പെട്രോള്‍ വില മോഡിയെ തിരിഞ്ഞു കൊത്തുന്നു; യുപിഎ സര്‍ക്കാരിനെ പരിഹസിച്ച് അധികാരം പിടിച്ചപ്പോള്‍ മലക്കം മറിഞ്ഞു; തെരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞതും ചെയ്തതും രണ്ട്

Date : April 3rd, 2018

ഗ്രാഫിറ്റി മാഗസിന്‍ ബ്യൂറോ


ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലകള്‍ അനുദിനം കുതിച്ചുയരുമ്പോള്‍ പ്രധാനമന്ത്രി മോഡിക്കെതിരേ വിരല്‍ചൂണ്ടി പഴയ പ്രസ്താവനകള്‍. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡി, ഇന്ധന വിലക്കയറ്റത്തെ ‘സര്‍ദാര്‍ ഹു ഈസ് നോട്ട് അസാര്‍ദര്‍’ (തലവന്‍ അത്ര പോര) എന്നായിരുന്നു പരിഹസിച്ചത്. 2012 മേയിലാണ് യുപിഎ സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധനവിലവര്‍ധനയ്ക്ക് അംഗീകാരം നല്‍കിയത്. പെട്രോളിന് 7.54 രൂപയാണ് ഉയര്‍ത്തിയത്. അന്നു ഡല്‍ഹിയില്‍ 73.18 രൂപയിലെത്തി. നിലവില്‍ ന്യൂഡല്‍ഹിയില്‍ 73.73 രൂപയാണു പെട്രോളിന്.

 

എന്നാല്‍, ക്രൂഡ് ഓയിലിന് 14.5 ശതമാനം വില ഉയരുകയും രൂപയുടെ മൂല്യം 3.2 ശതമാനം താഴുകയും ചെയ്തപ്പോഴാണു യുപിഎ സര്‍ക്കാര്‍ വില ഉയര്‍ത്തിയത്. അന്നു ഗുജറാത്തിന്റെ മുഖ്യ മന്ത്രിയായിരുന്ന മോഡി, ഇന്ധന വില വര്‍ധന ‘കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമെന്നായിരുന്നു വിലയിരുത്തിയത്. ഇതിന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബിജെപി മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നു ഭാരത് ബന്ദിനും ആഹ്വാനം ചെയ്തു. പിന്നീടു 2013ല്‍ വീണ്ടും എണ്ണവില കൂട്ടിയപ്പോള്‍ ബിജെപിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തി.

modi-tweet-1 പെട്രോള്‍ വില മോഡിയെ തിരിഞ്ഞു കൊത്തുന്നു; യുപിഎ സര്‍ക്കാരിനെ പരിഹസിച്ച് അധികാരം പിടിച്ചപ്പോള്‍ മലക്കം മറിഞ്ഞു; തെരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞതും ചെയ്തതും രണ്ട്

 

2013 ജൂണില്‍, രൂപയുടെ വിലയിടിവും ക്രൂഡ് ഓയില്‍ വില വര്‍ധനയുമാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന യുപിഎ സര്‍ക്കാരിന്റെ വാദങ്ങളെല്ലാം തള്ളിയ ബിജെപി, ‘യുപിഎ സര്‍ക്കാരിന്റെ ഒമ്പതു വര്‍ഷത്തെ തെറ്റായ സാമ്പത്തിക നയങ്ങളാണ് ഇതിനിടയാക്കിയത്’ എന്നും വാദിച്ചു. ബിജെപിയുടെ അന്നത്തെ വക്താവ് സുധാംശു ത്രിവേദിയായിരുന്നു രംഗത്തുവന്നത്. ബിജെപിയുടെ ലോജിക്ക് വളരെ ലളിതമായിരുന്നു. ‘യുപിഎ സര്‍ക്കാര്‍ സാമ്പത്തിക രംഗം സുശക്തമാക്കുന്നതിനുള്ള കൃത്യമായ പോളിസികള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ എണ്ണയ്ക്കു സബ്‌സിഡി നല്‍കാമായിരുന്നു’ എന്നായിരുന്നു അത്.

 

ഇപ്പോള്‍ മോഡിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ബിജെപിയുടെ മുഴുവന്‍ നേതാക്കളും പറയുന്നത് ഇന്ത്യന്‍ സമ്പദ്‌രംഗം സുശക്തമാണെന്നും ലോകത്തെ ഏറ്റവും വേഗത്തില്‍ ശക്തിപ്രാപിക്കുന്ന സാമ്പത്തിക മേഖലയാണെന്നുമാണ്. എന്നാല്‍, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നില്ലെന്നു മാത്രം! മാത്രമല്ല, ഇന്ധന സബ്‌സിഡിയെക്കുറിച്ച് ഒരു വാക്കുപോലും ആരും മിണ്ടുന്നുമില്ല.

