേശന്‍, എം എന്‍ സോമന്‍, കെ കെ മഹേശന്‍, എം നജീബ്, ദിലീപ് കുമാര്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും, ഐ പി സി യിലെ വിവിധ വകുപ്പുകള്‍ പ്രകാരവും 14.07.2016 ല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കൃത്യമായ തുടര്‍ അന്വേഷണം നടത്തിയിരുന്നില്ല. പിണറായിയും വെള്ളപ്പള്ളിയുമായി പുനലൂര്‍ റസ്റ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേസ് അന്വേഷണത്തില്‍ വിജിലന്‍സിനും പോലീസിനും മൂക്കുകയര്‍വീണത്.

 

vellappally പിണറായിയെ പുകഴ്ത്തിയതിന് വെള്ളാപ്പള്ളിക്ക് പ്രത്യുപകാരം; 15 കോടിയുടെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസുകള്‍ മരവിപ്പിച്ചു, വിഎസിന്റെ പരാതിയും ചവറ്റുകുട്ടയില്‍ തള്ളി, 27 കേസില്‍ പ്രതിയായ നടേശന്‍ വിശുദ്ധന്‍!

ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 27 കേസുകളും ഇപ്പോള്‍ തുടര്‍അന്വേഷണമില്ലാതെ ഫയലുകളില്‍ പൂഴ്ത്തിയിരിക്കുകയാണ്. അടൂര്‍14, പത്തനംതിട്ട1, തിരുവല്ല1, ചീമേനി1, ചന്തേര1, മണ്ണുത്തി1, റാന്നി1, അടിമാലി1, കായംകുളം3, ചെങ്ങന്നൂര്‍1, പത്തനാപുരം1 എന്നിങ്ങനെ വിവിധ പോലീസ് സ്‌റ്റേഷനുകളിലും സി.ബി.സി.ഐ.ഡി നേരിട്ട് ഒന്നും കേസുകളാണ് എടുത്തിരിക്കുന്നത്. കൊല്ലം ക്രൈംബ്രാഞ്ച് ഇ.ഒ.ഡബ്ല്യു വിഭാഗം എസ്.പി യ്ക്കാണ് അന്വേഷണ ചുമതല. ഐ പി സി 420, 409 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനിടെ ഈ കേസ് സംബന്ധിച്ച് ഒരു അന്വേഷണവും നടത്താന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചിട്ടില്ല. കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഗ്രാഫിറ്റിമാഗസിനോട് വ്യക്തമാക്കി.

 

നേരത്തെ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന്‍, മൈക്രോ ഫിനാന്‍സ് സംസ്ഥാന കോഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ്, നിലവിലെ എം.ഡി ബി. ദിലീപ്കുമാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ അഞ്ചുപേരെ പ്രതിചേര്‍ത്തിട്ടുള്ള എഫ്.ഐ.ആര്‍ അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. മൈക്രോഫിനാന്‍സ് ഇടപാടില്‍ വെള്ളാപ്പള്ളി 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന നടന്ന അന്വേഷണത്തിലാണ് നടപടി. വി.എസിന്റെ പരാതിയില്‍ ദിലീപ്കുമാറിനെ ഉള്‍പ്പെടുത്തിയിരുന്നില്‌ളെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്. കോടികളുടെ തിരിമറി നടന്നെന്ന് പ്രാഥമികപരിശോധനയില്‍ ബോധ്യമായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു.

vellappally-with-thushar-so പിണറായിയെ പുകഴ്ത്തിയതിന് വെള്ളാപ്പള്ളിക്ക് പ്രത്യുപകാരം; 15 കോടിയുടെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസുകള്‍ മരവിപ്പിച്ചു, വിഎസിന്റെ പരാതിയും ചവറ്റുകുട്ടയില്‍ തള്ളി, 27 കേസില്‍ പ്രതിയായ നടേശന്‍ വിശുദ്ധന്‍!

