‘മോഡി ഭക്തര്‍ കോമാളികള്‍, എന്നെ പേടിപ്പിക്കാം എന്നു കരുതരുത്, അതെന്നെ കൂടുതല്‍ കരുത്തനാക്കും’; വാഹനം തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ് (വീഡിയോ)

Date : April 14th, 2018

തന്റെ വാഹനം തടഞ്ഞ ബിജെപി പ്രവര്‍‌ത്തകരെ പരിഹസിച്ച് പ്രകാശ് രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ ഇന്നലെ രാത്രിയായിരുന്നു സംഘം ചേര്‍ന്നെത്തിയ ബിജെപി പ്രവര്‍ത്തകര്‍ പ്രകാശ് രാജിന്റെ കാര്‍ തടയുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയുമായിരുന്നു. ഇതിനെതിരെ രൂക്ഷമായ രൂക്ഷപ്രതികരണമാണ് പ്രകാശ് രാജ് നടത്തിയത്.

 

‘ ബിജെപി-മോദി ഭക്തര്‍ തെമ്മാടികളെപ്പോലെ പെരുമാറുന്നത് നോക്കൂ. ഒരു കൂട്ടം കോമാളികള്‍. എന്നെ പേടിപ്പിക്കാമെന്നാണോ കരുതിയത്. അതെന്നെ കൂടുതല്‍ കരുത്തനാക്കുകയേ ഉള്ളൂ’.എന്നാണ് പ്രകാശ് രാജ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. പ്രവര്‍ത്തകര്‍ കാര്‍ തടയുന്നതിന്റെ വിഡിയോയും അദ്ദേഹം പങ്കുവച്ചു. അതേസമയം ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിയോടും മുദ്രാവാക്യങ്ങളോടും പുഞ്ചിരിയോടെയാണ് പ്രകാശ് രാജ് കാറിനുള്ളിലിരുന്നു പ്രതികരിക്കുന്നത്.

 

ബിജെപി രാജ്യത്തെ കാര്‍ന്ന് തിന്നുന്ന കാന്‍സറാണെന്നും അതിനെതിരെ പോരാടി ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും പ്രകാശ് രാജ് മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മുന്‍പും ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.