തൃശൂര്‍ വടക്കുംനാഥ ക്ഷേത്രമൈതാനത്ത് പിഡിപി പ്രവര്‍ത്തകര്‍ മാംസം വിളമ്പി; ഭക്തരും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി, തേക്കിന്‍കാട് മൈതാനത്ത് നിന്നു റാലി നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു

Date : April 15th, 2018

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ അധീനതയിലുള്ള തേക്കിന്‍കാട് മൈതാനത്ത് മാംസം വളിമ്പിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. പിഡിപി പ്രവര്‍ത്തകരാണ് ക്ഷേത്ര മൈതാനത്ത് മാംസം വിളമ്പിയത്. ഇത് ഭക്തര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പിഡിപി പ്രവര്‍ത്തകരും ഭക്തരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പോലീസ് നടത്തിയ അവസരോചിതമായ ഇടപെടലിലാണ് ഒഴിവായത്. തുടര്‍ന്ന് അനുമതിയില്ലാതെ മൈതാനത്ത് നിന്ന് റാലി തുടങ്ങാനുള്ള നീക്കവും പൊലീസ് തടഞ്ഞു. ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.

ഇന്നലെ തൃശൂരില്‍ നടന്ന പിഡിപി യുടെ സംസ്ഥാന റാലിക്ക് ക്ഷേത്ര മൈതാനത്ത് നിന്ന് ആരംഭിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ റാലി ആരംഭിക്കുംമുമ്പേ പ്രവര്‍ത്തകരുമായെത്തിയ അസംഖ്യം വാഹനങ്ങള്‍ മൈതാനം കീഴടക്കി . മാത്രമല്ല ക്ഷേത്ര ആചാരങ്ങളെ മാനിക്കാതെ മൈതാനത്ത് മാംസാഹാരം പ്രവര്‍ത്തകര്‍ക്കായി വിതരണം ചെയ്തുവെന്നും ക്ഷേത്രം ഭരണാധികാരികള്‍ പറയുന്നു.

സംഭവം അറിഞ്ഞ് ഭക്ത ജനങ്ങളും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ നീക്കി. പ്രതിഷേധത്തെ തുടര്‍ന്ന് തേക്കിന്‍കാട് മൈതാനത്തിനു പുറത്ത് സ്വരാജ് റൗണ്ടില്‍ നിന്നാണ് റാലി ആരംഭിച്ചത്.

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തില്‍ നടത്തിയ റാലിയില്‍ ശക്തന്‍ നഗറില്‍ ഉള്‍പ്പെടെ നഗരത്തില്‍ രണ്ടു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. വിവിധ ജില്ലകളിലെ പ്രവര്‍ത്തകരുമായി എത്തിയ വാഹനങ്ങള്‍ വഴിയരികുകളില്‍ സ്ഥാനംപിടിച്ചതോടെ ഗതാഗത കുരുക്ക് രൂക്ഷമായി.

പിഡിപി റാലിയോടനുബന്ധിച്ചു പ്രവര്‍ത്തകര്‍ക്കു ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചു പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പൊതുഗതാഗതവും പാര്‍ക്കിങ്ങും സംബന്ധിച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നതാണു തിരിച്ചടിയായത്.

ഇന്നലെ അഞ്ചുമണിയോടെ പ്രവര്‍ത്തകര്‍ ശക്തന്‍ നഗറിലേക്ക് ഒഴുകിയെത്തി. ഇതോടെ വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ പൊലീസ് പാടുപെട്ടു. ഇതിനിടയില്‍ സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ നിരത്തുകളില്‍ സ്ഥാനം പിടിച്ചതോടെ ദുരിതം ഇരട്ടിയായി.

അവസാനവട്ട വിഷുക്കണി പാച്ചിലിനായി ശക്തന്‍ മാര്‍ക്കറ്റിലേക്കു സ്വകാര്യ വാഹനങ്ങള്‍കൂടി എത്തിയതോടെ ദുരിതം പൂര്‍ണം. എറണാകുളം, പാലക്കാട് ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ശക്തന്‍ നഗര്‍ കടന്നുകിട്ടാന്‍ പാടുപെട്ടു. ഏഴു മണിയോടെയാണു ഗതാഗതം പൂര്‍വസ്ഥിതിയിലായത്.