അഴിമതി നിരോധന നിയമത്തിലെ 13(2), 13(1)(ഡി), 13(1)(ഇ) വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കല്‍, വ്യാജരേഖ അസ്സലായി ഉപയോഗിക്കല്‍, സാമ്പത്തികതിരിമറി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 20032015 കാലയളവിലാണ് കേസിനാസ്പദമായ ക്രമക്കേട് നടന്നത്. എസ്.എന്‍.ഡി.പി യോഗത്തിന് കീഴിലെ സ്വാശ്രയസംഘങ്ങള്‍ക്ക് വിതരണംചെയ്യാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടിയില്‍ ക്രമക്കേട് നടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിന്നാക്കവികസന കോര്‍പറേഷന്റെ നിബന്ധനപ്രകാരം അഞ്ച് ശതമാനം പലിശക്ക് സംഘങ്ങള്‍ക്ക് നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം പലിശക്ക് വിതരണംചെയ്തതായി വിജിലന്‍സ് കോടതിയെ ധരിപ്പിച്ചിരുന്നു.

 

പിന്നാക്ക വികസന കോര്‍പറേഷന്‍ ജില്ലാ മാനേജര്‍മാര്‍ക്ക് ധനവിനിയോഗ റിപ്പോര്‍ട്ട് എല്ലാവര്‍ഷവും നല്‍കിയിട്ടില്ല, ഗുണഭോക്താക്കളെന്ന പേരില്‍ പലരുടെയും വ്യാജരേഖകളുണ്ടാക്കി പണംതട്ടി തുടങ്ങിയ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനോടകം കോടിക്കണക്കിന് രൂപ യോഗം പിന്നാക്കവികസന കോര്‍പറേഷന് മടക്കിനല്‍കാനുണ്ടെന്നും ഇത് തിരിച്ചുപിടിക്കുന്നതിനായി റവന്യൂ റിക്കവറി നടപടികള്‍ കോര്‍പറേഷന്‍ സ്വീകരിച്ച സാഹചര്യത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നും കണ്ടത്തെിയാണ് വിജിലന്‍സ് കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ കോടതിയുടെ ഈ ഉത്തരവ് അക്ഷരം പ്രതി അനുസരിക്കാന്‍ ഉദ്യോഗസ്ഥരെ പലപ്പോഴും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.

 

പാവപ്പെട്ടവര്‍ക്ക് കുറഞ്ഞപലിശക്ക് നല്‍കാനായി മൂന്ന് ഘട്ടങ്ങളിലായി വായ്പയില്‍ തിരിമറി നടത്തിയെന്നും 18 ശതമാനം വരെ പലിശ ഈടാക്കിയെന്നും വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ പിന്നാക്കവികസന കോര്‍പറേഷന്‍ വീണ്ടും വായ്പ നല്‍കിയെന്നുമായിരുന്നു വി.എസ് പരാതിയില്‍ പറഞ്ഞിരുന്നത്. പരാതി സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും നടപടിക്രമങ്ങള്‍ നീളുകയായിരുന്നു.

 

മൈക്രോ ഫിനാന്‍സ് ഇടപാട് സംബന്ധിച്ച കേസന്വേഷണത്തെ ഒരുതരത്തിലും ഭയക്കുന്നില്ലന്നാണ് വെള്ളാപ്പള്ളി നടേശന്‍ അന്നു വ്യക്തമാക്കിയിരുന്നത്. കേസിന്റെ പേരില്‍ ഓടിയൊളിക്കാന്‍ പോകുന്നില്ല. ഇവിടത്തെന്നെ ഉണ്ടാകും. തീയില്‍ കുരുത്ത താന്‍ വെയിലത്ത് വാടില്ല. ഇതിന്റെപേരില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട കാര്യമില്ല. അത്തരം ആവശ്യം ഉന്നയിച്ച സുധീരനൊന്നുമല്ല തന്നെ ഈ സ്ഥാനത്ത് ഇരുത്തിയതെന്ന് വെള്ളാപ്പള്ളി അന്നു പറഞ്ഞിരുന്നു. തുടര്‍ന്നു വിഎസിനെതിരെ രൂഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. ഒരുകുറ്റവും ചെയ്യാത്ത തന്നെ ചിലര്‍ നിക്ഷിപ്തതാല്‍പര്യത്തിന്റെ പേരില്‍ വേട്ടയാടുകയായിരുന്നു. മുമ്പും ഇടതുപക്ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ തനിക്കെതിരെ നീങ്ങിയിട്ടുണ്ട്.

