ക്യാപ്റ്റന്‍ ധോണി മുന്നില്‍ നിന്ന് നയിച്ചിട്ടും കിംഗ്സ് ഇലവന് പഞ്ചാബിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോല്‍വി. മൊഹാലിയില്‍ നടന്ന ആവേശ പോരാട്ടത്തില്‍ 4 റണ്‍സിനാണ് അശ്വിന്റെ പഞ്ചാബിപ്പട ജയിച്ചു കയറിയത്. ഒറ്റയാള്‍ പോരാട്ടം നടത്തിയ ധോണി മുന്നില്‍ നിന്നു നയിച്ചെങ്കിലും അമ്പാട്ടി റായ്ഡു ഒഴികെ മറ്റാരു കാര്യമായ പിന്തുണ നല്‍കിയില്ല. ഡ്വെയ്ന്‍ ബ്രാവോയ്ക്കു മുമ്പേ രവീന്ദ്ര ജഡേജയെ ബാറ്റിംഗിനിറക്കിയതും തോല്‍വിക്ക് കാരണമായി. 43 പന്തില്‍ 74 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നു. സ്കോര്‍ പഞ്ചാബ് 197-7, ചെന്നൈ 193-5
ചെന്നൈയുടെ മറുപടി ബാറ്റിംഗില്‍ തുടക്കം മുതല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ പഞ്ചാബ് വിജയിച്ചു. കഴിഞ്ഞ് കളികളില്‍ മികച്ച തുടക്കം നല്കിയ ഷെയ്ന് വാട്സണ് 11 റണ്‍സെടുത്തു തുടക്കത്തിലെ മടങ്ങി. മുരളി വിജയും അമ്പാട്ടി റായ്ഡുവും ചെന്നൈയെ മുന്നോട്ടു നയിക്കുന്നതിനിടെ ആന്‍ഡ്രു ടൈ വില്ലനായെത്തി. ബരിന്ദ്രര്‍ സ്രാനിന്റെ കൈകളില്‍ വിജയിനെ (12) ഏല്പിച്ച് രണ്ടാമത്തെ പ്രഹരവും നല്കി. കഴിഞ്ഞ കളിയിലെ സ്റ്റാര്‍ സാം ബില്ലിംഗ്സ് (9) വന്നതുപോലെ മടങ്ങിയതോടെ ചെന്നൈ മൂന്നിന് 56 റണ്‍സെന്ന നിലയിലായി.
കൃത്യമായ പ്ലാനിംഗോടെ പന്തെറിഞ്ഞ പഞ്ചാബ് ബൗളര്‍മാര്‍ ചെന്നൈയെ നിലയ്ക്കു നിര്‍ത്തുന്നതില്‍ വിജയിച്ചു. ഇതോടെ റണ്ണൊഴുക്കും കുറഞ്ഞു. റായ്ഡുവിനൊപ്പം ചേര്‍ന്ന ധോണി ചെന്നൈയെ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് റണ്ണൗട്ട് വില്ലനാകുന്നത്. നന്നായി കളിച്ച റായ്ഡു (49) പുറത്ത്. കളിയിലെ ടേണിംഗ് പോയിന്റെന്നു വിശേഷിപ്പിക്കാവുന്ന നിമിഷം. ധോണി ആക്രമിച്ചു കളിച്ചെങ്കിലും എടുക്കേണ്ട റണ്‍നിരക്ക് ഉയര്‍ന്നതോടെ ചെന്നൈയുടെ പിടി അയഞ്ഞു. അവസാന രണ്ടോവറില്‍ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത് 36 റണ്‍സ്. ധോണി ഫോമിലേക്ക് ഉയര്‍ന്നെങ്കിലും അവസാന ചിരി പഞ്ചാബിന്റേതായി. 35 പന്തിലാണ് ധോണി അര്‍ധസെഞ്ചുറി തികച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ഫോമിലുള്ള ലോകേഷ് രാഹലും സീസണിലെ ആദ്യ മത്സരം കളിക്കുന്ന ക്രിസ് ഗെയ്ലും ചെന്നൈ ബൗളര്‍മാരെ തലങ്ങു വിലങ്ങും ഓടിച്ചു. തുടക്കത്തില്‍ സൗമ്യതയോടെ നിലയുറപ്പിച്ച ഗെയ്ല് ആദ്യ മൂന്നോവര്‍ പിന്നിട്ടശേഷമായിരുന്നു യഥാര്‍ഥ രൂപം വീണ്ടെടുത്തത്. സ്പിന്നര്‍മാരെയും പേസര്‍മാരെയും കടന്നാക്രമിച്ച് ഗെയ്ല് മുന്നേറിയതോടെ രാഹുല്‍ കാഴ്ച്ചക്കാരനായി. എട്ടാമത്തെ ഓവറില്‍ ഹര്ഭജന് സിംഗിന്റെ പന്തില്‍ ബ്രാവോ പിടിച്ചു രാഹുല്‍ പുറത്താകുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 96 റണ്‍സ്. 22 പന്തില്‍ 37 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം.
പന്ത്രണ്ടാം ഓവറില്‍ ഗെയ്ലിനെയും പഞ്ചാബിന് നഷ്ടമായി. 33 പന്തില്‍ നാലു കൂറ്റന്‍ സിക്സറുകളും ഏഴു ബൗണ്ടറിയും അടക്കം 63 റണ്‍സാണ് കരീബിയന്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഗെയ്ല് വീണതോടെ സ്കോറിംഗ് കുറയുമെന്ന് കരുതിയെങ്കിലും മയങ്ക് അഗര്‍വാള്‍ ഒരറ്റത്ത് കടന്നാക്രമണം തുടങ്ങിയതോടെ ചെന്നൈ വീണ്ടും ബാക്ഫുട്ടിലായി. മികച്ച രീതിയില്‍ ബാറ്റുചെയ്ത അഗര്‍വാളിനെ (30) പതിനഞ്ചാം ഓവറില്‍ ഇമ്രാന് താഹിര്‍ വീഴ്ത്തി. അവസാന ഓവറുകളില്‍ കരുണ്‍ നായരും ആര്. അശ്വിനും ഒത്തുചേര്‍ന്നതോടെ പഞ്ചാബ് മികച്ച സ്കോറിലെത്തി.