എസ്.ബി.ഐയില്‍നിന്ന് കൂട്ട പിരിച്ചുവിടല്‍; ആദ്യഘട്ടത്തില്‍ ഒമ്പതു പേരുടെ പണി തെറിച്ചു; ബാങ്കില്‍നിന്ന് എടുത്ത ലോണും ഉടന്‍ തിരിച്ചടയ്ക്കണം; വ്യാപക പ്രതിഷേധം

Date : April 5th, 2018

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ (എസ്.ബി.ടി) എസ്.ബി.ഐയില്‍ ലയിപ്പിച്ചതിനെത്തുടര്‍ന്ന് അസോസിയേറ്റ് ബാങ്കുകളില്‍നിന്ന് എത്തിയ ഒമ്പതു പ്രൊബേഷണറി ഓഫീസര്‍മാരുടെ പണി തെറിച്ചു. എസ്ബിടിയില്‍നിന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരില്‍നിന്നും എത്തിയവരാണ് ഇവരെല്ലാം. ബാങ്കില്‍നിന്ന് എടുത്ത വായ്പകളും ഉടന്‍ തിരിച്ചടയ്ക്കണമെന്നാണ് ഇവര്‍ക്കു ലഭിച്ച നിര്‍ദേശം.

 

രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ അവസാനിക്കുമ്പോള്‍ പൊതു പരീക്ഷ നടത്തി സ്ഥിരം നിയമനം നല്‍കുകയാണു പതിവ്. എന്നാല്‍, പ്രൊബേഷന്‍ മാസങ്ങള്‍ നീട്ടിയശേഷമാണ് ഇക്കുറി പരീക്ഷ നടത്തിയത്. തോറ്റവര്‍ക്ക് ഉടനടി പിരിച്ചുവിടന്‍ നോട്ടീസും കിട്ടി. എസ്ബിഎമ്മില്‍ നിന്ന് എസ്ബിഐയിലെത്തിയ മൂന്നുപേരെയും എസ്ബിടിയില്‍നിന്നെത്തിയ ആറുപേരെയുമാണ് പിരിച്ചുവിട്ടത്. ഇതില്‍ എട്ടുപേരും ഇതരസംസ്ഥാനക്കാരാണ്. രണ്ടു സ്ത്രീകളും ഇതില്‍പ്പെടും.

 

എസ്ബിടിയിലും എസ്ബിഎമ്മിലും ഒരുവര്‍ഷവും എട്ടുമാസവും ആയവര്‍ അസോസിയേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിച്ചതോടെ അതിന്റെ ഭാഗമായിരുന്നു. രണ്ടു വര്‍ഷത്തിനിടെ രണ്ടു പരീക്ഷകള്‍ ഇവര്‍ ജയിച്ചിരിക്കണമെന്നാണ് ചട്ടം. പരീക്ഷ നടത്താതെ എസ്ബിഐ ഇവരുടെ പ്രൊബേഷന്‍ കാലാവധി നീട്ടിക്കൊണ്ടുപോയി. രണ്ടുവര്‍ഷവും ഒമ്പതുമാസവും പ്രൊബേഷനില്‍ ജോലിചെയ്യിച്ചശേഷമാണ് പരീക്ഷ തോറ്റെന്നു പറഞ്ഞു പുറത്താക്കിയതെന്നു ബിഹാര്‍ സ്വദേശി റാണ അജീത് നവീന്‍ കുമാര്‍ പറഞ്ഞു.

 

എസ്ബിടിയുടെ ബംഗളൂരു ശാഖയില്‍ ആദ്യം ജോലിചെയ്ത റാണയെ കൊല്ലം ശാസ്താംകോട്ട ബ്രാഞ്ചിലേക്കു മാറ്റി. പിന്നീടു കണ്ണൂരിലേക്കും മാറ്റി. ശാസ്താംകോട്ടയിലും കണ്ണൂരിലും ഇയാള്‍ക്ക് ബാങ്കധികൃതര്‍ സ്വതന്ത്രചുമതല നല്‍കുകയും ചെയ്തു. പ്രൊബേഷണറി ഓഫീസര്‍മാര്‍ക്ക് അക്കൗണ്ടന്റ്, ലോണ്‍ ഓഫീസര്‍, ഫീല്‍ഡ് ഓഫീസര്‍, ബ്രാഞ്ച് മാനേജര്‍ തസ്തികകളിലുള്ള ജോലികള്‍ നല്‍കരുതെന്നാണ് ബാങ്കിങ് ചട്ടം. ഈ ഒമ്പതുപേരും അസോസിയേറ്റ് ബാങ്കിലായിരിക്കുമ്പോഴും എസ്ബിഐയിലും ഇത്തരം ജോലികള്‍ ചെയ്തിരുന്നു. റാണ, ബ്രാഞ്ച് മാനേജരുടെ ജോലിയും ചെയ്തു. ബിടെക് ബിരുദധാരിയാണ് ഇയാള്‍. അച്ഛനും അമ്മയും മുത്തശ്ശിയുമടങ്ങൂന്ന കുടുംബത്തിന്റെ ഏക ആശ്രയം.

 

എസ്ബിഎമ്മില്‍നിന്ന് എസ്ബിഐയിലെത്തിയ അനുരാജിന്റെ അവസ്ഥയും വ്യത്യസ്തമല്ല. തളര്‍വാതം പിടിപെട്ട അച്ഛനും ഹൃദ്രോഗിയായ അമ്മയും പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ സഹോദരനുമടങ്ങൂന്ന കുടുംബത്തിന്റെ അത്താണിയാണിയാള്‍. കര്‍ണാടകത്തില്‍ എസ്ബിഐയുടെ ബേലൂര്‍ ശാഖയില്‍ പ്രൊബേഷണറി ഓഫീസറായിരുന്നു ബിഹാര്‍ പട്‌ന സ്വദേശിയായ ഈ യുവാവ്. പ്രൊബേഷണറി കാലയളവില്‍ ഇയാള്‍ ഫീല്‍ഡ് ഓഫീസറായും ലോണ്‍ ഓഫീസറായും ജോലിചെയ്തിരുന്നു. ലോണ്‍ നല്‍കിയ വിവിധ രേഖകളില്‍ ലോണ്‍ ഓഫീസര്‍ എന്നപേരില്‍ ഒപ്പുവയ്ക്കാന്‍വരെ ഇദ്ദേഹത്തെ അനുവദിച്ചിരുന്നു.

 

ബിടെക്കും എംബിഎയും തത്തുല്യ ഉന്നത വിദ്യാഭ്യാസ യോഗ്യതയുമുള്ളവരാണ് ഇവരെല്ലാം.
പ്രൊബേഷന്‍ കാലാവധി കഴിയുന്നമുറയ്ക്ക് ഉടന്‍ പരീക്ഷ നടത്തുകയും അതില്‍ പരാജയപ്പെടുന്നവര്‍ക്ക് വീണ്ടും അവസരം നല്‍കുകയുമാണ് അസോസിയേറ്റ് ബാങ്കുകള്‍ ചെയ്തിരുന്നത്. ലയനത്തിന്റെ പേരുപറഞ്ഞ് കാലാവധി നീട്ടിക്കൊണ്ടുപോയി ഒരു ദിവസം ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട ഇവര്‍ ബാങ്കില്‍നിന്നെടുത്ത വായ്പപോലും ഉടന്‍ തിരിച്ചടയ്ക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് അധികൃതര്‍.