തിരുമ്പി വന്താച്ച്! അരങ്ങേറ്റത്തില്‍ അടിച്ചു പൊളിച്ച് ഗെയ്ല്‍; ഐപിഎല്‍ ലേലത്തില്‍ എല്ലാവരും തഴഞ്ഞവന്റെ മറുപടി; കരീബിയന്‍ കരുത്തന്റെ കാര്യത്തില്‍ കോഹ്ലിക്കും പിഴച്ചു

Date : April 16th, 2018

‘ഉലകനായകന്‍ ഇതാ തിരിച്ചെത്തി’! ചെന്നെയ്‌ക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ പഞ്ചാബിന്റെ ക്രിസ് ഗെയ്‌ലിന്റെ പ്രതികരണം ഇതായിരുന്നു. മുഖം നിറഞ്ഞ ചിരിയുമായിട്ടാണു ഗെയ്ല്‍ മാന്‍ ഓഫ് ദി മാച്ച് ട്രോഫി ഏറ്റുവാങ്ങിയത്. ഗെയിലിന്റെ കൊടുങ്കാറ്റു പോലെയുള്ള ബാറ്റു വീശലിലാണു ചെന്നൈ ശരിക്കും തകര്‍ന്നടിഞ്ഞത്. അതും വിജയത്തിനു നാലു റണ്‍സ് മാത്രം അകലെ നില്‍ക്കേ.

 

മുമ്പ് ബാംഗ്ലൂരിന്റെ ഇടിവെട്ടു ബാറ്റ്‌സ്മാനായിരുന്ന ഗെയ്ല്‍, കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് ഒഴിവാക്കപ്പെട്ടത്. ആദ്യ ഘട്ട ലേലത്തിലൊന്നും ഈ കരുത്തനെ ആരും തിരിഞ്ഞു നോക്കിയില്ല. അവസാനം അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണു പഞ്ചാബില്‍ കയറിപ്പറ്റിയത്. പക്ഷേ, തന്നെ ഒഴിവാക്കാന്‍ പാടില്ലായിരുന്നു എന്നു ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്തുകയായിരുന്നു ഗെയ്ല്‍. 33 ബോളില്‍നിന്ന് ഗെയ്ല്‍ അടിച്ചുകൂട്ടിയത് 63 റണ്‍സാണ്. ഏഴിനു 197 റണ്‍സെന്ന സ്‌കോടിലേക്കു ടീമിനെ എത്തിച്ചതും ഈ പ്രകടനമായിരുന്നു.

 

‘ഇന്നു രാവിലെയാണ് നിങ്ങള്‍ കളിക്കാനുണ്ട് എന്ന ടെക്‌സ്റ്റ് മെസേജ് കിട്ടിയത്. തിരിച്ചു വന്നതില്‍ സന്തോഷം തോന്നി. ടീമിനെ പിന്തുണയ്ക്കാന്‍ കഴിഞ്ഞതിലും. പുതിയ ടീമിനൊപ്പം വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്’- ഗെയ്ല്‍ പറഞ്ഞു. ‘ഇതാണു നിങ്ങള്‍ക്കുള്ള ക്രിസ് ഗെയ്ല്‍- ഒന്നോ രണ്ടോ റണ്‍സിനു വേണ്ടിയല്ല, അടിക്കുന്നുണ്ടെങ്കില്‍ അതു സിക്‌സും ഫോറും മാത്രം. എനിക്കിപ്പോള്‍ 25 വയസ് മാത്രമായതുപോലെ. ഉലകനായകന്‍ ഇതാ തിരികെയെത്തി’- ഗെയ്ല്‍ പറഞ്ഞു.

 

gayle തിരുമ്പി വന്താച്ച്! അരങ്ങേറ്റത്തില്‍ അടിച്ചു പൊളിച്ച് ഗെയ്ല്‍; ഐപിഎല്‍ ലേലത്തില്‍ എല്ലാവരും തഴഞ്ഞവന്റെ മറുപടി; കരീബിയന്‍ കരുത്തന്റെ കാര്യത്തില്‍ കോഹ്ലിക്കും പിഴച്ചു

 

