സിനിമ തലയ്ക്കു പിടിച്ചപ്പോള്‍ പദ്മരാജനെ കണ്ടു, ഒഴിവില്ലെന്നു പറഞ്ഞു മടക്കി; സംവിധായകന്‍ ആകാന്‍ ഇറങ്ങി സ്ഥിരം വില്ലന്‍ പദവിയില്‍; മൂന്നാം സിനിമയുടെ സംവിധാനത്തിനിടെ മരണം; കൊല്ലം അജിത്ത് നാം അറിയുന്നതിനും അപ്പുറത്താണ്

Date : April 6th, 2018

ഏതു സിനിമയാണെങ്കിലും അടിയും ഇടിയും കൊണ്ട് നായകന്റെ കൈകൊണ്ടു തീരുന്ന വില്ലന്‍. അതായിരുന്നു ഇന്നലെ അന്തരിച്ച നടന്‍ കൊല്ലം അജിത്ത്. മലയാള സിനിമയില്‍ ‘സ്ഥിരം’ വില്ലന്‍ എന്ന പദവി മറ്റാരേക്കാളും ഇണങ്ങുന്നതും അജിത്തിനാകും. ഭീമന്‍ രഘുവടക്കമുള്ളവര്‍ ഹാസ്യത്തിലേക്കും മറ്റും കടന്നപ്പോഴും അജിത്തിനെ സമീപിച്ചവരെല്ലാം ‘തല്ലുകൊള്ളല്‍’ ചുമതല ഏല്‍പ്പിച്ചു.

 

എന്നാല്‍, മൂന്നു പതിറ്റാണ്ടു മുമ്പ് പദ്മരാജന്റെ അടുത്ത് ചാന്‍സ് ചോദിച്ച് എത്തിയപ്പോള്‍ അഭിനയമായിരുന്നില്ല ലക്ഷ്യം, മറിച്ച് സംവിധാനം തന്നെയായിരുന്നു. അടിയും ഇടിയുംകൊണ്ടു നടനായെങ്കിലും അജിത്ത് എന്ന സ്ഥിരോത്സാഹിയെ സംവിധായകനാകുക എന്ന ലക്ഷ്യത്തില്‍നിന്ന് അതൊന്നും തടഞ്ഞില്ല. അല്‍പം െവെകിയെങ്കിലും രണ്ടുസിനിമകള്‍ സ്വന്തമായി സംവിധാനം ചെയ്തു. മൂന്നാമത്തേതിന്റെ പണിപ്പുരിയിലേക്കു കടന്നപ്പോഴാണു മരണം വില്ലന്‍വേഷം കെട്ടിയത്.

 

കൊല്ലം എസ്.എന്‍. കോളജില്‍ ബിരുദപഠനകാലത്താണ് സിനിമ അജിത്തിന്റെ തലയ്ക്കു പിടിച്ചത്. പഠനശേഷം ആദ്യം സമീപിച്ചത് പത്മരാജനെയായിരുന്നു. എന്നാല്‍ സഹസംവിധായകനാകാന്‍ ഒഴിവില്ലെന്നു പറഞ്ഞ് മടക്കി. പക്ഷേ ആ മുഖം പത്മരാജന്‍ മറന്നില്ല. 1984 ല്‍ പറന്ന് പറന്ന് പറന്ന് എന്ന സിനിമയെടുത്തപ്പോള്‍ പത്മരാജന്‍ അതില്‍ അജിത്തിന് മുഖം കാണിക്കാന്‍ അവസരം നല്‍കി. അതൊരു തുടക്കമായിരുന്നു. പിന്നീടുള്ള 30 വര്‍ഷം മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കള്‍ക്കുമൊപ്പം വേഷമിട്ടു. മോഹന്‍ലാലിന്റെ ആക്ഷന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

 

തല്ലുകൊള്ളി അല്ലെങ്കില്‍ വാടകഗുണ്ട വേഷങ്ങളാണ് അജിത്തിനെ തേടി കൂടുതലും എത്തിയത്. ‘നാടോടിക്കാറ്റ്’ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ തിലകന്‍ അവതരിപ്പിച്ച അനന്തന്‍ നമ്പ്യാരുടെ സഹായിയും അത്തരത്തിലുള്ളതായിരുന്നെങ്കിലും നര്‍മരസം തുളുമ്പുന്നതായിരുന്നു. ”സിനിമയില്‍ തൊഴി കൊള്ളാനാണ് വിധി, പത്മരാജനുണ്ടായിരുന്നെങ്കില്‍ ഒരു മാറ്റമുണ്ടാകുമായിരുന്നു”എന്ന് സ്വകാര്യ സംഭാഷണങ്ങളിലും അഭിമുഖങ്ങളിലും അജിത് പറഞ്ഞിരുന്നു. 1988-ല്‍ ജയറാമിന്റെ ആദ്യചിത്രമായ ‘അപരനി’ലും പത്മരാജന്‍ അജിത്തിന് വേഷം നല്‍കിയിരുന്നു. തൊട്ടടുത്ത വര്‍ഷം റിലീസ് ചെയ്ത ‘അഗ്നിപ്രവേശം’ എന്ന ചിത്രത്തിലൂടെ അജിത് നായകപദവിയിലുമെത്തി. സി.പി. വിജയകുമാറായിരുന്നു സംവിധായകന്‍. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി അഞ്ഞൂറിലേറെ ചിത്രങ്ങളിലാണ് അജിത് അഭിനയിച്ചത്.

 

ആദ്യകാല ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി അവസാനകാലങ്ങളില്‍ ഹ്യൂമര്‍ടച്ചുള്ള വില്ലന്‍ വേഷങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. യുവജനോത്സവം, പൂവിന് പുതിയ പൂന്തെന്നല്‍, ആറാം തമ്പുരാന്‍, നാടോടിക്കാറ്റ്, നമ്പര്‍ 20 മദ്രാസ് മെയില്‍, ഒളിമ്പ്യന്‍ അന്തോണി ആദം, തേജാഭായി ആന്‍ഡ് ഫാമിലി എന്നീ സിനിമകളാണ് ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ചിലത്. 2012 ല്‍ ഇറങ്ങിയ ഇവര്‍ അര്‍ധനാരീശ്വരന്‍ ആണ് ഒടുവില്‍ അഭിനയിച്ച ചിത്രം. ദൂരദര്‍ശനിലെ ആദ്യകാല പരമ്പരകളിലൊന്നായ ‘െകെരളി വിലാസം ലോഡ്ജ്’ ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പര ‘കടമറ്റത്ത് കത്തനാര്‍’ എന്നിവയടക്കം നിരവധി ടെലിവിഷന്‍ പരമ്പരകളിലും അജിത് വേഷമിട്ടു.

 

പാവക്കൂത്ത്, വജ്രം, ദേവീമാഹാത്മ്യം, കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍ എന്നീ സീരിയലുകളും പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. സംവിധാനമോഹവുമായി സിനിമയിലെത്തിയ അജിത്തിന് തന്റെ ആ സ്വപ്‌നം പൂര്‍ത്തീകരിക്കാനായത് 2016-ല്‍ സംവിധാനം ചെയ്ത ‘കോളിങ് ബെല്‍’ എന്ന സിനിമയിലൂടെയാണ്. ഷാലു കുര്യന്‍ നായികയായ ചിത്രം തിയറ്ററിലെത്തിയില്ല. 2017-ല്‍ ‘പകല്‍ പോലെ’ എന്ന ചിത്രവും അജിത് സംവിധാനം ചെയ്തു. ഇതും റിലീസ് ചെയ്തില്ല.