കാവേരി വിഷയത്തില്‍ മോഡിക്കെതിരേ പാട്ട്; തമിഴ് നാടോടി ഗായകന്‍ കോവന്‍ അറസ്റ്റില്‍; നടപടി ബിജെപി നേതാവിന്റെ പരാതിയില്‍

Date : April 14th, 2018

കാവേരി സമരത്തിൽ പ്രധാനമന്ത്രിയെയും ബിജെപിയെയും അതിരൂക്ഷമായി വിമർശിക്കുന്ന പാട്ടു പാടിയ തമിഴ് നാടോടി ഗായകൻ കോവനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ കോവനു പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ബിജെപി യുവനേതാവ് ഗൗതമിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

കാവേരി ജല വിനിയോഗ ബോർഡ് രൂപീകരണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 24നു മക്കൾ അധികാര ഇയക്കത്തിന്റെ നേതൃത്വത്തിൽ തിരുച്ചിറപ്പള്ളി പോസ്റ്റ് ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. അവിടെ കോവനും സംഘവും അവതരിപ്പിച്ച രഥയാത്ര പാട്ടിന്റെ പേരിലായിരുന്നു അറസ്റ്റ്. പാട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 2015-ൽ ജയലളിതയെ വിമർശിച്ചു പാട്ടുപാടിയെന്നാരോപിച്ച് കോവനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.