സമരം ശക്തമായി നേരിടാന്‍ സര്‍ക്കാര്‍; ചര്‍ച്ചയ്ക്കു തയാറല്ലെന്ന് ആരോഗ്യ മന്ത്രി; കെജിഎംഒ നേതാക്കള്‍ തെറിക്കും; ‘ഇത് പാവപ്പെട്ട രോഗികള്‍ക്ക് എതിരായ സമരം’

Date : April 16th, 2018

പാവപ്പെട്ട രോഗികളെ ദുരിതത്തിലാക്കി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനം. ഒപി ബഹിഷ്‌കരിച്ച്, രോഗികളെ വലച്ചു സമരം നടത്തുന്ന ഡോക്ടര്‍മാരുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയാറല്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സമരം ശക്തമായി നേരിടാന്‍ തീരുമാനിച്ചത്. അതേസമയം സമരത്തെ അതേനാണയത്തില്‍ തന്നെ നേരിടുന്നതിന്റെ ഭാഗമായി സമര രംഗത്തുള്ള ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ നേതാക്കളെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കെജിഎംഒഎ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുനമായ ഡോ റൗഫ്, ഡോ ജിതേഷ് എന്നിവരെ സ്ഥലം മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ തീരുമാനം കൈക്കൊണ്ടെങ്കിലും ഉത്തരവായി ഇത് പുറത്തിറങ്ങിയിട്ടില്ല. ഐഎംഎ അടക്കം നടത്തുന്ന അനുനയ ശ്രമം പാളുമോ എന്ന് കരുതിയാണ് സര്‍ക്കാര്‍ തീരുമാനം മറച്ചുവയ്ക്കുന്നത്.

 

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്നത് അന്യായമായ സമരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. നോട്ടീസ് നല്‍കാതെയാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെയുള്ള സമരമാണിത്. പ്രൊബേഷന്‍ ഡോക്ടര്‍മാരുടെ ഭാവി കളയുന്ന നടപടിയാണിത്. പിടിവാശി മാറ്റി, രോഗികളെ ദ്രോഹിക്കുന്ന സമരം അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും മന്ത്രി വ്യക്തമാക്കി. സമരം അവസാനിപ്പിച്ചുള്ള ചര്‍ച്ചയ്ക്കാണെങ്കില്‍ സര്‍ക്കാര്‍ തയ്യാറാണ്. വിഷയങ്ങള്‍ ചര്‍ച്ച് ചെയ്ത് പരിഹാരം കാണാനുള്ള നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകും. അല്ലാത്ത പക്ഷം യാതൊരുവിധ വിട്ടു വീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

 

എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെ വെല്ലുവിളിക്കുന്ന പ്രതികരണമാണ് കെജിഎംഒഎയില്‍ നിന്നുണ്ടായത്. നേതാക്കളെ സ്ഥലം മാറ്റാനടക്കം സര്‍ക്കാര്‍ തീരുമാനിച്ചതില്‍ യാതൊരുവിധ സമ്മര്‍ദ്ദവും ഡോക്ടര്‍മാര്‍ക്കില്ലെന്ന് കെജിഎംഒഎ സംസ്ഥാന സെക്രട്ടറി ഡോ ജിതേഷ് പറഞ്ഞു. സ്ഥലം മാറ്റം ഏറ്റവും സന്തോഷമുള്ള കാര്യമാണെന്നും സമരം അതിശക്തമായി തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്നും ജിതേഷ് വ്യക്തമാക്കി. സമരത്തില്‍ നിന്ന് പിന്നോട്ട് വന്നിട്ട് ചര്‍ച്ചയെന്നത് അംഗീകരിക്കാനാവില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ചല്ലാതെ പിന്നോട്ട് പോവാന്‍ തയ്യാറല്ലെന്നും സമരത്തിന്റെ അടുത്തഘട്ടം നാളെ ചേരുന്ന സംസ്ഥാന സമിതിയില്‍ തീരുമാനിക്കുമെന്നും സെക്രട്ടറി പറഞ്ഞു.

 

 

വരും ദിവസങ്ങളില്‍ അത്യാഹിത വിഭാഗവും ബഹിഷ്‌കരിച്ചുള്ള സമരത്തിനാകും ഡോക്ടര്‍മാരുടെ സംഘടന ആഹ്വാനം ചെയ്യുക. സര്‍ക്കാരിന്റെ ഭീഷണിക്കു മുമ്പില്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നും പ്രതികാര നടപടിയായി ഏതെങ്കിലും ഡോക്ടര്‍ക്കു സര്‍ക്കാര്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയാല്‍ സര്‍വീസിലുള്ള മുഴുവന്‍ കെജിഎംഒഎ അംഗങ്ങളും രാജി സമര്‍പ്പിക്കുന്നത് അടക്കമുള്ള നീക്കങ്ങളാണ് ഒരുങ്ങുന്നത്. പൊതുജനങ്ങളെ വലച്ച് ആവശ്യ സേവനമെന്ന തിരിച്ചറിവില്ലാതെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയോട് മന്ത്രിസഭ കൂട്ടായി ആവശ്യപ്പെട്ടിരുന്നു. സമരം നേരിടാന്‍ ജനകീയ ഇടപെടലിനും സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.