ബിജെപിയുടെ ദളിത് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ രാഹുല്‍ ഗാന്ധി രംഗത്ത്; കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഭരണഘടനാ സംരക്ഷണ ക്യാമ്പയിന്‍ സംഘടിപ്പിക്കും

Date : April 15th, 2018

ദളിത് സമൂഹങ്ങള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദേശീയ തലത്തില്‍ സേവ് ദ കോണ്‍സ്റ്റിട്യൂഷന്‍ ക്യാമ്പയിന് (ഭരണഘടനാ സംരക്ഷണ പ്രചാരണം) തുടക്കമിടും. ഭരണഘടനയ്ക്കും ദളിത് സമൂഹത്തിനെതിരെയും നടക്കുന്ന ആക്രമണങ്ങള്‍ക്കതിരെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഈ മാസം 23 ന് ഡല്‍ഹിയിലെ ടാക്കറ്റോ സ്റ്റേഡിയത്തില്‍ ക്യാമ്പയിനു തുടക്കമാകും.

ജില്ലാ പരിഷത്ത്, സിവില്‍ അതോറിറ്റികള്‍, പഞ്ചായത്ത് സമിതികള്‍ എന്നിവിടങ്ങളിലുള്ള കോണ്‍ഗ്രസ് നേതാക്കളും മുന്‍ ദളിത് എംഎല്‍എമാരുമൊക്കെ ഈ പരിപാടിയില്‍ പങ്കെടുക്കും. സമൂഹത്തെ സംബന്ധിച്ചുളള ഇന്നത്തെ അവസ്ഥ പങ്കെടുക്കുന്നവരെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. ക്യാമ്പയിനില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തണമെന്ന് കോണ്‍ഗ്രസിന്റെ പട്ടികജാതി ചെയര്‍മാനും പരിപാടി സംഘാടകനുമായ നിതിന്‍ റൗട്ട് പറഞ്ഞു.

ബിജെപി ഭരണത്തിന്‍കീഴില്‍ ഭരണഘടനയുടെ നിലനില്‍പ്പ് തന്നെ അപകടകരമായ സ്ഥിതിയിലാണ്. വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കുമുള്ള അവസരം ബിജെപി പിന്നോക്ക സമുദായങ്ങള്‍ക്ക് നിഷേധിക്കുന്നു. വിവിധ വിഷയങ്ങളില്‍ പിന്നോക്ക സമുദായ അംഗങ്ങളുടെ ഇടയില്‍ കോപം ഉണ്ട്. അത് പരിപാടിയില്‍ ഹൈലൈറ്റ് ചെയ്യും.

കണ്‍വെന്‍ഷനില്‍ നിന്ന് ലഭിക്കുന്ന സന്ദേശം അവരുടെ സ്ഥലങ്ങളില്‍ ഞങ്ങളുടെ നേതാക്കള്‍ പ്രചരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി പദവിയിലേക്ക് നരേന്ദ്രമോദി എത്തിയത് തന്നെ ഭരണഘടന സ്ഥാപകനും ദളിത് നേതാവുമായ ബി ആര്‍ അംബേദ്കര്‍ പ്രവര്‍ത്തനങ്ങളിലൂടെ അനന്തര ഫലമായിട്ടാണ്. പക്ഷേ മോദിയുടെ ഭരണത്തിനു കീഴില്‍ ഭരണഘടനയും ദളിതുകളും ആക്രമിക്കപ്പെടുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ ഇത്തരം ഒരു സാഹചര്യം രാജ്യത്ത് ഉണ്ടായിട്ടില്ലെന്ന് റൗട്ട് പറഞ്ഞു.