കളി തുടങ്ങിയ പിന്നാലെ പ്രഹരം തുടങ്ങിയ ഗെയ്ല്‍ 22 ബോളിലാണ് അമ്പതു കടന്നത്. പിന്നീട് അല്‍പം പതുങ്ങിയ താരത്തെ ഷെയ്ന്‍ വാട്‌സണാണു പവലിയനിലേക്ക് അയച്ചത്. ഇതിനിടെ ആറു സിക്‌സുകളും ഏഴു ഫോറുകളും നേടിയിരുന്നു. ഗെയ്‌ലിനെ വിട്ടുകളഞ്ഞ ആര്‍സിബിയുടെ നടപടിയില്‍ പലരും നെറ്റിചുളിച്ചതാണ്. അതുറപ്പിക്കുന്ന തരത്തിലായിരുന്നു ആദ്യ പ്രകടനവും. കഴിഞ്ഞ സീസണില്‍ ഒമ്പതു മത്സരങ്ങളില്‍നിന്ന് 200 റണ്‍സ് മാത്രമാണ് ഗെയ്ല്‍ നേടിയത്. ഇതില്‍ ഒന്നില്‍ മാത്രമാണ് അമ്പതു കടന്നത്.

 

രാഹുലിനൊപ്പം കൂറ്റനടികള്‍ക്കു കഴിവുള്ള ഒരാളെ കാത്തിരിക്കുമ്പോഴാണു ഗെയ്ല്‍ പഞ്ചാബിന്റെ വലയില്‍ കുടുങ്ങിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മയങ്ക് അഗര്‍വാളാണ് രാഹുലിനൊപ്പം ഓപ്പണ്‍ ചെയ്തത്. എന്നാല്‍, മയങ്കിനു പകരം ഗെയ്‌ലിന് അവസരം നല്‍കിയ തീരുമാനം ഒട്ടും തെറ്റിയില്ല.

 

38 വയസുള്ള ഗെയ്ല്‍, കൊല്‍ക്കത്തയ്ക്കു വേണ്ടി 2009ല്‍ കളിച്ചിട്ടുണ്ട് ആര്‍സിബിക്കുവേണ്ടി 2011 മുതല്‍ 17 വരെ കളിച്ചു. എന്നിട്ടും ഈ താരത്തെ മനസിലാക്കാന്‍ ആര്‍സിബിക്കു കഴിയാതെ പോയെന്നു വേണം കരുതാന്‍. ആരെയും ആകര്‍ഷിക്കാന്‍ ഗെയ്‌ലിനു കഴിഞ്ഞില്ല. പിന്നീടു ലേലത്തില്‍ പോകാതിരുന്ന താരങ്ങളുടെ പട്ടിക നിരത്തിയപ്പോള്‍ ആദ്യം ഗെയ്‌ലിന്റെ പേരു വന്നു.

 

ഐപിഎല്ലില്‍ ഗെയ്ല്‍ നേടിയ അഞ്ചു സെഞ്ചുറിയെന്ന റെക്കോഡ് ഇപ്പോഴും ആരും തകര്‍ത്തിട്ടില്ല. ആകെ 101 മാച്ചുകളാണ് കളിച്ചത്. ഇതില്‍നിന്ന് 3626 റണ്‍സ് നേടി. ശരാശരി 41.20. പുനെ വാരിയേഴ്‌സിനെതിരേ നേടിയ 175 റണ്‍സ് എന്ന റെക്കോഡ് ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകളില്‍ ഒന്നാണ്.

 

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രംഗ്പുര്‍ റൈഡേഴ്‌സിനു വേണ്ടി 69 പന്തില്‍ 146 റണ്ണെടുത്താണ് ഗെയ്ല്‍ അടുത്തിടെ വാര്‍ത്തയായത്. ധാക്കാ ഡൈനാമൈറ്റ്‌സിനെതിരേ നടന്ന ഫൈനലിലെ സെഞ്ചുറി നേട്ടത്തോടെ ഗെയ്ല്‍ ട്വന്റി20 ക്രിക്കറ്റില്‍ 11,000 റണ്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി. രണ്ടാംസ്ഥാനക്കാരനായ ന്യൂസിലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലം (8526) ഏറെ പിന്നിലാണ്. ട്വന്റി20 യില്‍ 20 സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമാണ്. വിന്‍ഡീസിനു വേണ്ടി നേടിയ രണ്ട് സെഞ്ചുറികളും ഈ ഗണത്തിലുണ്ട്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ മാത്രം ഗെയ്ല്‍ 100 സിക്‌സറടിച്ചു.