ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടിക്കറ്റ് രജിസ്ട്രേഷനുകള്‍ക്കുള്ള നിയമങ്ങളില്‍ അടിമുടി മാറ്റംവരുത്തി റെയില്‍വേ. ഐആര്‍സിടിസി മുഖാന്തിരമുള്ള റിസര്‍വേഷനുകള്‍ക്കാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 2002ല്‍ ഈ സംവിധാനം ആരംഭിച്ചപ്പോള്‍ ദിവസം 29 ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്. ഇത് ലക്ഷങ്ങള്‍ കടന്നതോടെയാണ് www.irctc.co.in എന്ന സൈറ്റ് വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റങ്ങള്‍ വരുത്തിയത്.
ടിക്കറ്റുകളുടെ എണ്ണം വര്‍ധിച്ചതിന് അനുസരിച്ചു തട്ടിപ്പുകളും കൂടിയെന്നാണ് ഐആര്‍സിടിസിയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കു വേണ്ട പുതിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്. നിലവില്‍ രണ്ടു കോടി ആളുകളാണ് റെയില്‍വേ ഉപയോഗിക്കുന്നത്. നിലവില്‍ 120 ദിവസങ്ങള്‍ക്കു മുമ്പുവരെ ടിക്കറ്റ് ബുക്കിങ് നടത്താന്‍ യാത്രക്കാരനു കഴിയും. ഇതില്‍ ട്രെയിന്‍ യാത്ര ആരംഭിക്കുന്ന ഡേറ്റ് ഒരു പ്രശ്നമായിരുന്നില്ല. ഇക്കാര്യം റെയില്‍വേ മന്ത്രിതന്നെയായിരുന്നു അറിയിച്ചത്.
എന്നാല്‍, നിയമത്തില്‍ അല്പം മാറ്റം വരുത്തിയിരിക്കുകയാണ്. ഇതാണ് അവ.
1. ആറു ടിക്കറ്റുകള്‍ ഒറ്റ യൂസര്‍ ഐഡിയില്‍നിന്ന് ഒരുമാസം ബുക്ക് ചെയ്യാം. ഇത് ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് ആണെങ്കില്‍ 12 ടിക്കറ്റ് ബുക്ക് ചെയ്യാം. രാവിലെ എട്ടുമണിക്കും പത്തിനും ഇടയ്ക്ക് ഒരാള്‍ക്ക് ബുക്ക് ചെയ്യാവുന്ന ടിക്കറ്റിന്റെ എണ്ണം 2 ആയും പരിമിതപ്പെടുത്തി.
2. ക്വിക്ക് ബുക്ക് സര്‍വീസ് രാവിലെ എട്ടിനും ഉച്ചയ്ക്കു 12നും ഇടയില്‍ ലഭിക്കില്ല. ഈ സമയത്തിനിടെ ഒരിക്കല്‍ മാത്രമാകും ലോഗിന്‍ അനുവദിക്കുക. ഉപയോഗിക്കുന്നത് മനുഷ്യനാണെന്ന് ഉറപ്പാക്കാനുള്ള ‘കാപ്ച്’കോഡും യാത്രക്കാരുടെ വിവരങ്ങളും പേമെന്റ് വെബ്പേജും ഇതില്‍ കാണാം.
3. മാറ്റം വരുത്തിയതില്‍ കൂടുതല്‍ സുരക്ഷയ്ക്കുള്ള മാര്‍ഗങ്ങളും വരുത്തി. യൂസര്‍ നെയിം, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍, ചെക്ക് ബോക്സ് എന്നിങ്ങനെയുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കിയതിനു ശേഷം ഉപയോഗക്താവിന് ഒരു സെക്യൂരിറ്റി ചോദ്യത്തിന് ഉത്തരം നല്‍കേണ്ടിവരും.
4. ഏജന്റുകള്‍ക്കു രാവിലെ എട്ടിനും എട്ടരയ്ക്കും പത്തിനും പത്തരയ്ക്കും 11നും 1..30നും ഇടയില്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ച് ആദ്യ അരമണിക്കൂര്‍ സമയത്തേക്ക് ട്രാവല്‍ ഏജന്റുകള്‍ക്കു തല്ക്കാന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകില്ല.
5. ഓണ്‍ലൈന്‍ ബുക്കിങ്ങിന് സമയ നിയന്ത്രണവും ഏര്‍പ്പെടുത്തി. യാത്രക്കാരുടെ വിവരങ്ങള്‍ പൂരിപ്പിക്കാന്‍ 25 സെക്കന്‍ഡ് മാത്രമാണ് സമയം. ‘കാപ്ച’യ്ക്കും പേമെന്റിനുമായി അഞ്ചു സെക്കന്‍ഡ് വീതവും.
6. എന്നാല്‍, പേമെന്റിനായി 10 സെക്കന്‍ഡ് അനുവദിച്ചു. നെറ്റ്ബാങ്കിങ് വഴി പേമെന്റ് നടത്തുന്നവര്‍ക്കു മൊബൈലിലേക്ക് എത്തുന്ന വണ്‍ടൈം പാസ്വേഡ് (ഒടിപി) സംവിധാനവും കര്‍ശനമാക്കി.
7. തല്‍ക്കാല്‍ ടിക്കറ്റുകള്‍ യാത്രയ്ക്ക് ഒരു ദിവസം മുമ്പ് ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ ബര്‍ത്ത് റിസര്‍വേഷന്‍ എസി കോച്ചുകള്‍ക്ക് രാവിലെ പത്തുമുതലും സ്ലീപ്പര്‍ ബോഗികളില്‍ 11 മുതലും ആരംഭിക്കും.
8. ട്രെയിന്‍ പുറപ്പെടുന്നതിനു നിശ്ചിത സമയത്തിനും മൂന്നു മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ മാത്രമേ ട്രെയിന്‍ ടിക്കറ്റ് ചാര്‍ജും തല്‍ക്കാല്‍ ചാര്‍ജും മുഴുവന്‍ തുകയായി തിരിച്ചു കിട്ടൂ.
9. അതുപോലെ ട്രെയിന്‍ മറ്റൊരു റൂട്ടിലൂടെ വഴിതിരിച്ചു വിട്ടാലും പൂര്‍ണ തുകയും തിരികെ ആവശ്യപ്പെടാം.
10. ഒരു ക്ലാസില്‍നിന്നും താഴ്ന്ന ക്ലാസിലേക്കു മാറ്റിയാലും പൂര്‍ണ ടിക്കറ്റ് ചാര്‍ജ് തിരികെ ആവശ്യപ്പെടാം. അതുപോലെ ലോവര്‍ ക്ലാസില്‍ യാത്ര ചെയ്യാന്‍ തയാറായാല്‍ നിശ്ചിത ചാര്‍ജ് മാത്രം ഈടാക്കി ബാക്കി തുക തിരികെ ലഭിക്കും.