അഭിമാന നിമിഷത്തില്‍ അവള്‍ക്കൊപ്പം; ട്വിറ്ററില്‍ പ്രതിഷേധവുമായി നടി പാര്‍വതി; ‘ഐ ആം ഹിന്ദുസ്ഥാന്‍, ഐ ആം അഷെയിംഡ്’; ‘ദേവി’സ്ഥാന്‍ ക്ഷേത്രത്തില്‍ കൊല്ലപ്പെട്ട കാത്തുവ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം

Date : April 13th, 2018

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ടേക്ക് ഓഫിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച സന്തോഷത്തിനിടയിലും കത്തുവയില്‍ ക്രൂരബലാത്സംഗത്തിനൊടുവില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിയെ ഓര്‍ത്ത് പാര്‍വ്വതി. കത്തുവ, ഉന്നാവോ ബലാത്സംഗങ്ങളില്‍, ട്വിറ്ററിലൂടെ പാര്‍വ്വതി തന്റെ പ്രതിഷേധം അറിയിച്ചു.

 

‘ഐ ആം ഹിന്ദുസ്ഥാന്‍’, ‘ഐ ആം അഷെയിംഡ്’ എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുമായാണ് പാര്‍വ്വതിയുടെ പ്രതിഷേധ പ്രകടനം.

parvathy-parvathi അഭിമാന നിമിഷത്തില്‍ അവള്‍ക്കൊപ്പം; ട്വിറ്ററില്‍ പ്രതിഷേധവുമായി നടി പാര്‍വതി; 'ഐ ആം ഹിന്ദുസ്ഥാന്‍, ഐ ആം അഷെയിംഡ്'; 'ദേവി'സ്ഥാന്‍ ക്ഷേത്രത്തില്‍ കൊല്ലപ്പെട്ട കാത്തുവ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം

കത്തുവയിലെ രസന ഗ്രാമവാസിയായ പെണ്‍കുട്ടിയെ ജനുവരി 10നാണ് കാണാതായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. അതിനുശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തി. തടവിലാക്കിയ പെണ്‍കുട്ടിയെ പ്രതികള്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

 

കത്തുവ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം നടന്നിരുന്നു. മെഴുകുതിരികളേന്തിയാണ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കയുടേയും നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ അര്‍ധരാത്രി ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

 

അതേസമയം, ഉന്നാവോ ബലാത്സംഗക്കേസിലെ മുഖ്യപ്രതി ബിജെപി എംഎൽഎ കുൽദീപ് സിങ് സെങ്കാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രി കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിന് പിന്നാലെയാണ് നടപടി. കത്തുവ, ഉന്നാവോ പീഡനക്കേസുകളിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പേരാണ് ഇന്ത്യാഗേറ്റിൽ മെഴുകുതിരി പ്രതിഷേധവുമായി അണിനിരന്നത്. കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, സൽമാൻ ഖുർഷിദ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെ സമൂഹത്തിന്റെ വിവിധതുറകളിൽപ്പെട്ട നിരവധിപേരാണ് സ്ത്രീ സുരക്ഷയ്ക്കായി ഒത്തുചേർന്നത്. ഡല്‍ഹിലെ ബിജെപി ആസ്ഥാനത്തേക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെപോലെ എന്റെ ഹൃദയവും ഇന്ന് മുറിവേറ്റിരിക്കുകയാണ്. ഇന്ത്യ ഇനിയും സ്ത്രീകളോട് ഇങ്ങനെ പെരുമാറിക്കൂടാ. ഇരയ്ക്ക് നീതികിട്ടുന്നതിന് വേണ്ടി ഇന്ത്യാഗേറ്റിൽ നടക്കുന്ന സമാധാനപരവും നിശബ്ദവുമായ മെഴുകുതിരി പ്രതിഷേധത്തിൽ തന്നോടൊപ്പം പങ്കുചേരാൻ രാഹുൽ ട്വീറ്ററിൽ ആഹ്വാനം ചെയ്തിരുന്നു.