 

മന്‍മോഹന്‍ സിങ് സര്‍ക്കാരിനെതിരേ മോഡിയുടെ പ്രചാരണത്തിലെ ഏറ്റവും വലിയ ആയുധങ്ങളിലൊന്നായിരുന്നു എണ്ണവില. ഇന്ധനവില നിയന്ത്രിക്കുമെന്ന പ്രഖ്യാപനത്തില്‍ തെരഞ്ഞെടുപ്പുതന്നെ മോഡിക്ക് അനുകൂലമാക്കാന്‍ കഴിഞ്ഞു. മോഡി തരംഗത്തില്‍ 2014ല്‍ അധികാരത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍, മോഡി അവകാശപ്പെട്ട ഇന്ധനവില നിയന്ത്രണം മാത്രം തുടര്‍ന്നുള്ള മൂന്നുവര്‍ഷം അട്ടത്തുവച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ അത് ക്രമാതീതമായി ഉയരാനും തുടങ്ങി. മേയ് 2014ല്‍ ക്രൂഡ് ഓയിലിന്റെ വില 113 യുഎസ് ഡോളര്‍ ആയിരുന്നെങ്കില്‍ 2015 ജനുവരിയില്‍ അത് 50 അമേരിക്കന്‍ ഡോളറില്‍ എത്തി. വിലകുറയ്ക്കാനുള്ള അവസരമാക്കി മോഡി ഇതിനെ എടുക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഇതു തന്റെ ഭാഗ്യമെന്നായിരുന്നു മോഡി വിശേഷിപ്പിച്ചത്. 2017 മധ്യത്തില്‍വരെ ഇതു തുടര്‍ന്നിട്ടും ഭാഗ്യത്തിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു കിട്ടിയില്ല. 2016 ജനുവരില്‍ ഒരിക്കല്‍ ക്രൂഡ് ഓയില്‍ വില 29 അമേരിക്കന്‍ ഡോളര്‍ വരെ എത്തിയെന്നും മനസിലാക്കണം.

 

മോഡി അധികാരത്തിലെത്തിയ ശേഷം 2014 മേയ് മുതല്‍ 2017 സെപ്റ്റംബര്‍ വരെ പെട്രോളിയത്തിന്റെ നികുതി മാത്രം 12 വട്ടമാണ് കൂട്ടിയത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ രണ്ടുരൂപ കുറച്ചു. പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍(പിപിഎസി) ഡാറ്റ അനുസരിച്ച് പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 54 ശതമാനവും വാറ്റ് 46 ശതമാനവും ഉയര്‍ന്നു. ഡീലര്‍മാരുടെ കമ്മിഷന്‍ 73 ശതമാനമായിരുന്നു ഈ സമയം.

 

ഡീസലിന്റെ കാര്യത്തില്‍ മേയ് 2014 മുതല്‍ സെപ്റ്റംബര്‍ 2017 വരെ എക്‌സൈസ് ഡ്യൂട്ടി 154 ശതമാനവും വാറ്റ് 48 ശതമാനവും ഉയര്‍ത്തി. ഡീലര്‍ കമ്മിഷന്‍ 73% ആയി. കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ നികുതി രണ്ടു ശതമാനം കുറയ്ക്കാനാന്‍ സംസ്ഥാനങ്ങളോടാണു മോഡി ആവശ്യപ്പെട്ടത്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതു പിന്തുടര്‍ന്നത്. കേന്ദ്രം പറയുന്നത് എക്‌സൈസ് നികുതി കുറിച്ചതിലൂടെ 26,000 കോടിയുടെ നഷ്ടമുണ്ടായെന്നാണ്.

 

ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതിന് അനുസരിച്ച് ഇന്ധന വില ഉയരുകയാണ് ചെയ്യുന്നത്. എന്നാല്‍, വില കുറഞ്ഞ സമയത്തൊന്നും അത് ഇന്ധന വിലയില്‍ പ്രതിഫലിപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ തയാറായില്ല. പകരം നികുതി ഉയര്‍ത്തുകയാണുണ്ടായത്. 2014 നവംബറിനും 2016 ജനുവരിക്കും ഇടയില്‍ പെട്രോളിന്റെ വില 11.77 രൂപയും ഡീസലിന് 13. 47 രൂപയുമാണ് ഉയര്‍ന്നത്. ഈ 15 മാസത്തിനിടെ സര്‍ക്കാരിനുണ്ടായ വരുമാനം ഇരട്ടിയിലേറെയാണ്. 99,000 കോടിയില്‍നിന്നും 2016-17 കാലഘട്ടത്തില്‍ 242,000 കോടിയിലെത്തി.

 

ഇപ്പോഴത്തെ സ്ഥിതി

ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റിനു മുമ്പായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ വില കുറയ്ക്കുന്നതിനെക്കുറിച്ചു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി സംസാരിച്ചപ്പോള്‍ അതു തള്ളിക്കളയുകയാണുണ്ടായത്. നിലവില്‍ പെട്രോളിനു ന്യൂഡല്‍ഹിയില്‍ 73.73 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 64.58ലും എത്തി. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ വില നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇപ്പോള്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. അങ്ങനെയെങ്കില്‍ 38 രൂപയ്ക്കു വില്‍ക്കാമെന്നും അവകാശപ്പെടുന്നു.