മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ പുലിമുരുകന്‍ വരെ; മഞ്ജുവിന്റെ ‘മോഹന്‍ലാലി’ലെ കിടിലന്‍ വീഡിയോ സോങ് പുറത്തിറങ്ങി; പാടിയത് ഇന്ദ്രജിത്തിന്റെ മകള്‍; ഏറ്റെടുത്ത് ആരാധകര്‍

Date : April 10th, 2018

മഞ്ജുവാര്യര്‍ ഹാസ്യ വേഷത്തിലെത്തുന്ന ‘മോഹന്‍ലാലി’ലെ വീഡിയോ സോങ് പുറത്തിറങ്ങി. ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥനയാണ്. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി ജോസഫ്. പൂര്‍ണമായും നര്‍മത്തില്‍ ചാലിച്ച ചിത്രം മഞ്ജുവിന്റെ ഇതുവരെയുള്ള വേഷങ്ങളെയെല്ലാം കടത്തിവെട്ടുന്നതാകും. സാജിദ് യഹ്യയാണ് സംവിധാനം. കടുത്ത താരാരാധികയായ ഒരു പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.

 

മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടി എന്നു വിളിക്കപ്പെടുന്ന മീനാക്ഷി എന്ന പെണ്‍കുട്ടിയെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്. പലപ്പോഴും ഏറെ ഗൗരവമായ വേഷങ്ങള്‍ ചെയ്തുപോന്ന മഞ്ജുവില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു വേഷമാണ് ഇതിലൂടെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.

 

ഈ ചിത്രത്തിലെ നിര്‍ണായകമായ മുഹൂര്‍ത്തങ്ങളും അരങ്ങേറുന്നതും മോഹന്‍ലാലിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇങ്ങനെയൊരു താരാരാധനയ്ക്ക് അടിമപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 1980 ഡിസംബര്‍ മാസം 20-ാംതീയതി മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസാകുന്ന ദിനത്തില്‍ തിരശീലയില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന സമയത്ത് കേരളപുരം ഗ്രാമത്തില്‍ മീനാക്ഷി എന്ന ഒരു പെണ്‍കുട്ടി പിറന്നു. അന്നുമുതല്‍ 2016 ഒക്‌ടോബറില്‍ പുലിമുരുകന്‍ ഇറങ്ങുന്നതുവരെയുള്ള കാലഘട്ടത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.

mohanlal മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ പുലിമുരുകന്‍ വരെ; മഞ്ജുവിന്റെ 'മോഹന്‍ലാലി'ലെ കിടിലന്‍ വീഡിയോ സോങ് പുറത്തിറങ്ങി; പാടിയത് ഇന്ദ്രജിത്തിന്റെ മകള്‍; ഏറ്റെടുത്ത് ആരാധകര്‍

 

അഞ്ചാം വയസില്‍ ഓര്‍മ്മവച്ച നാള്‍ മുതല്‍ മീനാക്ഷിയുടെ മനസ് മോഹന്‍ലാലിനൊപ്പമാണ്. പിന്നീട് അവളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം അരങ്ങേറുന്നത് മോഹന്‍ലാലുമായി ബന്ധപ്പെട്ട വിശേഷങ്ങളിലൂടെയാണ്. കളിക്കൂട്ടുകാരനായ സേതുമാധവനാണ് മീനാക്ഷിയെ വിവാഹം കഴിക്കുന്നത്. അതാകട്ടെ നരസിംഹം റിലീസായ ദിവസമാണുതാനും. സേതുമാധവന്‍ നാട്ടിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു. ഇവരുടെ വിവാഹത്തിനു ശേഷമാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. മീനാക്ഷിയുടെ ഈ താരാരാധന വൈവാഹിക ജീവിതത്തെ, സേതുമാധവനെ, നാട്ടുകാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ ഏറെ രസകരമായി നോക്കിക്കാണുന്നത്.

 

ഇവരുടെ ജീവിതത്തിലുണ്ടാകുന്ന ഒരു സംഭവം ഇവരെ ഗ്രാമത്തില്‍നിന്നും നഗരത്തിലെത്താന്‍ കാരണമാകുന്നു. നഗരത്തിലെ ഇവരുടെ ജീവിതം ഒരു പ്രധാനപ്പെട്ട ഹൗസിംഗ് കോളനിയിലാണ്. ധാരാളം വി.ഐ.പി.കള്‍ താമസിക്കുന്ന ഒരു ഹൗസിംഗ് കോളനി. ഇവിടെവച്ച് പല പുതിയ കഥാപാത്രങ്ങളും മീനുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. എന്തിനെയും ഏതിനെയും അന്ധമായി വിശ്വസിച്ചുപോന്ന മീനുവിന് പല കള്ളനാണയങ്ങളെയും തിരിച്ചറിയാന്‍ കഴിയാതെ പോയത് അവളുടെ ജീവിതത്തില്‍ പുതിയ ചില പ്രതിസന്ധികള്‍ക്കു കാരണമായി. അതു തരണം ചെയ്യാന്‍ ഈ പെണ്‍കുട്ടിക്കു കഴിയുമോ? ഈ ചിത്രത്തിലൂടെ ഇതിനുള്ള ഉത്തരം തേടാനുള്ള ശ്രമത്തിലാണ് സംവിധായകനായ സാജിദ് യാഹ്യയും കൂട്ടരും.

 

ഇത്തരമൊരു ചിത്രം ഫുള്‍ഫണ്‍ രീതിയിലാണ് അവതരിപ്പിക്കേണ്ടതും അതുകൊണ്ടുതന്നെ തികച്ചും ഫണ്‍ രീതിയില്‍ തന്നെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജുവിന്റെ പ്രത്യേക ശൈലിയുള്ള ഈ കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ കൗതുകം നിറഞ്ഞതായിരിക്കും. ഇന്ദ്രജിത്താണ് സേതുമാധവനെ അവതരിപ്പിക്കുന്നത്. അജുവര്‍ഗീസ്, സലിംകുമാര്‍, മണിയന്‍പിള്ളരാജു, സുനില്‍ സുഖദ, കോട്ടയം നസീര്‍, കെ.പി.എ.സി. ലളിത, കോട്ടയം പ്രദീപ്, ഗോകുലന്‍, സൗപിന്‍, സുധി കോപ്പ, ശ്രീജിത്ത് രവി, പ്രസീത, കൃഷ്ണകുമാര്‍, അഞ്ജലി നായര്‍, കൃതിക, സിജോയ് വര്‍ഗീസ്, സേതുലക്ഷ്മി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മാസ്റ്റര്‍ വിശാല്‍, മാസ്റ്റര്‍ ഷെബിന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

 

സുനീഷ് മാറനാടിന്റേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ടോണി ജോസഫ് ഈണം പകരുന്നു. ഷാജികുമാര്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. മൈന്റ്‌സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാര്‍, ഷിബു തെക്കുംപുറം എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.