കാത്ത്‌വ കേസില്‍ വിചാരണ ഇന്നു തുടങ്ങും; ഉന്നതരില്‍ നിന്ന് ഭീഷണിയെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക; ‘നടക്കുന്നത് നിശബ്ദയാക്കാനുള്ള നീക്കങ്ങള്‍’

Date : April 16th, 2018

കാത്ത്‌വ പീഡന കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. രണ്ടു പൊലീസുകാര്‍ അടക്കം എട്ടു പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയുടെ വിചാരണ ബാലാവകാശ നിയമപ്രകാരം പിന്നീട് നടക്കും. ബാക്കിയുള്ള ഏഴു പ്രതികള്‍ക്കെതിരെയുള്ള വിചാരണയാണ് സെഷന്‍സ് കോടതിയില്‍ നടക്കുക.

 

രാഷ്ട്രീയ സ്വാധീനം ഉണ്ടാവനിടയുള്ളതിനാല്‍ വിചാരണ സംസ്ഥാനത്തിന് പുറത്തു നടത്തണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവര്‍ത്തിച്ചു വ്യക്തമാക്കി.

 

തന്റെ ജീവന് ഭീഷണിയുള്ളതായി കാത്ത്‌വ പീഢനക്കേസില്‍ പെണ്‍കുട്ടിക്കായി ഹാജരാകുന്ന അഭിഭാഷക ദീപിക രാജ്‌വത് പറഞ്ഞു. ഇക്കാര്യം ഇന്ന് സുപ്രീംകോടതിയില്‍ അറിയിക്കും. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ദീപിക ആരോപിച്ചു.

 

നേരത്തേ, കേസിന്റെ വിചാരണ കശ്മീരില്‍നിന്ന് മാറ്റണമെന്നു പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു. കേസില്‍ രാഷ്ട്രീയഇടപെടല്‍ ശക്തമായ സാഹചര്യത്തിലാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

 

പൊലീസുകാരടക്കമുള്ളവരെ പ്രതിചേര്‍ത്തതിനെതിരെ ഹിന്ദു ഏക്താ മഞ്ച് നടത്തിയ മാര്‍ച്ചില്‍ ബിജെപി മന്ത്രിമാരായിരുന്ന ചന്ദ്രപ്രകാശ് ഗംഗയും ലാല്‍ സിങ്ങും പങ്കെടുത്തത് വന്‍ വിവാദമായിരുന്നു. പാര്‍ട്ടി പറഞ്ഞത് പ്രകാരമാണ് ആ മാര്‍ച്ചില്‍ പങ്കെടുത്തതെന്ന മന്ത്രിമാരുടെ വെളിപ്പെടുത്തലും വിവാദത്തിന് എരിവേറ്റി. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബവും പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെടുകയും ചെയ്തു.

 

എന്നാല്‍, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കേവലം എട്ടുവയസുമാത്രമുള്ള പെണ്‍കുട്ടിയെ മൂന്ന് തവണയാണ് കൂട്ടമാനഭംഗത്തിനിരയാക്കിയത്. സംരക്ഷണം നല്‍കേണ്ട രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന ആറംഗസംഘമാണ് കുട്ടിയെ പീഡിപ്പിച്ചത്. പീഡിപ്പിക്കുന്നതിന് മുന്‍പ് കുഞ്ഞിനെ മയക്കുമരുന്നു കുത്തിവച്ചിരുന്നു. അതിന് ശേഷം പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയെ പിന്നീട് ക്ഷേത്രത്തിനുള്ളിലെ ദേവസ്ഥാനത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചില പൂജകള്‍ നടത്തി.

 

പിന്നീട് കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചു. തലക്കടിച്ചുകൊല്ലുന്നതിന് മുന്‍പ് പൊലീസുകാരന്‍ വീണ്ടും കുട്ടിയെ പീഡിപ്പിച്ചു. ഇത്തരത്തിലാണ് 18 പേജുള്ള പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണത്തെക്കുറിച്ച് പറയുന്നത്. ജമ്മു കശ്മീരിലെ കഠ്‌വയിലെ രസന എന്ന ഗ്രാമത്തിലാണ് ഈ കൊടുംക്രൂരത നടന്നത്.