വയറിനേറ്റ തുടര്‍ച്ചയായ മര്‍ദനം മരണകാരണം; പഴുപ്പു മാരകമായി പടര്‍ന്നു; ശ്രീജിത്തിന്റെ ചികിത്സാ റിപ്പോര്‍ട്ട്; സ്‌റ്റേഷനില്‍ നിന്നുള്ള മൊബൈല്‍ ദൃശ്യങ്ങളും വെളിയില്‍

Date : April 16th, 2018

വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് മര്‍ദനത്തില്‍ മരിച്ച സംഭവത്തില്‍, ശ്രീജിത്തിന്റെ മരണം സംഭവിച്ച ആശുപത്രിയിലെ ചികില്‍സാ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. വയറിനേറ്റ തുടര്‍ച്ചയായ മര്‍ദനമാണ് മരണകാരണമായതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ തീര്‍ത്തും അവശനിലയിലായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ ശ്രീജിത്തിന്റെ രക്തസമ്മര്‍ദ്ദം വളരെ താഴ്ന്ന നിലയിലായിരുന്നു. ഏതാണ്ട് 80-60 ആയിരുന്നു അപ്പോഴത്തെ രക്തസമ്മര്‍ദ്ദം.

 

ഹൃദയമിടിപ്പ് ഏറിയ തോതിലായിരുന്നു. അവയവങ്ങളെല്ലാം ഏതാണ്ട് പ്രവര്‍ത്തനരഹിതമായ അവസ്ഥയിലേക്ക് എത്തിയിരുന്നു. വയറിനുള്ളില്‍ നിരവധി മുറിപ്പാടുകളുണ്ടായിരുന്നു. വയറിനുള്ളില്‍ പഴുപ്പ് ബാധിച്ചിരുന്നു. ഈ പഴുപ്പ് മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്നതാണ് അവസ്ഥ കൂടുതല്‍ ഗുരുതരമാക്കിയിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

ആശുപത്രി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം ഫോറന്‍സിക് വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചു. നേരെ നിര്‍ത്തി വയറില്‍ തുടര്‍ച്ചയായി മര്‍ദിക്കുക, അല്ലെങ്കില്‍ കിടത്തി വയറില്‍ ചവിട്ടുകയോ, ഇടിക്കുകയോ ചെയ്തതുകൊണ്ടാണ് ഇത്തരത്തില്‍ പരുക്കേറ്റിട്ടുള്ളതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ട് . ചെറുകുടലിന്റെ മുകള്‍ഭാഗം ഏതാണ്ട് പൊട്ടിപ്പോയിട്ടുണ്ട്. അത് ഈ ഭാഗത്ത് തുടര്‍ച്ചയായി മര്‍ദനമേറ്റിരുന്നു എന്നതിന് തെളിവാണ്.

 

ഒന്നുകില്‍ ഒരാള്‍ ബലം പ്രയോഗിച്ച് പിടിച്ചുനിര്‍ത്തിയോ, അല്ലെങ്കില്‍ ബന്ധിതനാക്കിയോ ആകാം മര്‍ദനം നടന്നിരിക്കുകയെന്ന് വിദഗ്ധര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായി ഒരു സ്ഥലത്ത് മര്‍ദിച്ചാല്‍ പ്രതിരോധിക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ഒരു സ്ഥലത്തുതന്നെ ഏറെ തവണ മര്‍ദിച്ചു എന്നത് ലോക്കപ്പില്‍ വെച്ച് ബന്ധനസ്ഥനാക്കി മര്‍ദിച്ചതാകാമെന്നാണ് സൂചിപ്പിക്കുന്നതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പ്രത്യേക അന്വേഷണസംഘത്തിന് റിപ്പോര്‍ട്ട് നല്‍കി.

 

നേരത്തെ ശ്രീജിത്തിനെ വരാപ്പുഴ സ്റ്റേഷനിലെത്തിച്ചതിന് ശേഷമുള്ള മൊബൈല്‍ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. അതില്‍ കാര്യമായ മര്‍ദനം ഏറ്റ ലക്ഷണമില്ല. മാത്രമല്ല അവധിയിലായിരുന്ന എസ്‌ഐ ദീപക് അന്നു രാത്രി ഒന്നരയോടെ സ്‌റ്റേഷനിലെത്തിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ക്രമസമാധാനവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്താന്‍ സിഐ, ഡിവൈഎസ്പി എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് താന്‍ രാത്രി തന്നെ സ്റ്റേഷനിലെത്തിയതെന്നാണ് എസ്‌ഐ ദീപക്കിന്റെ വിശദീകരണം.

 

സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലുള്ള എസ്‌ഐ, സിഐ ക്രിസ്പിന്‍സാം, അന്ന് മുനമ്പം സ്റ്റേഷനിലെ വാഹനം ഓടിച്ചിരുന്ന പൊലീസുകാരന്‍ എന്നിവരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. പുതുതായി ലഭിച്ച ശാസ്ത്രീയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായി തന്നെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതോടെ കസ്റ്റഡി മരണത്തിലെ പ്രതികളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.