എണ്ണക്കമ്പനികള്‍ കൊയ്യുന്നത് കോടികള്‍; ഒരു ദിവസം 200 കോടി ലാഭം; നട്ടംതിരിഞ്ഞ് ജനം; എണ്ണവില ഉയരങ്ങളിലേക്ക്‌

Date : April 2nd, 2018

കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് സ്‌നേഹത്തില്‍ എണ്ണകമ്പനികള്‍ കൊയ്യുന്നത് കോടികള്‍. ഇന്ധന വിലവര്‍ധനയില്‍ ജനം നട്ടം തിരിയുമ്പോള്‍ കേരളത്തില്‍ നിന്നുമാത്രം പ്രതിദിനം കൊയ്യുന്ന ലാഭം 200 കോടിയിലധികമാണ്. 2007 മുതല്‍ 2017 വരെയുള്ള കാലയളവില്‍ കമ്പനികള്‍ കൊയ്ത ലാഭം 50,000 കോടിയാണെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

 

അസംസ്‌കൃത എണ്ണ വില താഴ്ന്ന ഘട്ടങ്ങളിലും അമിത വില ഈടാക്കി കമ്പനികള്‍ കൊള്ളലാഭം കൊയ്യുകയാണെന്ന് കണക്കുകള്‍ അടിവരയിടുന്നു. 2014-15 കാലഘട്ടത്തില്‍ ഇന്ധനത്തില്‍നിന്ന് കേന്ദ്രത്തിന് നികുതി വരുമാനമായി കിട്ടിയത് 99,000 കോടിയാണ്. എന്നാല്‍, 2016-17 കാലഘട്ടത്തില്‍ അത് 2,42,000 കോടിയായി ഉയര്‍ന്നു.

 

അതേസമയം സംസ്ഥാനത്ത് ഡീസല്‍ വില കുതിക്കുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 രൂപയാണ് ഡീസല്‍ വില. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഡീസല്‍ വില ഇന്ന് 19 പൈസയാണ് വര്‍ധിച്ചത്. 77.63 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഇതോടെ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ഏഴ് രൂപ മാത്രമായി ചുരുങ്ങി. എണ്ണകമ്പനികള്‍ പ്രതിദിനം വില നിശ്ചയിക്കുന്ന രീതി തുടങ്ങിയതോടെയാണ് എണ്ണവിലയില്‍ ക്രമാതീതമായ വര്‍ധനയുണ്ടായത്.

 

ഇന്ധനവില ദിവസവും മാറുന്ന രീതി ജൂണ്‍ 16-നാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. അന്ന് പെട്രോളിന് 68.53 രൂപയും ഡീസലിന് 58.70 രൂപയുമായിരുന്നു. പുതിയ രീതിപ്രകാരം വിലക്കുറവിന്റെ നേട്ടം അതത് ദിവസം ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ വില കുറഞ്ഞത് വിരലിലെണ്ണാവുന്ന ദിനങ്ങളില്‍ മാത്രം.

 

വില്‍പ്പന നികുതി കുറച്ചതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് നാലുരൂപയും കേരളത്തിലേതിനെക്കാള്‍ കുറവുണ്ട്. കെ.എസ്.ആര്‍.ടി.സി. അവിടെനിന്നാണ് ഇന്ധനം എത്തിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുന്നതിലൂടെ കേരള സര്‍ക്കാരിന് ശരാശരി 27 രൂപയുടെ വരുമാനവുമുണ്ട്.

 

2013ലാണ് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അക്കൊല്ലം സെപ്റ്റംബറില്‍ പെട്രോള്‍ വില ലിറ്ററിന് 77 രൂപയായിരുന്നു. എന്നാല്‍ അന്ന് ഡീസലിന്റെ വില ലിറ്ററിന് 56 രൂപ മാത്രമായിരുന്നു.