‘മോഡി, താങ്കള്‍ ഇന്ത്യയെ ഭീതിയുടെ രാഷ്ട്രമാക്കി മാറ്റി, ഇത് ഇന്ത്യയുടെ കറുത്ത ദിനങ്ങള്‍; നാം മുങ്ങുന്നത് മലിനമായ ആഴങ്ങളിലേക്ക്’; പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി വിരമിച്ച ഉദ്യോഗസ്ഥര്‍

Date : April 16th, 2018

ന്യൂഡല്‍ഹി: ഉന്നാവോ, കാത്തുവ സംഭവങ്ങളില്‍ രാജ്യം കത്തുന്ന പ്രതിഷേധങ്ങളിലേക്കു നീങ്ങുന്നതിനിടെ പ്രധാനമന്ത്രി മോഡിക്കു തുറന്ന കത്തുമായി വിരമിച്ച ഉന്നത സര്‍ക്കാര്‍ ജീവനക്കാര്‍ രംഗത്ത്. 49 പേര്‍ ചേര്‍ന്നാണ് മോഡിയെ പ്രതിക്കൂട്ടിലാക്കുന്ന കത്തു പുറത്തുവിട്ടത്. താങ്കള്‍ ഇന്ത്യയെ ഭീതിയുടെ രാഷ്ട്രമായി മാറ്റിയെന്ന് അവര്‍ ആരോപിച്ചു. ജനങ്ങള്‍ക്കുവേണ്ടി ചെയ്യേണ്ട അടിസ്ഥാനപരമായ ഉത്തരവാദിത്വങ്ങളില്‍നിന്നും സര്‍ക്കാര്‍ വിട്ടുനില്‍ക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനമാണു കത്തില്‍ ഉന്നയിരിച്ചിരിക്കുന്നത്.’

 

നമ്മുടെ ഭരണഘടനയിലെ പരിപാവനമായ മൂല്യങ്ങളായ മതനിരപേക്ഷ, ജനാധിപത്യ, ഉദാരബോധ്യങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും എട്ടുവയസുകാരി പെണ്‍കുട്ടിയോടുള്ള മൃഗതൃഷ്ണയും പ്രാകൃതത്വവും നമ്മള്‍ മുങ്ങിപ്പോകുന്ന മലിനമായ ആഴങ്ങളാണ് ചൂണ്ടിക്കാട്ടുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ത്യയുടെ കറുത്ത ദിനങ്ങളാണിത്. ഇതിന് ഉത്തരവാദികള്‍ ഈ സര്‍ക്കാരും അസമര്‍ഥരായ രാഷ്ട്രീയ നേതാക്കളുമാണ്.

 

 

നിലവിലെ ഉന്നത ജീവനക്കാരെയും വിമര്‍ശനങ്ങില്‍നിന്ന് ഒഴിവാക്കുന്നതില്ല. അവര്‍ അവരുടെ ഡ്യൂട്ടി നിര്‍വഹിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടെന്നും കത്തില്‍ പറയുന്നു. കശ്മീരില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ രാജ്യമാകെ പ്രതിഷേധം ഇരമ്പുകയാണ്. മെഴുകുതിരികളും പ്ലക്കാര്‍ഡുകളുമായി ആയിരങ്ങളാണ് വിവിധ തെരുവുകളില്‍ ഒന്നിച്ചത്. ഡല്‍ഹി, മുംബൈ, ബംഗളുരു, തിരുവനന്തപുരം, ഗോവ, അജ്മീര്‍, ഭോപ്പാല്‍, ഛണ്ഡിഗഡ്, വിവിധ ക്യാമ്പകളുകള്‍ എന്നിവിടങ്ങളിലെല്ലാം നടന്നു.

 

നാടോടി/ഗോത്ര മുസ്ലിം വിഭാഗത്തിലെ പെണ്‍കുട്ടിയാണ് അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായത്. ജനുവരി പത്തിനാണു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്നുള്ള ആഴ്ചകളില്‍ മയക്കുമരുന്നു നല്‍കി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഹിന്ദുക്കള്‍ താമസിക്കുന്ന മേഖലകളില്‍നിന്നും മുസ്ലിംകള്‍ ഒഴിഞ്ഞു പോകണം എന്നതിനുള്ള മുന്നറിയിപ്പായിട്ടായിരുന്നു ചോരമരവിക്കുന്ന ഈ ക്രൂരത.

 

 

എന്നാല്‍, പ്രതികള്‍ക്കുവേണ്ടിയും ഉന്നതര്‍ രംഗത്തുവന്നു. അഭിഭാഷകരും ബാര്‍ അസോസിയേഷനും ബിജെപി മന്ത്രിമാരും പ്രതികളെ പിന്തുണച്ചു. അവര്‍ അനിശ്ചിതകാല സമരവും നടത്തി. ഇപ്പോള്‍ 12-ാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ് പ്രതികള്‍ക്കുവേണ്ടിയുള്ള സമരം. മോഡി ആക്രമണത്തെ അപലപിച്ചപ്പോള്‍ മാത്രമാണ് ബിജെപി മന്ത്രിമാര്‍ രാജിവച്ച തുപോലും.

 

 

കഴിഞ്ഞ ഞായറാഴ്ചയാണ് ഉന്നാവോ പീഡനക്കേസിലെ ഇരയും പതിനാറുകാരിയുമായ പെണ്‍കുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ചത്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗറെ കേസില്‍ അറസ്റ്റ് ചെയ്തതും ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ്. തിങ്കളാഴ്ച പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കൊല്ലപ്പെടുകയും ചെയ്തു. കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനായിരുന്നു കസ്റ്റഡി മരണം ‘വിധിച്ചത്’.

 

 

ഇക്കാര്യങ്ങളെല്ലാം എണ്ണിയെണ്ണി ചൂണ്ടിക്കാട്ടിയാണ് കത്തു തുടരുന്നത്. നിലല്‍പ്പിന്റെ പ്രതിസന്ധിയാണ് ഇവിടുത്തെ പ്രധാനകാര്യമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വെറുപ്പിന്റെ പേരിലുള്ള കൊലകള്‍ അവസാനിപ്പിക്കണമെന്നും മുസ്ലിംകള്‍ക്കും ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം സംരക്ഷണം നല്‍കണമെന്നും കാത്തുവ, ഉന്നാവോ സംഭവങ്ങളിലെ ഇരകളുടെ വീട്ടില്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കണമെന്നും അവരോടു മാപ്പപേക്ഷിക്കണമെന്നും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അതിവേഗ കോടതിയില്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.