ചിരട്ടപ്പാല്‍; മോഡിയുടെ ഓഫീസ് ഇടപെട്ടെന്ന കണ്ണന്താനത്തിന്റെ വാദം പൊളിഞ്ഞു; കര്‍ഷകരുടെ വയറ്റത്തടിച്ച് വ്യവസായികളുടെ വഴിയേ കേന്ദ്രം

Date : April 6th, 2018

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനാല്‍ ചിരട്ടപ്പാല്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിഷയം അജന്‍ഡയില്‍നിന്നു നീക്കിയെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അവകാശവാദം പൊളിഞ്ഞു. ചിരട്ടപ്പാലിനു ഗ്രേഡ് നിശ്ചയിക്കുന്നതു സംബന്ധിച്ചു ഡല്‍ഹിയില്‍ നടന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് യോഗത്തില്‍ ഇക്കാര്യത്തില്‍ മൂന്നു മണിക്കൂര്‍ വാശിയേറിയ ചര്‍ച്ചയാണുണ്ടായത്.

 

ചിരട്ടപ്പാലിനു സ്റ്റാന്‍ഡേര്‍ഡ് നിശ്‌യിച്ചു നല്‍കണമെന്ന വിഷയം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ ബ്ലോക്ക് റബര്‍ വ്യവസായികളുടെ പ്രതിനിധിയുള്‍പ്പെടെ രണ്ടു പേര്‍ ഇതിനായി വാദിച്ചു. എന്നാല്‍, തോട്ടംമേഖലാ പ്രതിനിധിയുള്‍പ്പെടെ രണ്ടു പേര്‍ ശക്തമായി എതിര്‍ത്തു. ശക്തമായ എതിര്‍പ്പുണ്ടായതോടെ ഗ്രേഡ് നിശ്ചയിക്കാന്‍ യോഗത്തിനായില്ല. ആഭ്യന്തരവിപണിയില്‍ നിന്നുള്ള ചിരട്ടപ്പാലിനെങ്കിലും ഗ്രേഡ് നിശ്ചയിച്ചു നല്‍കണമെന്ന ആവശ്യത്തില്‍ ബ്ലോക്ക് റബര്‍ വ്യവസായികള്‍ ഉറച്ചുനിന്നു.

 

രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായതിനാല്‍ തീരുമാനമെടുക്കാനായില്ല. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശമുള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളും പഠിച്ചു സമര്‍പ്പിക്കാനും യോഗം നിര്‍ദേശം നല്‍കി. പഠനറിപ്പോര്‍ട്ടിനു മാസങ്ങളുടെ താമസമുണ്ടാകുമെങ്കിലും ഭാവിയില്‍ ചിരട്ടപ്പാല്‍ ഇറക്കുമതിയുണ്ടാകുമെന്നതിന്റെ സൂചനകളാണ് ഇതു നല്‍കുന്നതെന്നു വിദഗ്ധര്‍ പറയുന്നു.

 

ഇതോടെ കര്‍ഷകരുടെ ആശങ്ക അസ്ഥാനത്തല്ലെന്നു വ്യക്തമായി. വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ ഇതുസംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതു വിലക്കിയെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍, കുത്തക വ്യവസായികളെ സഹായിക്കാനുള്ള ചില താപ്പാനകളുടെ നീക്കം സജീവമാണെന്ന് ഈ ചര്‍ച്ച സ്ഥിരീകരിക്കുന്നു. കര്‍ഷക പ്രതിഷേധം ശക്തമായതോടെയാണു നാലാം അജന്‍ഡയായിരുന്ന വിഷയം മാറ്റിയതായി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചത്.