പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിയുടെ ശ്രമം; ‘വര്‍ഗീയ ലഹള ഉണ്ടാക്കും, ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ വാര്‍ത്തകള്‍ വളച്ചൊടിക്കും’; പ്രതിപക്ഷ നേതാക്കളെ അപമാനിക്കാന്‍ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടത് ആറു കോടി മുതല്‍ 50 കോടി വരെ, കോബ്രാ പോസ്റ്റിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ ഞെട്ടി ഇന്ത്യ

Date : March 26th, 2018

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കുന്ന വാര്‍ത്തകള്‍ ചമയ്ക്കുന്നതിനായി മാധ്യമങ്ങള്‍ പണം വാങ്ങുന്നതായി വെളിപ്പെടുത്തി കോബ്രാ പോസ്റ്റിന്റെ സ്റ്റിങ് ഓപ്പറേഷന്‍. ഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കുന്ന മാധ്യങ്ങളുടെ അധികൃതരെ എല്ലാം വീഡിയോയി കുടുക്കിയാണ് കോബ്രാ പോസ്റ്റ് തങ്ങളുടെ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

ഉത്തരേന്ത്യയിലെ പത്രങ്ങളിലെയും ചാനലുകളിലെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലെയും ഉന്നതര്‍ കോബ്രാ പോസ്റ്റിന്റെ രഹസ്യക്യാമറയില്‍ കുടുങ്ങി. കള്ളപ്പണംവരെ ഈ മാധ്യമങ്ങള്‍ സ്വീകരിക്കുന്നതായും കോബ്രാ പോസ്റ്റ് പറയുന്നു.

Cobrapost പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിയുടെ ശ്രമം; 'വര്‍ഗീയ ലഹള ഉണ്ടാക്കും, ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ വാര്‍ത്തകള്‍ വളച്ചൊടിക്കും'; പ്രതിപക്ഷ നേതാക്കളെ അപമാനിക്കാന്‍ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടത് ആറു കോടി മുതല്‍ 50 കോടി വരെ, കോബ്രാ പോസ്റ്റിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ ഞെട്ടി ഇന്ത്യ

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ അജന്‍ഡ നിറച്ച വാര്‍ത്തകളും വാര്‍ത്താപരമ്പരകളും നല്‍കാന്‍ പ്രമുഖ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളെയും വാര്‍ത്താചാനലുകളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും സമീപിച്ച കോബ്ര പോസ്റ്റ് അന്വേഷണസംഘം പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

മുപ്പതിലധികം മാധ്യമസ്ഥാപനങ്ങള്‍ പെയ്ഡ് ന്യൂസ് നല്‍കാന്‍ സന്നദ്ധത അറിയിച്ചു. ആറുകോടി മുതല്‍ അന്‍പതുകോടി രൂപ വരെയാണ് സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടത്. കളളപ്പണമാണെങ്കിലും സ്വീകരിക്കാമെന്ന് സമ്മതിച്ച മാധ്യമസ്ഥാപനങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുവാനും, വര്‍ഗീയ കലാപമുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുവാനും ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു.

പണം നല്‍കുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയാണോ അവരുടെ എതിരാളികള്‍ക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ സന്നദ്ധരാണെന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുഷ്പ ശര്‍മ്മ എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നടത്തിയ അന്വേഷണത്തിലൂടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി പുഷ്പ ശര്‍മ്മ രണ്ട് ഡസനോളം മാധ്യമപ്രവര്‍ത്തകരെ കണ്ടുവെന്നും ,ആറ് കോടി രൂപ മുതല്‍ 50 കോടി രൂപ വരെ വാഗ്ദാനം ചെയ്തപ്പോള്‍, അവരുടെ മാധ്യമസ്ഥാപനങ്ങളില്‍ പാര്‍ട്ടികള്‍ക്കുവേണ്ടി പ്രചരണം നടത്താന്‍ അവസരം നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായും അന്വേഷണ പരമ്പരയില്‍ വ്യക്തമാക്കുന്നുണ്ട്.

ആദ്യ മൂന്നു മാസങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുകയും തുടര്‍ന്ന് വിനയ് കത്യാര്‍, ഉമാ ഭാരതി, മോഹന്‍ ഭാഗവത് എന്നീ ആര്‍എസ്എസുകാരുടെ തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ അടങ്ങുന്ന പ്രസംഗങ്ങള്‍ പ്രചരിപ്പിക്കുകയും, പിന്നീട് രാഹുല്‍ ഗാന്ധി, മായാവതി,അഖിലേഷ് യാദവ് എന്നിവരെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചരണ രീതി മാറ്റുകയും ചെയ്യും. ചാനലുകള്‍ തുടങ്ങിവയ്ക്കുന്ന ഈ പ്രചാരണം തുടര്‍ന്ന് പ്രിന്റ്, ഓണ്‍ലൈന്‍, സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലും എത്തിക്കുന്നുണ്ട്.

ഇന്ത്യ ടിവി, ദൈനിക് ജാഗരണ്‍, ഹിന്ദി ഖബര്‍, സബ് ടിവി, ഡിഎന്‍എ, അമര്‍ ഉജാല, 9എക്‌സ് തഷാന്‍, സമാചാര്‍ പ്ലസ്, എച്ച്എന്‍എന്‍ 24*7, പഞ്ചാബ് കേസരി, സ്വതന്ത്ര ഭാരത്, സ്‌കൂപ് വൂപ്, റെഡിഫ്, ഇന്ത്യ വാച്ച്, സാധ്‌ന പ്രൈം ന്യൂസ് എന്നീ മാധ്യമസ്ഥാപനങ്ങളുമായാണ് പുഷ്പ ശര്‍മ്മ സംസാരിച്ചത്. ഇവരെല്ലാം ആര്‍എസ്എസ് ബിജെപി ചായ്വുള്ളവരാണെന്ന് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.

പ്രേക്ഷകരുടെ ഉളളില്‍ ഹിന്ദുത്വ അജന്‍ഡ പടിപടിയായി കുത്തിവച്ച് വോട്ടുറപ്പിക്കുകയെന്ന ലക്ഷ്യം സാധിച്ചുതരാമെന്ന് വന്‍കിട മാധ്യമശൃംഖലയുടെ ഉടമസ്ഥന്‍ തന്നെ സമ്മതിക്കുന്നുണ്ട്.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിച്ച് പപ്പു തുടങ്ങിയ പരിഹാസവാക്കുകള്‍ തുടര്‍ച്ചയായി ആളുകളിലേക്ക് എത്തിക്കാമെന്നും പറയുന്നു.

ഹിന്ദുത്വ അജന്‍ഡ പ്രോല്‍സാഹിപ്പിക്കുന്ന പരസ്യം നല്‍കാമെന്ന് ഏറ്റവരുണ്ട്. സ്റ്റിങ് ഓപ്പറേഷന്റെ ഒന്നാംഭാഗമാണ് കോബ്രപോസ്റ്റ് പുറത്തുവിട്ടത്. രണ്ടാം ഭാഗം ഉടന്‍ പുറത്തുവിടുമെന്ന് കോബ്ര പോസ്റ്റ് ഉടമ അനിരുദ്ധ ബഹല്‍ വ്യക്തമാക്കി. ‘ഓപ്പറേഷന്‍ 136’ എന്ന പേരില്‍ നടത്തിയിരിക്കുന്ന സ്റ്റിങ് ഓപ്പറേഷന് അഞ്ചുഭാഗങ്ങളാണുള്ളതെന്ന് ഓണ്‍ലൈന്‍ അധികൃതര്‍ പറയുന്നു.