ലോക രാഷ്ട്രങ്ങള്‍ നടുക്കത്തില്‍; സിറിയയ്ക്ക് എതിരേ അമേരിക്ക യുദ്ധം തുടങ്ങി; പിന്തുണച്ചു ബ്രിട്ടനും ഫ്രാന്‍സും; തിരിച്ചടി ഉറപ്പാക്കി റഷ്യ

Date : April 14th, 2018

ദമാസ്‌കസ്: സിറിയയിൽ വിമതർക്കെതിരെ തുടർച്ചയായി രാസായുധം പ്രയോഗിച്ച ബാഷർ അൽ അസദ് ഭരണകൂടത്തിനെതിരെ പോരിനിറങ്ങി അമേരിക്ക. സിറിയയിൽ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചു. അമേരിക്കയ്ക്ക് ഒപ്പം യുകെയും ഫ്രാൻസും രംഗത്തുണ്ട്.

 

അമേരിക്കയുടെ വിമാനവാഹിനി കപ്പലുകളുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയത്. സിറിയ രാസായുധം പ്രയോഗിക്കുന്നത് അവസാനിപ്പിക്കുന്നത് വരെ ഈ ആക്രമണം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ആറ് മാസത്തിനുളളിൽ സിറിയയിൽ അണിനിരത്തിയിരിക്കുന്ന തങ്ങളുടെ സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

 

സിറിയ അടക്കമുളള മധ്യപൂർവേഷ്യ ‘പ്രശ്നബാധിത പ്രദേശം’ എന്നാണ് ഇന്നലത്തെ പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് വിശേഷിപ്പിച്ചത്. സിറിയൻ ഭരണകൂടത്തെ പിന്തുണക്കുന്നത് തുടരണോ വേണ്ടയോ എന്ന് റഷ്യ തീരുമാനിക്കണമെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്.

 

ഹോമയിലെ രാസായുധ സംഭരണ ശാല അടക്കം മൂന്നിടങ്ങിലായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങളെ സിറിയന്‍ സേന ചെറുത്തതായി സിറിയ അവകാശപ്പെട്ടു. സൈനിക നടപടിയുടെ പ്രത്യാഘാതം അമേരിക്ക നേരിടേണ്ടിവരുമെന്ന് അമേരിക്കയിലെ റഷ്യന്‍ സ്ഥാനപതി മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്്ളാഡിമിര്‍ പുടിനെ അപമാനിക്കുന്ന നടപടിയാണ് അമേരിക്കയുടേതന്നും ഇത് സ്വീകാര്യമല്ലെന്നും സ്ഥാനപതി വ്യക്തമാക്കി.