കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് സ്വര്‍ണ്ണം സമ്മാനിച്ച താരത്തെ നാട്ടുകാര്‍ സ്വീകരിച്ചത് കല്ലേറുകൊണ്ട്; ആക്രമണത്തിനു ഇരയായ പൂനം യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Date : April 15th, 2018

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ ജേതാവ് പൂനം യാദവിനു കല്ലേറില്‍ പരുക്ക്. ഗോള്‍കോസ്റ്റില്‍ ഭാരദ്വോഹനത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയ പൂനം കഴിഞ്ഞദിവസം സ്വന്തം നാടായ ദന്ദുപുരില്‍ എത്തിയത്. ശനിയാഴ്ച മുംഗ്വാറിലുള്ള അമ്മാവന്‍ കൈലാഷിനെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ആക്രമണത്തിനു ഇരയായത്.

കല്ലേറിനെതിരെ പൂനം യാദവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൂനം മുംഗ്വാറില്‍ എത്തുമ്പോള്‍ കൈലാഷും അയല്‍വാസികളും തമ്മില്‍ ഭൂമി സംബന്ധിച്ച് തര്‍ക്കം നടക്കുകയായിരുന്നുവെന്നും. ഈ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയും ഇതിനെടെയാണ് പൂനം യാദവ് കല്ലേറ് കൊണ്ടതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

69 കിലോഗ്രാം വിഭാഗത്തില്‍ മത്സരത്തിച്ച പൂനം യാദവ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ വിഭാഗത്തില്‍ മത്സരിച്ച പൂനത്തിന് വെങ്കലം മാത്രമെ നേടാനായിരുന്നുളളു. 69 കിലോഗ്രാമില്‍ ആകെ 222 കിലോഗ്രാമുയര്‍ത്തിയാണ് പൂനം യാദവ് സ്വര്‍ണം നേടിയത്. സ്നാച്ചില്‍ 100 കിലോഗ്രാമും ക്ലീനിലും ജെര്‍ക്കിലും 122 കിലോഗ്രാമുമാണ് താരം ഉയര്‍ത്തിയത്.

 

ഗോള്‍ഡ് കോസ്റ്റ് 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നേടിയത് 66 മെഡലുകള്‍. ഇതില്‍ 26 സ്വര്‍ണം, 20 വെള്ളി, 20 വെങ്കലം മെഡലുകളാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഏക്കാലത്തെയും മികച്ച മൂന്നാമത്തെ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്.

ഡല്‍ഹിയില്‍ 2010ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 101 മെഡലുകള്‍ നേടിയിരുന്നു. മാഞ്ചസ്റ്ററില്‍ 2002ല്‍ നടന്ന ഗെയിംസില്‍ 69 മെഡലുകളും ഇന്ത്യ നേടി. ഇതിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയയിലെത്.