നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അട്ടിമറിച്ചത് രാഷ്ട്രീയ യൂണിയന്‍ പ്രതിനിധികള്‍; നടന്നതു വന്‍ ഗൂഢാലോചന; മാന്യമായ വേതനത്തിനായി വീണ്ടും ‘മാലാഖ’മാര്‍ സമരത്തിലേക്ക്

Date : April 16th, 2018

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ അനിശ്ചിതകാല സമരം തുടങ്ങും. സുപ്രീംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ തയാറാക്കിയ കരടു വിജ്ഞാപനമനുസരിച്ചുള്ള ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്നു മുതല്‍ ധര്‍ണയിരിക്കുന്ന നഴ്‌സുമാര്‍ ഇരുപത്തിനാലുമുതല്‍ സമ്പൂര്‍ണ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കരട് വിജ്ഞാപനത്തിനേക്കാള്‍ അലവന്‍സുകളില്‍ കുറവു വരുത്തണമെന്ന മിനിമം വേതന ഉപദേശക സമിതിയുടെ നിലപാടിനോടാണ് നഴ്‌സുമാരുടെ പ്രതിഷധം. മിനിമം വേതനം ഇരുപതിനായിരം രൂപ ഉറപ്പു വരുത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്കിയിരുന്നു.

 

 

നേരത്തേ, മിനിമം വേജസ് അഡൈ്വസറി യോഗത്തില്‍ വിഷയങ്ങളില്‍ എതിര്‍പ്പുണ്ടായതിനാല്‍ തീരുമാനം സര്‍ക്കാരിനു വിട്ടിരുന്നു. നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപ എന്നത് സംരക്ഷിക്കുമെന്നു ശമ്പളം നിശ്ചയിക്കാന്‍ നിയോഗിക്കപ്പെട്ട മിനിമം വേതന കമ്മിറ്റി വ്യക്തമാക്കി. സുപ്രീകോടതിയും സര്‍ക്കാരും നിശ്ചയിച്ചതില്‍ മാറ്റം ഉണ്ടാവില്ലെന്ന് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഗുരുദാസന്‍ പറഞ്ഞു. എന്നാല്‍ കരടു നിര്‍ദേശത്തില്‍ അലവന്‍സ് സംബന്ധിച്ച വിഷയങ്ങളില്‍ തങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് യുെണെറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ.) ആരോപിച്ചു.

 

 

കമ്മിറ്റിയുടെ ശിപാര്‍ശയില്‍ അവ്യക്തതയുള്ളതിനാല്‍ പ്രഖ്യാപിച്ച സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നും കൂടാതെ 16 മുതല്‍ സെക്രട്ടേറിയറ്റ് പടിയ്ക്കല്‍ സമരം നടത്തുമെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. 24-നുള്ളില്‍ കരട് വിജ്ഞാപനം തിരുത്തിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 50 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളെ മൂന്നു തട്ടുകളാക്കി അലവന്‍സ് നല്‍കുമെന്ന സര്‍ക്കാരിന്റെ കരട് നിര്‍ദേശത്തിലാണ് വേതന ഉപദേശകസമിതിയില്‍ തര്‍ക്കമുണ്ടായതെന്നാണു വിവരം.

 

 

അലവന്‍സ് ലഭിക്കാനുള്ള കുറഞ്ഞ കിടക്കകളുടെ എണ്ണം 50 ല്‍ നിന്ന് കൂട്ടിയാല്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക് പോകുമെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചിരുന്നു. എന്നാല്‍ അലവന്‍സ് ലഭിക്കാനുള്ള കുറഞ്ഞ പരിധി 100 കിടക്കകളായി കൂട്ടാനും അതിനു മുകളിലുള്ള ആശുപത്രികളെ കിടക്കകളുടെ എണ്ണം അനുസരിച്ച് ആറു തട്ടുകളായി തിരിക്കാനുമുള്ള ശിപാര്‍ശ അടങ്ങുന്ന റിപ്പോര്‍ട്ടാണ് അന്തിമ തീരുമാനത്തിനായി സര്‍ക്കാരിന് വിട്ടത്.

 

 

അതേസമയം, ആശുപത്രി മാനേജുമെന്റുകള്‍ തൊഴിലാളി യൂണിയന്‍ നേതാക്കളെ സ്വാധീനിച്ച് നഴ്‌സുമാരുടെ അവകാശസമരത്തെ തളര്‍ത്താന്‍ ശ്രമിക്കുന്നെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്തു മിനിമം വേജസ് സംബന്ധിച്ചു തീരുമാനിക്കാന്‍ ചേര്‍ന്ന യോഗം മാനേജുമെന്റ് അനുകൂല സമീപനത്തിനു മുന്‍തൂക്കം നല്‍കിയെന്നു ചൂണ്ടിക്കാട്ടുന്നു. സ്റ്റാറ്റിയൂട്ടറി അധികാരങ്ങളുള്ള മിനിമം വേജസ് ഉപദേശകസമിതി തീരുമാനമെടുക്കാതെ വീണ്ടും സര്‍ക്കാരിലേക്കു വിഷയം വഴിതിരിച്ചുവിടുകയാണുണ്ടായത്. നഴ്‌സുമാരുടെ വേതനം സംബന്ധിച്ചു മാനേജുമെന്റുകള്‍ക്കു മാത്രമാണു പരാതി. പി.കെ. ഗുരുദാസന്‍ അധ്യക്ഷനായ സമിതി അതിനു വലിയ പ്രാധാന്യം നല്‍കിയെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

 

 

അലവന്‍സുകള്‍ വെട്ടിക്കുറയ്ക്കാന്‍ മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നെന്നാണ് ആക്ഷേപം. നഴ്‌സുമാര്‍ക്കു പ്രഖ്യാപിച്ച അലവന്‍സുകള്‍ നിഷേധിക്കുന്ന പുതിയ വിജ്ഞാപനവുമിറക്കി. ഇതിനു പിന്നില്‍ കടുത്ത സമ്മര്‍ദമുണ്ടായി. കരടുവിജ്ഞാപനം റദ്ദാക്കാന്‍ ആശുപത്രി മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. ഇതോടെ കരടുവിജ്ഞാപനം നടപ്പാക്കാന്‍ സര്‍ക്കാരിനു പൂര്‍ണസൗകര്യമാണു ലഭിച്ചത്.

 

 

50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 20,560 നൂറുവരെ 22,500 രൂപ എന്നിങ്ങനെയാണ് കരടു വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. ഇതു തിരുത്തി നൂറു കിടക്കവരെ 20,000 രൂപ നല്‍കിയാല്‍ മതിയെന്നു പറഞ്ഞ് നഴ്‌സുമാരെ അവഗണിക്കുകയാണുണ്ടായതെന്ന് യു.എന്‍.എ നേതാക്കള്‍ പറയുന്നു. മിനിമം വേജസ് കമ്മിറ്റി ആയിരക്കണക്കിനു നഴ്‌സുമാരെ ചൂഷണത്തിലേക്കു തള്ളിവിടുന്ന തിരുത്തലുകള്‍ എന്തിനു വരുത്തിയെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാരുടെ സംഘടനകള്‍ ട്രേഡ്‌യൂണിയന്‍ നേതൃത്വത്തിനു കത്തു നല്‍കാനിരിക്കുകയാണ്. യൂണിയന്‍ പ്രതിനിധികളാണ് മിനിമം വേജസ് കമ്മിറ്റിയിലുള്ളത്.