അന്ന് കൊല്ലം എസ്.എന്‍ കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് തന്റെ വീടിനുമുന്നില്‍ സമരം നടത്തി കുറെകാലം വീട്ടില്‍ കയറ്റാതിരുന്നിട്ടുണ്ട്. തന്നെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് വി.എസിനെ തൃപ്തിപ്പെടുത്താനാണ്. തനിക്കുള്ളതിനെക്കാള്‍ വി.എസിന്റെ വിഷമമാണ് പലരും കാണുന്നത്. പ്രതിപ്പട്ടികയില്‍ താനില്‌ളെങ്കില്‍ വി.എസ് പ്രശ്‌നമുണ്ടാക്കുമെന്ന് അവര്‍ക്കറിയാമെന്നും അതിനാല്‍ തന്നെ ബലിയാട് ആക്കിയെതെന്നുമാണ് വെള്ളപ്പള്ളി പരസ്യമായി പറഞ്ഞത്. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ മൂന്നു കൂടിക്കാഴ്ചകളാണ് കേസുകള്‍ എല്ലാം തേച്ചുമായ്ച്ച് കളയാന്‍ എസ്.എന്‍.ഡി.പി സെക്രട്ടറിയെ സഹായിച്ചത്.

 

ഇക്കാര്യം മനസിലാക്കിയ വിഎസ് ഇക്കാര്യം സഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് വി.എസ് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ഇഴയുന്നത് ഖേദകരമാണ്. ആവശ്യമായ നടപടികള്‍ പെട്ടെന്ന് സ്വീകരിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം വി.എസ് ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രത്യേകം അന്വേഷണസംഘം ആവശ്യമെങ്കില്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ കേസുകള്‍ അനന്തമാതി നീണ്ടിട്ടും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചില്ല.  കേസുകള്‍ സര്‍ക്കാര്‍ ഒതുക്കി നല്‍കിയാല്‍ എസ്എന്‍ഡിപി നേതൃത്വം നലകുന്ന ബിഡിജെഎസ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന ഉറപ്പും വെള്ളാപ്പള്ളി പിണറായിക്കും കോടിയേരിക്കും നല്‍കിയിട്ടുണ്ട്.

 

കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച വെള്ളാപ്പള്ളി ബിഡിജെഎസ് നിലപാടില്‍ ഉടന്‍ മാറ്റമുണ്ടാകുമെന്നും പറഞ്ഞു. ബിജെപി സംസ്ഥാന ഘടകവുമായുള്ള ബിഡിജെഎസിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണുകഴിഞ്ഞു. ബിഡിജെഎസ് എന്‍ഡിഎ വിടണമെന്നാണ് വെള്ളാപ്പള്ളി ഏറെനാളായി ആവശ്യപ്പെടുന്നത്. പാര്‍ട്ടി താമരയുമായുള്ള ബന്ധം വിടാനൊരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് വെള്ളാപ്പള്ളി ക്ലിഫ് ഹൗസിലെത്തിയത്. എസ്എന്‍ട്രസ്റ്റിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ രാഷ്ട്രീയവും ചര്‍ച്ചയായി. ചര്‍ച്ചയുടെ എല്ലാ ലക്ഷ്യവും പറയാനാകില്ലെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.

വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാത്തതിലുള്ള അതൃപതി ബിജെപി ദേശീയ നേതൃത്വത്തെ ഒരിക്കല്‍ കൂടി അറിയിക്കാനുള്ള നീക്കത്തിലാണ് ബിഡിജഎസ്. വേങ്ങരയിലും കുമ്മനത്തിന്റെ യാത്രയിലും ഇതുവരെ ബിജെപിയപുമായുള്ള സഹകരണം പ്രഖ്യാപിച്ചിട്ടില്ല. കെപിസിസി പ്രസിഡണ്ട് കഴിഞ്ഞ ദിവസം ബിഡിജഎസിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. രാഷ്ട്രീയനീക്കങ്ങള്‍ ചൂടിപിടിക്കുന്നതിനിടെ ഈയാഴ്ച ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ നിര്‍ണായകമാണ്