കര്‍ണാടകയില്‍ വന്നാല്‍ യോഗിയെ ചെരിപ്പിനടിക്കുമെന്ന്  കോണ്‍ഗ്രസ് അധ്യക്ഷന്‍; ‘ഉന്നാവോ സംഭവത്തില്‍ യുപി മുഖ്യമന്ത്രി രാജിവയ്ക്കണം, ആദിത്യനാഥ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീരാകളങ്കം’

Date : April 15th, 2018

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഉന്നാവോ, കത്വ സംഭവം ചര്‍ച്ചയാക്കിയ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കര്‍ണാടകയില്‍ വാക്‌പോര്. സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും അദ്ദേഹത്തെ ചെരുപ്പ് കൊണ്ടടിക്കണമെന്നുമുള്ള പരാമര്‍ശം വിവാദമാകുകയായിരുന്നു.

യോഗി ആദിത്യനാഥ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീരാകളങ്കമാണെന്നും അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ അദ്ദേഹം രാജിവെക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്. ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാവാനുള്ള യോഗ്യത അദ്ദേഹത്തിനില്ല. മാത്രമല്ല, കര്‍ണാടകയില്‍ വന്നാല്‍ ആദിത്യനാഥിനെ ചെരുപ്പ് കൊണ്ടടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വൊക്കലിംഗ സമുദായത്തെ അപമാനിക്കലാണ് ഈ പ്രസ്താവനയെന്നും, കോണ്‍ഗ്രസ്സ് സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയെന്നുമാണ് ബിജെപിയുടെ ആരോപണം. പ്രസ്താവന നടത്തിയ
കോണ്‍ഗ്രസ്സ് നേതാവ് മാപ്പ് പറയണമെന്ന് ബിജെപി നേതാവായ യെദ്യൂരപ്പയും ആവശ്യപ്പെട്ടിട്ടുണ്ട്.