‘കേന്ദ്ര സര്‍ക്കാരില്‍ ഒട്ടും പ്രതീക്ഷയില്ല, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പോലും നടക്കാത്ത കാര്യങ്ങള്‍ രാജ്യത്ത് സംഭവിക്കുന്നു’; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പ്രവീണ്‍ തൊഗാഡിയ; ബിജെപിക്കെതിരെ പോര്‍മുഖം തുറക്കാന്‍ ഹാര്‍ദിക് പട്ടേലുമായി കൈകോര്‍ക്കുന്നു, പാളയത്തിലെ പട പേടിച്ച് പ്രധാനമന്ത്രി

Date : April 15th, 2018

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രവീണ്‍ തൊഗാഡിയ. തൊഗാഡിയുടെ നോമിനിയെ വി എച്ച് പി തിരഞ്ഞെടുപ്പില്‍ എതിര്‍ വിഭാഗം പരാജയപ്പെടുത്തിയിരുന്നു. ഗോധ്ര കലാപത്തിന് ശേഷം 2002 മുതല്‍ നരേന്ദ്രമോദിയില്‍ തനിക്ക് പ്രതീക്ഷ ഇല്ലെന്ന് പ്രവീണ്‍ തൊഗാഡിയ പറയുന്നത്.

”ഞാന്‍ ഇപ്പോള്‍ വി എച്ച് പിയില്‍ ഇല്ല. ഹിന്ദുക്കളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും” എന്ന് തൊഗാഡിയ വ്യക്തമാക്കുന്നു. വിശ്വഹിന്ദു പരിഷത്തുമായുളള ബന്ധം ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് തെഗാഡിയ മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയത്. ബി ജെ പിക്കെതിരെ ക്യാംപെയിന്‍ നടത്തിയ പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലുമായി തൊഗാഡിയ ആശയവിനിമയം നടത്തിയിട്ടുണ്ട്.

 

ഗുജറാത്തില്‍ തിരികെയെത്തിയ തൊഗാഡിയ അനുയായികളെയും വി എച്ച് പിയുടെ മുതിര്‍ന്ന നേതാക്കളെയും കണ്ടു. ”കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഈ സര്‍ക്കാരില്‍ വ്യാമോഹമുക്തനാണ്. യഥാര്‍ത്ഥത്തില്‍ 2002 ലെ ഗുജറാത്തിലെ സംഭവങ്ങളെ തുടര്‍ന്ന് പതുക്കെയാണ് പ്രതീക്ഷയുടെ മോഹനിദ്രയില്‍ നിന്നുണര്‍ന്നതെന്ന്” അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഗോധ്ര കലാപത്തിന് ശേഷം നടന്ന പൊലീസ് വെടിവെയ്പില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടുവെന്നും ”നരേന്ദ്രഭായി” (നരേന്ദ്രമോദി) മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അതെങ്ങനെ സംഭവിച്ചുവെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും തൊഗാഡിയ പറഞ്ഞു. ”ആയിരക്കണക്കിന് ഹിന്ദുക്കള്‍ക്കെതിരെ കേസെടുത്തു, അവരെ ജയിലിലടച്ചു” തൊഗാഡിയ ആരോപിച്ചു.

” 2014ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്രഭായിക്ക് വി എച്ച് പി പൂര്‍ണ പിന്തുണ നല്‍കി. എന്നാല്‍ ഗോരക്ഷകരെ ഗുണ്ടകളെന്ന് വിളിച്ചു. ജാര്‍ഖണ്ഡില്‍ പതിനൊന്ന് പശുസംരക്ഷകരെ കോടതി ജയിലിലടച്ചത് അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ്. ഇത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പോലും സംഭവിക്കാത്തതാണ്” തൊഗാഡിയ ആരോപിച്ചു.

”പാകിസ്ഥാനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും കശ്മീരിലെ കല്ലെറിയുന്നവര്‍ക്കെതിരെയുമുളള കേസുകള്‍ പിന്‍വലിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാട് എന്നെ ഞെട്ടിച്ചു” തൊഗാഡിയ തുടര്‍ന്നു.

രാമജന്മഭൂമി അയോധ്യയില്‍ നിര്‍മ്മിക്കുക, ദേശീയ തലത്തില്‍? പശു കശാപ്പ് നിര്‍ത്തലാക്കുക, ഏകീകൃത സിവില്‍ നിയമം നടപ്പാക്കുക, കശ്മീരില്‍ നിന്നും പുറന്തളളപ്പെട്ട ഹിന്ദുക്കളെ വീണ്ടും പുനരധിവസിപ്പിക്കുക തുടങ്ങി ഹിന്ദുക്കളുടെ ക്ഷേമത്തിന് വേണ്ടിയാണ് താന്‍ നിരാഹാരം ആരംഭിക്കുന്നതെന്ന് തൊഗാഡിയ പറഞ്ഞു.

ഈ ആവശ്യങ്ങളൊഴിവാക്കാന്‍ കഴിഞ്ഞ ആറ് മാസമായി തനിക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദമാണെന്ന് തൊഗാഡിയ ആരോപിച്ചു. തൊഗാഡിയെ പിന്തുണച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ വി എച്ച് പി ആസ്ഥാനത്ത് മുദ്രാവാക്യങ്ങള്‍ മുഴക്കി.

സംസ്ഥാനത്തെ വി എച്ച് പി നേതാക്കള്‍ തൊഗാഡിയയുടെ നിരാഹാര സമരത്തോടുളള നിലപാട് വ്യക്തമാക്കിയില്ല. ഗുജറാത്തിലെ വിഎച്ച് പി അധ്യക്ഷനായ രന്‍ചോദ് ബര്‍വാദിനോട് തൊഗാഡിയയുടെ സമരത്തെ സംസ്ഥാനഘടകം പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ ആശുപത്രിയിലാണെന്ന് പറഞ്ഞ് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി.

ഗുജറാത്ത് സ്വദേശികളായ മോദിയും തൊഗാഡിയയും ആര്‍ എസ് എസ്സിലൂടെയാണ് രംഗത്തു വരുന്നത്. മോദിയുടെ ഉയര്‍ച്ചയ്ക്ക് ശേഷം കഴിഞ്ഞ ദശകത്തില്‍ ഇരുവരും വഴിപിരിഞ്ഞു. വ്യാജ ഏറ്റുമുട്ടലില്‍ തന്നെ കൊല്ലാന്‍ ശ്രമം നടന്നതായി കഴിഞ്ഞ മാസം തൊഗാഡിയ ആരോപിച്ചിരുന്നു. രാജസ്ഥാന്‍ പൊലീസ് തന്നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചതായിട്ടായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഈ ആരോപണത്തിന്റെ തുടര്‍ച്ചയില്‍ മോദിയെ ലക്ഷ്യം വച്ചുളള അഭിപ്രായ പ്രകടനങ്ങളും തൊഗാഡിയ നടത്തിയിരുന്നു.

ചൊവ്വാഴ്ച മുതല്‍ ഹിന്ദുക്കളുടെ ദീര്‍ഘകാല ആവശ്യം ഉന്നയിച്ച് അഹമ്മദാബാദില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് അദ്ദേഹം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. തൊഗാഡിയയുടെ നോമിനിയായ രാഘവ് റെഡിയെ തോല്‍പ്പിച്ചാണ് മുന്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറും ജഡ്ജിയുമായിരുന്ന വി എസ് കോക്ജേ വി എച്ച് പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമായിരുന്നു പ്രവീണ്‍ തൊഗാഡിയ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചത്.