‘കലാഭവന്‍ മണി കേരളത്തിന്റെ സ്വത്താണ്, മുത്താണ്; മരിച്ചുപോയ ഒരാളെ കുറിച്ചാണ് അയാള്‍ ആരോപണം ഉന്നയിക്കുന്നത്, ജാതി അവഹേളനമാണിത്’; മണിയെ അപമാനിച്ചു സംസാരിച്ച ശാന്തിവിള ദിനേശിനെതിരേ തുറന്നടിച്ച് ആലപ്പി അഷറഫ്

Date : April 11th, 2018

കലാഭവന്‍ മണിയെ അപമാനിച്ചു സംസാരിച്ച സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരേ വ്യാപക വിമര്‍ശനം. പ്രമുഖര്‍ പ്രതികരണങ്ങളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് സംവിധായകന്‍ ആലപ്പി അഷറഫും രംഗത്തെത്തിയത്. ശാന്തിവിള ദിനേശിനു മാനസിക തകരാറുണ്ടെന്നും മരിച്ചുപോയ ഒരാളെക്കുറിച്ച് അനവസരത്തില്‍ നടത്തിയ പരാമര്‍ശത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആലപ്പി ആരോപിച്ചു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അനുകൂലിച്ചു ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടുന്നയാളാണു ശാന്തിവിള. മണിയുടെ മരണവുമായി ബന്ധപ്പെട്ടു ദിലീപിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും ഇതേ വ്യക്തി രംഗത്തു വന്നിരുന്നു.

 

‘ശാന്തിവിള എന്താണിങ്ങനെ? മനോനില പൂര്‍ണമായും തകര്‍ന്നോ? നേരത്തേതന്നെ ശകലം പിരിവെട്ടുണ്ട്. മണി കേരളത്തിന്റെ മുത്താണ്. സ്വത്താണ്. അതില്‍ ജാതീയത കലര്‍ത്തരു’തെന്നും അഷറഫ് മനോരമ ന്യൂസിനോടു പ്രതികരിച്ചു.

 

‘മലയാളിയുടെ ക്ഷമ പരിശോധിക്കുന്നതാണ് വാക്കുകള്‍. മരിച്ചുപോയ ഒരാളെക്കുറിച്ചാണ് അയാള്‍ പറഞ്ഞത്. ജാതി അവഹേളനമാണ് വാക്കുകളില്‍. മണി ഓട്ടോറിക്ഷാക്കാരനാണ് എന്നൊക്കെ അയാള്‍ പറയുന്നുണ്ട്. ഉയര്‍ന്ന ജാതിക്കാരനും പാരമ്പര്യമുള്ളവര്‍ക്കും മാത്രമുള്ളതാണ് സിനിമ എന്നാണ് അയാളുടെ ധാരണ. ദിനേശിന് പണ്ടുതൊട്ടെ താഴ്ന്ന ജാതിക്കാരെ ഇഷ്ടമല്ല. ചാലക്കുടിയില്‍നിന്ന് ഓട്ടോ ഓടിച്ചുവന്ന ആളെ കണ്ടല്ല ഞാന്‍ സിനിമയലെത്തിയതെന്നൊക്കെ അയാള്‍ പറയുന്നുണ്ട്. ഈ ‘ഞാന്‍’ ആരാണ്? അത്ര വലിയ സംവിധായകനാണോ ശാന്തിവിള? മണിയുടെ പ്രതിഭയുടെ അടുത്തുപോലും വരാത്ത ഒരാളാണീ പറയുന്നത്. മണി അഹങ്കാരിയാണെന്നും വന്നവഴി മറന്നവനാണെന്നും ശാന്തിവിള പറയുന്നു. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്- അഷറഫ് പറഞ്ഞു.

 

‘ശാന്തിവിള പലരുടെയും ഏജന്റാണ്. മണിയുടെ മരണത്തില്‍ ശക്തമായ അന്വേഷണം നടക്കുന്ന സമയമാണ്. അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി സിനിമ വരുന്നു. ഈ അവസരത്തിലാണ് ഇത്തരമൊരു ആരോപണം. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണു തോന്നുന്നത്. നടി ആക്രമിക്കപ്പെട്ട കേസുകൊണ്ട് ആകെ നേട്ടമുണ്ടായത് ശാന്തിവിള ദിനേശിനാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന് കാണുന്നവന് മനസിലാകും. പക്ഷേ മലയാളി അങ്ങേയറ്റം സ്‌നേഹിക്കുന്ന മണിക്കെതിരെ ഇയാള്‍ പറഞ്ഞ വാക്കുകള്‍ക്കെതിരെ മണിയെ സ്‌നേഹിക്കുന്നവര്‍ രംഗത്ത് വരണമെന്നാണ് എനിക്ക് പറയാനുള്ളതെന്നും അഷറഫ് പറഞ്ഞു.

 

സ്‌റ്റേജില്‍ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തതു പലതും പുറത്ത് പറയാന്‍ കഴിയില്ലെന്നായിരുന്നു ശാന്തിവിള ദിനേശ് അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും ചലച്ചിത്ര മേഖലയില്‍നിന്ന് വലിയ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നില്ല. ബംഗ്ലാവില്‍ ഔതയെന്ന സിനിമയുടെ സംവിധായകനാണ് ശാന്തിവിള ദിനേശ്.

 

ശാന്തിവിള ദിനേഷിന്റെ വാക്കുകള്‍:

മാക്ടയുടെ ജനറല്‍ ബോഡിയില്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ സംസാരിച്ചതോടെയാണ് കലാഭവന്‍ മണി എനിക്കെതിരായത്. മാക്ടയിലെ അന്നത്തെ എന്റെ അഭിപ്രായ പ്രകടനം സംവിധായകന്‍ ഷാജി കൈലാസ് ഹൈദരാബാദിലായിരുന്ന മണിക്ക് ഫോണിലൂടെ കേള്‍പ്പിച്ചു കൊടുത്തു. സിബി മലയില്‍ നിങ്ങളുടെ സഹോദരി ഭര്‍ത്താവല്ല. അതുകൊണ്ടല്ല നിങ്ങള്‍ക്ക് സിബി മലയില്‍ സിനിമ തന്നതെന്നും പറഞ്ഞു. ഈ അസ്വാരസ്യങ്ങള്‍ വളര്‍ന്നതോടെ കലാഭവന്‍ മണിയെ എന്റെ സിനിമയില്‍ നിന്ന് ഒഴിവാക്കി.

 

സ്‌റ്റേജില്‍ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തത് പലതും പുറത്ത് പറയാന്‍ കഴിയില്ല. ഫോറസ്റ്റ് ഓഫീസര്‍മാരെ തല്ലിയത് അത്തരം ഒരു സംഭവത്തിന് ഉദാഹരണമാണ്. അന്ന് ജാതിയുടെ പേരു പറഞ്ഞ് ഡി.ജി.പി സെന്‍കുമാര്‍ മണിയെ ന്യായീകരിക്കുകയായിരുന്നു. സത്യത്തില്‍ സെന്‍കുമാറിനോട് പുച്ഛമാണ് തോന്നിയത്.